ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ രണ്ടിടങ്ങളില്‍ നടന്ന ഏറ്റുമുട്ടലുകളിലായി അഞ്ച് ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ രണ്ട് പേര്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരും മൂന്നുപേര്‍ കഴിഞ്ഞദിവസങ്ങളില്‍ കാശ്മീരില്‍ നാട്ടുകാരെ വെടിവച്ച് കൊലപ്പെടുത്തിയ ദ റെസിസ്റ്റന്റ് ഫ്രണ്ട് (ടി.ആര്‍.എഫ്) സംഘടനയില്‍പ്പെട്ടവരുമാണ്. ഇവരുടെ കൈവശമുണ്ടായിരുന്ന നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം പിടിച്ചെടുത്തു.
തിങ്കളാഴ്ച രാത്രി തുടങ്ങിയ ഏറ്റുമുട്ടല്‍ ഇന്നലെ രാത്രി വൈകിയും തുടര്‍ന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ഭീകര വിരുദ്ധ ഓപ്പറേഷനില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഏഴായി. ഏറ്റുമുട്ടലിനിടെയുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ഇരുനില കെട്ടിടങ്ങള്‍ പാടെ തകര്‍ന്നു. ഷോപ്പിയാനിലെ തുള്‍റാന്‍ മേഖലയില്‍ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിടെയാണ് മൂന്ന് ഭീകരരെ വധിച്ചത്.
ഭീകരര്‍ ഒളിച്ചിരുന്ന ഇരുനില കെട്ടിടം വളഞ്ഞ സേന കീഴടങ്ങാന്‍ പലതവണ ആവശ്യപ്പെട്ടെങ്കിലും അവര്‍ വഴങ്ങിയില്ല. തുടര്‍ന്ന് കെട്ടിടം സ്ഫോടനത്തില്‍ തകര്‍ത്ത് ഭീകരരെ വെടിവയ്ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരിലൊരാള്‍ ഗന്ധര്‍ബാലിലെ മുഖ്താര്‍ ഷാ എന്നയാളാണ്. കഴിഞ്ഞയാഴ്ച ഷോപ്പിയാനില്‍ തെരുവു കച്ചവടക്കാരനായ വീരേന്ദ്ര പസ്വാനെ കൊലപ്പെടുത്തിയ ശേഷമാണിയാള്‍ ഷോപ്പിയാനിലേക്ക് വന്നതെന്ന് പൊലീസ് പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.