യുഎഇയിലെ പുതിയ തൊഴില്‍ നിയമം ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലാകും

യുഎഇയിലെ  പുതിയ തൊഴില്‍ നിയമം ബുധനാഴ്ച മുതല്‍ പ്രാബല്യത്തിലാകും

അബുദബി: രാജ്യത്തെ സ്വകാര്യസർക്കാർ തൊഴില്‍ മേഖല ഏകീകരിക്കാനുളള നീക്കത്തിന് തുടർച്ചായി പുതുക്കിയ തൊഴില്‍ നിയമം ഫെബ്രുവരി 2 ന് നിലവില്‍ വരും. ഫെഡറല്‍ ഡിക്രി നിയമം 33 പ്രകാരമാണ് തൊഴില്‍ നിയമങ്ങള്‍ പുതുക്കുന്നത്.
സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ മാനവ വിഭവശേഷി, എമിറേറ്റൈസേഷൻ മന്ത്രാലയവുമായുള്ള നിലവിലെ തൊഴിൽ കരാറുകൾ മാറ്റി, നിയമ ഭേദഗതിക്ക് അനുസരിച്ചുളള പുതിയ കരാറുകള്‍ സമർപ്പിക്കണം. ഒരു വർഷമാണ് ഇതിന് കാലപരിധി.
തൊഴിലാളികളുമായുണ്ടാക്കുന്ന കരാറുകള്‍ക്ക് നിശ്ചിത കാലപരിധിയുണ്ടായിരിക്കണം. അനിശ്ചിതമായ തൊഴില്‍ കരാറുകള്‍ക്ക് നിയമസാധുതയുണ്ടാകില്ല.

മൂന്ന് തരത്തിലുളള അവധികള്‍ക്ക് തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് അനുസൃതമായി അവകാശമുണ്ടായിരിക്കും. ഭാര്യയോ ഭർത്താവോ മരിച്ചാല്‍ 5 ദിവസം, അടുത്ത ബന്ധുക്കളുടെ മരണമാണെങ്കില്‍ 3 ദിവസം എന്നിങ്ങനെയാണ് മരണവുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന അവധികള്‍. കുഞ്ഞ് ജനിച്ചാല്‍ അച്ഛന് അഞ്ച് ദിവസത്തെ അവധിക്ക് അപേക്ഷിക്കാം.രണ്ട് വർഷം ജോലി ചെയ്തയാളാണെങ്കില്‍ മറ്റ് പരീക്ഷകള്‍ക്ക് പോകുന്നതിന് 10 ദിവസം അവധിയെടുക്കാം.സ്ത്രീകള്‍ക്ക് 45 ദിവസത്തെ മുഴുവന്‍ വേതനത്തോടെയുളള അവധിയും 15 ദിവസത്തെ പകുതി ശമ്പളത്തോടെയുളള അവധിക്കും അർഹതയുണ്ട്.

നിറജാതിമതഭാഷ വിവേചനങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ല. നിർബന്ധമായ തൊഴിലെടുപ്പിക്കല്‍, സമ്മർദ്ദം കളിയാക്കലുകള്‍ ഇവയ്ക്കും കർശന വിലക്കുണ്ട്. കുറ്റം തെളിഞ്ഞാല്‍ 5000 ദിർഹം മുതല്‍ പത്തുലക്ഷം ദിർഹം വരെയാണ് ശിക്ഷ.
സ്ത്രീകള്‍ക്കും പുരുഷന്മാർക്കും തുല്യവേതനവും പുതിയ തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.
സ്വകാര്യ സർക്കാർ സ്ഥാപനങ്ങളില്‍ ഫ്ളക്സിബിള്‍,താല്‍ക്കാലിക,പാർട് ടൈം ജോലിയ്ക്കായും അപേക്ഷിക്കാനുളള അവസരവുമുണ്ടാകും.

വർഷത്തില്‍ 30 ദിവസം ശമ്പളത്തോടുകൂടിയുളള അവധിയുണ്ടാകും.ജോലിക്ക് കയറി ആറുമാസം പൂർത്തിയായാല്‍ മാസത്തില്‍ രണ്ട് ദിവസം ശമ്പളത്തോടുകൂടിയുളള അവധി ലഭിക്കും. തൊഴിലാളികള്‍ക്ക് ഒരു വർഷം 90 ദിവസത്തെ രോഗാവധി നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു. ഇതില്‍ 15 ദിവസം മുഴുവന്‍ ശമ്പളത്തോടെയുളള അവധിയായിരിക്കും. 30 ദിവസം പകുതി ശമ്പളത്തോടെയും മറ്റ് ദിവസങ്ങള്‍ ശമ്പളമില്ലാതെയും അവധി നല്‍കാം.

നിലവില്‍ ജോലിക്ക് കയറി ആദ്യ അഞ്ച് വർഷം 21 ദിവസത്തെയും പിന്നീടുളള ഓരോ വർഷവും 30 ദിവസത്തേയും അടിസ്ഥാന ശമ്പളമെന്ന രീതിയിലാണ് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്.എന്നാല്‍ ഇത് മാറി എല്ലാ വർഷവും 30 ദിവസത്തെ അടിസ്ഥാന ശമ്പളം എന്ന തോതിൽ ഗ്രാറ്റുവിറ്റി ലഭിക്കും.

പ്രൊബേഷന്‍ കാലയളവിലാണെങ്കിലും 14 ദിവസം മുന്‍പ് അറിയിപ്പ് നല്കിയാണ് പിരിച്ചുവിടേണ്ടത്. പ്രൊബേഷന്‍ നീട്ടുകയും അരുത്.
തൊഴില്‍ മന്ത്രാലയം നിഷ്കർഷിക്കുന്ന എല്ലാ അവകാശങ്ങളും തൊഴിലാളിക്ക് ലഭിക്കുന്നുണ്ടെന്ന് തൊഴിലുടമ ഉറപ്പാക്കണമെന്നും നിയമം അനുശാസിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.