തൃശൂര്‍: കുട്ടിക്കാലത്ത് ശാരീരിക -മാനസിക പീഡനങ്ങള്‍ക്ക് സ്ഥിരമായി വിധേയരാകുന്ന കുട്ടികള്‍ ഭാവിയില്‍ അക്രമകാരികളായ സാമൂഹിക വിരുദ്ധരാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കലിക്കറ്റ് സര്‍വകലാശാല ജന്തുശാസ്ത്ര വകുപ്പാണ് പഠനം നടത്തിയത്.
ജന്തുശാസ്ത്ര വകുപ്പിലെ ബയോ കെമിസ്ട്രി ആന്‍ഡ് ടോക്സിക്കോളജി ലാബിലെ മുന്‍ ഗവേഷകനും നിലവില്‍ കേരള പൊലീസ് അക്കാദമിയിലെ ഫോറന്‍സിക് സയന്‍സ് അസി. പ്രഫസറുമായ തൃശൂര്‍ സ്വദേശി ഡോ. എം.എസ്. ശിവപ്രസാദ്, ഗൈഡ് ഡോ. വൈ.എസ്. ഷിബു, പൊലീസ് അക്കാദമിയിലെ ക്രിമിനോളജിസ്റ്റ് ഡോ. ജയേഷ് കെ. ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് പഠനം നടന്നത്.
കേരളത്തില്‍ ഗുണ്ട ആക്ട് പ്രകാരം ഒന്നില്‍ കൂടുതല്‍ തവണ കരുതല്‍ തടവില്‍ വെക്കുകയോ ശിക്ഷ അനുഭവിക്കുകയോ ചെയ്ത അക്രമകാരികളായ സ്ഥിരം കുറ്റവാളികളില്‍ നടത്തിയ പഠനത്തിലാണ് അതിരൂക്ഷമായ ബാല്യകാല ദുരനുഭവങ്ങള്‍ ഇവര്‍ നേരിട്ടതായി കണ്ടെത്തിയത്.
വീട്ടുകാരില്‍നിന്നോ അടുത്ത ബന്ധുക്കളില്‍നിന്നോ ഏല്ക്കുന്ന ശാരീരിക ഉപദ്രവങ്ങള്‍, മാനസിക പീഡനങ്ങള്‍, കുടുംബ കലഹങ്ങള്‍, ലഹരിക്ക് അടിമപ്പെട്ടവരോ ജയില്‍ശിക്ഷ അനുഭവിച്ചവരോ ആയ കുടുംബാംഗങ്ങളുടെ സാന്നിധ്യം, മാനസിക വെല്ലുവിളി നേരിടുന്ന കുടുംബാംഗങ്ങള്‍, പരസ്പരം അകന്ന് കഴിയുന്ന മാതാപിതാക്കള്‍ എന്നിവ അക്രമ സ്വഭാവ രൂപവത്കരണത്തെ സ്വാധീനിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.
കൂടാതെ വീട്ടില്‍നിന്നുള്ള നിരന്തര അവഗണനയും സമപ്രായക്കാര്ക്കിടയില്നിന്നുള്ള സ്ഥിരം പരിഹാസങ്ങളും ദേഹോപദ്രവവും അതിതീവ്ര അക്രമ സ്വഭാവത്തിലേക്ക് എത്തിക്കുന്നു. ബാല്യകാല ദുരനുഭവങ്ങളുടെ തോതനുസരിച്ച് ഇവരില്‍ മദ്യപാനവും ലഹരി ഉപയോഗവും കൂടുന്നതായും പഠനത്തിൽ കണ്ടെത്തി. ഇന്ത്യയിലെ സ്ഥിരം കുറ്റവാളികള്‍ക്കിടയില്‍ ഇത്തരത്തില്‍ ഒരു പഠനം ആദ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.