ജലീലിന് സിപിഎം പിന്തുണയില്ല; ലോകായുക്തയ്ക്ക് എതിരായ ആരോപണത്തില്‍ ഒറ്റപ്പെട്ട മുന്‍മന്ത്രി മുട്ടുമടക്കിയേക്കും

ജലീലിന് സിപിഎം പിന്തുണയില്ല; ലോകായുക്തയ്ക്ക് എതിരായ ആരോപണത്തില്‍  ഒറ്റപ്പെട്ട മുന്‍മന്ത്രി മുട്ടുമടക്കിയേക്കും

തിരുവനന്തപുകം: ജസ്റ്റിസ് സിറിയക്  ജോസഫിനെതിരെ വ്യക്തിപരമായ പരാമര്‍ശം നടത്തിയ മുന്‍ മന്ത്രി കെ.ടി ജലീല്‍ ഒറ്റപ്പെടുന്നു. വ്യക്തിപരമായ അധിക്ഷേപം വേണ്ടെന്നാണ് സിപിഎം നിലപാട്.

ഇതോടെ താന്‍ ഉന്നയിച്ച ആരോപണങ്ങളെ ജലീലിന് സ്വന്തം നിലയ്ക്ക് ന്യായീകരിക്കുകയും വിമര്‍ശനങ്ങളെ നേരിടേണ്ടി വരികയും ചെയ്യും. ഇന്നലെ ലോകായുക്തയുടെ പേരെടുത്ത് പറയാതെ ജലീല്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെ സിപിഎമ്മിനെതിരെയും വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ഏറെ വിവാദമായ സ്വര്‍ണക്കടത്ത്, ഡോളര്‍ക്കടത്ത് കേസുകളുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ജലീലിന് ലോകായുക്തയുടെ ഇടപെടലിനെ തുടര്‍ന്ന് രാജി വയ്‌ക്കേണ്ടി വന്നിരുന്നു. ഇതിലുള്ള വ്യക്തി വിരോധം തീര്‍ക്കുകയാണ് ജലീല്‍ ഇപ്പോഴെന്ന അഭിപ്രായം പല മുതിര്‍ന്ന സിപിഎം നേതാക്കള്‍ക്കുമുണ്ട്.

മുന്‍പ് മലപ്പുറത്തെ എ.ആര്‍ നഗര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചില മുസ്ലീം ലീഗ് നേതാക്കള്‍ക്കെതിരെ ജലീല്‍ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള ഇടത് നേതാക്കള്‍ ജലീലിനെ തള്ളിപ്പറഞ്ഞിരുന്നു.

അതേ നിലപാട് തന്നെയാണ് ഇക്കാര്യത്തിലും സിപിഎം സ്വീകരിക്കുക എന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. സിപിഎം പിന്തുണ ഉറപ്പാകാത്ത സാഹചര്യത്തില്‍ ജലീല്‍ അരോപണങ്ങളിലുറച്ച് മുന്നോട്ടു പോകുമോ അതോ മെല്ലെ മുട്ടു മടക്കുമോ എന്നാണ് അറിയേണ്ടത്.

തക്ക പ്രതിഫലം കിട്ടിയാല്‍ എന്ത് കടുംകയ്യും ആര്‍ക്ക് വേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്തയെന്നാണ് ജലീല്‍ ആക്ഷേപിച്ചത്. യുഡിഎഫ് നേതാവിനെ പ്രമാദമായ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ സഹോദര ഭാര്യയ്ക്ക് എം.ജി സര്‍വകലാശാലയില്‍ വിസി പദവി വിലപേശി വാങ്ങിയെന്നും ജലീല്‍ ആരോപിച്ചിരുന്നു.

ഇപ്പോള്‍ ലോകായുക്ത ഓര്‍ഡിനന്‍സിനെ ചൊല്ലിയുള്ള വിവാദം മുറുകുന്നതിനിടെയാണ് ജലീല്‍ ആരോപണവുമായി രംഗത്തെത്തിയിട്ടുള്ളത്. ലോകായുക്ത ഭേദഗതിയെ ന്യായീകരിക്കാനുള്ള ഫേസ് ബുക്ക് പോസ്റ്റിലാണ് ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ജലീല്‍ വ്യക്തിപരമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

കോണ്‍ഗ്രസാണ് ലോകായുക്തക്ക് പിന്നില്ലെന്ന ആക്ഷേപം ഉന്നയിക്കുമ്പോഴും സിറിയക് ജോസഫിനെ ലോകായുക്തയായി നിയമിച്ചത് ഒന്നാം പിണറായി സര്‍ക്കാര്‍ ആണെന്ന കാര്യം ജലീല്‍ പറയുന്നുമില്ല.

ജുഡീഷ്യറിയോടുള്ള സര്‍ക്കാറിന്റെ പരസ്യ വെല്ലുവിളിയാണ് ജലീല്‍ നടത്തിയതെന്നാണ് ഇതേപ്പറ്റി പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. സര്‍ക്കാറിന്റെ ചാവേറായ ജലീലിന് ലോകായുക്തയുടെ അടി കൊണ്ടതാണ് വീര്യം കൂടുന്നതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.