ഐ.പി.സി അവാര്‍ഡ് ജോമി മാത്യുവിന്

ഐ.പി.സി അവാര്‍ഡ് ജോമി മാത്യുവിന്

ന്യൂഡല്‍ഹി: 2020-ലെ മികച്ച കുരുമുളക് കര്‍ഷകനുള്ള അന്താരാഷ്ട്ര കുരുമുളക് സമൂഹത്തിന്റെ (IPC ) അവാര്‍ഡ് ജോമി മാത്യുവിന്. മലേഷ്യയില്‍ നിന്നുള്ള നഗരാന്തര്‍ ആനക് ഗാലു, വിയറ്റ്‌നാമില്‍ നിന്നുള്ള നുഗിയന്‍ തിന്‍തു എന്നിവരാണ് മറ്റു രാജ്യങ്ങളില്‍ നിന്നുള്ള പുരസ്‌കാര ജേതാക്കള്‍. ഇന്റര്‍നാഷണല്‍ പെപ്പര്‍ കമ്മ്യൂണിറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫിര്‍നാ അമ്പൂറ ഏകപുത്രി മറസൂക്കിയാണ് ജക്കാര്‍ത്തയില്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.

ഇന്തോനേഷ്യയിലെ ജക്കാര്‍ത്ത ആസ്ഥാനമായുള്ള International Pepper Community, UN-ESCAPന്റെ കീഴിലുള്ള കുരുമുളക് ഉത്പാദക രാജ്യങ്ങളുടെ സംഘടനയാണ്. 49-ാം സമ്മേളനത്തില്‍ വെച്ച് അവാര്‍ഡ് സമ്മാനിക്കും.

പ്രമുഖ പ്ലാന്ററും കര്‍ഷകനേതാവും കാര്‍ഷിക ഗവേഷകനുമായ ജോമി മാത്യു ഫ്രൂട്‌സ് വാലി ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറാണ്. ഇന്ത്യന്‍ സ്പൈസസ് ബോര്‍ഡിന്റെയും റബ്ബര്‍ ബോര്‍ഡിന്റെയും റിസോഴ്‌സ് പേഴ്‌സണല്‍ കൂടിയായ ജോമി കര്‍ണാടകയിലെ ശരാവതി റബര്‍ പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റിയുടെ സ്ഥാപക പ്രസിഡന്റ് ആണ്. ജോമി മാത്യുവിന്റെ ഷിമോഗയിലെ കുരുമുളക് തോട്ടം, ബാഗല്‍കോട് യൂണിവേഴ്‌സിറ്റി ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ സയന്‍സിന്റെ ഗവേഷണകേന്ദ്രം കൂടിയാണ്. കേരളത്തില്‍നിന്നുള്ള ഒരു കര്‍ഷകന് ഈ പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായിട്ടാണ്. എറണാകുളം പോത്താനിക്കാട് ചെറുകാട്ട് സി.വി മത്തായിയുടെ മകനായ ജോമി കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ വൈസ് പ്രസിഡന്റും ഭദ്രാവതി രൂപത പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറിയുമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.