തിയേറ്ററുകള്‍ പൂട്ടിയിടുന്നതിനെതിരെ ആരോഗ്യമന്ത്രിക്ക് കത്തുമായി ഫെഫ്ക

തിയേറ്ററുകള്‍ പൂട്ടിയിടുന്നതിനെതിരെ ആരോഗ്യമന്ത്രിക്ക് കത്തുമായി ഫെഫ്ക

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സി കാറ്റഗറി ജില്ലകളിലെ തിയേറ്ററുകള്‍ പൂട്ടിയിടുന്നതിനെതിരെ ആരോഗ്യമന്ത്രിക്ക് കത്തുമായി ഫെഫ്ക. ജിമ്മുകള്‍ക്കും നീന്തല്‍ക്കുളങ്ങള്‍ക്കും ഇല്ലാത്ത കോവിഡ് വ്യാപനശേഷി തിയേറ്ററുകള്‍ക്കുണ്ടെന്ന വിദഗ്ധസമിതി കണ്ടെത്തലിന്റെ ശാസ്ത്രീയമായ അടിത്തറ എന്താണെന്ന് കത്തില്‍ ചോദിക്കുന്നു. ഈ പറഞ്ഞ ഇടങ്ങളില്‍ നിന്നെല്ലാം സിനിമാ തിയറ്ററുകളെ താരതമ്യേന സുരക്ഷിതമാക്കി തീര്‍ക്കുന്ന നിരവധി ഘടകങ്ങളുണ്ടെന്നും കത്തില്‍ പറയുന്നു.

അന്‍പത് ശതമാനം സീറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്കായി മാറ്റി വെച്ചിട്ടുള്ളത്. പ്രവേശനം ഒരു ഡോസെങ്കിലും വാക്‌സിനെടുത്തവര്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. എല്ലാവരും മാസ്‌കുകള്‍ ധരിച്ചാണ് തിയറ്ററിനുള്ളില്‍ സിനിമ കാണുന്നത്. മുഖങ്ങള്‍ സ്‌ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു.

കൂടാതെ ഭക്ഷണ പാനിയങ്ങള്‍ ഓഡിറ്റോറിയത്തിനുള്ളില്‍ വിതരണം ചെയ്യപ്പെടുന്നില്ല. ഒരാളും മറ്റൊരാളും തമ്മില്‍ ഒരു സീറ്റിന്റെ അകലമുണ്ട്. ഈ വസ്തുതകളെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളില്‍ നിന്നും, ബാറുകളില്‍ നിന്നും, സ്പാ, സലൂണുകളില്‍ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ടെന്നും കത്തില്‍ വിവരിക്കുന്നു.

മാളുകളോ, ബാറുകളോ, റെസ്റ്ററന്റുകളോ പ്രവര്‍ത്തിക്കരുതെന്ന് പറയാനല്ല. അവയ്‌ക്കൊപ്പം തിയേറ്ററുകളും പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. അവര്‍ക്കെല്ലാം ബാധകമായത് തങ്ങള്‍ക്കും ബാധകമാണ്. അതാണ് യുക്തിസഹമെന്നും കത്തില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.