'ഗര്‍ഭിണികള്‍ക്ക് പ്രസവം കഴിഞ്ഞ് നിയമനം': വിവാദ ഉത്തരവ് പിന്‍വലിച്ച് എസ്ബിഐ

'ഗര്‍ഭിണികള്‍ക്ക് പ്രസവം കഴിഞ്ഞ് നിയമനം': വിവാദ ഉത്തരവ് പിന്‍വലിച്ച് എസ്ബിഐ

ന്യൂഡല്‍ഹി: മൂന്ന് മാസത്തിന് മുകളില്‍ ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കുന്നതില്‍ താത്കാലിക വിലക്കേര്‍പ്പെടുത്തിയ വിവാദ ഉത്തരവ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) പിന്‍വലിച്ചു.

പൊതുവികാരം പരിഗണിച്ച് ഗര്‍ഭിണികളായ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കുന്നതുമായി ബന്ധപ്പെട്ട പുതിയ സര്‍ക്കുലര്‍ പിന്‍വലിക്കാനും നിലവിലുള്ള മാനദണ്ഡങ്ങള്‍ തുടരാനും തീരുമാനിച്ചതായി എസ്.ബി.ഐ വ്യക്തമാക്കി.

ഗര്‍ഭിണികളെ ജോലിക്കെടുക്കേണ്ടതില്ലെന്ന് തീരുമാനം വിവാദമാവുകയും ഡല്‍ഹി വനിത കമ്മീഷന്‍ വിഷയത്തിലിടപെടുകയും ചെയ്ത സാഹചര്യത്തിലാണ് എസ്.ബി.ഐ സര്‍ക്കുലര്‍ പിന്‍വലിക്കാന്‍ തയ്യാറായത്.

ഗര്‍ഭിണികളായി മൂന്നുമാസമോ അതിലേറെയോ ആയ ഉദ്യോഗാര്‍ഥി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ പ്രസവിച്ച് നാലുമാസമാകുമ്പോള്‍ മാത്രമേ നിയമനം നല്‍കാവൂവെന്ന് നിര്‍ദേശിക്കുന്നതായിരുന്നു ചീഫ് ജനറല്‍ മാനേജര്‍ മേഖലാ ജനറല്‍ മാനേജര്‍മാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.

വിഷയത്തില്‍ ഇടപെട്ട ഡല്‍ഹി വനിത കമ്മീഷന്‍ ബാങ്കിന്റെ നടപടി വിവേചനപരവും നിയമവിരുദ്ധവുമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. എസ്.ബി.ഐ. തീരുമാനം തുല്യാവകാശത്തിന്റെ നിഷേധമാണെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

എസ്.ബി.ഐയില്‍ എഴുത്തുപരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെട്ട എല്ലാവരെയും ആരോഗ്യപരിശോധന നടത്തിയ ശേഷമാണ് നിയമനപ്പട്ടിക തയ്യാറാക്കുന്നത്. ബാങ്കില്‍ ക്ലറിക്കല്‍ കേഡറിലേക്ക് ഏറ്റവും കൂടുതല്‍ റിക്രൂട്ട്മെന്റ് നടന്ന 2009 ല്‍ നിയമനം സംബന്ധിച്ച് വിജ്ഞാപനം വന്നപ്പോഴാണ് ഗര്‍ഭിണികളെ നിയമിക്കില്ലെന്ന വ്യവസ്ഥ വിവാദമായത്.

പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ആറുമാസമോ അതിലേറെയോ കാലം ഗര്‍ഭമുള്ളവരുടെ നിയമനം പ്രസവാനന്തരമാക്കും എന്ന് ഭേദഗതി വരുത്തുകയും ചെയ്തിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.