വത്തിക്കാന്‍ സിറ്റി: നന്മയില്‍ വിശ്വസിക്കുകയും നന്മ ചെയ്യുന്നതിനുള്ള ഒരവസരവും പാഴാക്കാതിരിക്കുകയും വേണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. തന്നെ സ്വീകരിക്കാന്‍ സന്നദ്ധരല്ലാത്തവര്‍ക്കും നന്മ ചെയ്ത് യേശു കാണിച്ചു തന്ന മാതൃക അതാണെന്നും നമ്മുടെ അടച്ചുപൂട്ടലുകള്‍ക്ക് മുന്നില്‍ പിന്മാറാത്തതും കടിഞ്ഞാണല്ലാത്തതുമായ സ്‌നേഹമാണ് അവിടുന്ന് പ്രായോഗികമാക്കിയതെന്നും ഞായറാഴ്ച പ്രസംഗത്തില്‍ പാപ്പ പറഞ്ഞു.
വിശുദ്ധ ലൂക്കായുടെ സുവിശേഷം നാലാം അദ്ധ്യായം 21-30 വരെയുള്ള വാക്യങ്ങള്‍ ആധാരമാക്കിയായിരുന്നു മാര്‍പാപ്പയുടെ വചന സന്ദേശം. സിനഗോഗില്‍ പ്രവേശിച്ച് വിശുദ്ധ ഗ്രന്ഥം വായിച്ചതിനു ശേഷം യേശു നടത്തിയ പ്രഭാഷണത്തില്‍ പ്രകോപിതരായ ജനം അവനെ നഗരത്തിനു പുറത്താക്കുകയും മലയുടെ ശൃംഗത്തില്‍ നിന്ന് തള്ളിയിടാന്‍ കൊണ്ടുപോകുകയും ചെയ്യുന്നതും എന്നാല്‍ യേശു അവരുടെ ഇടയില്‍ നിന്നു പോകുന്നതുമായ സംഭവങ്ങളുടെ പൊരുള്‍ മാര്‍പാപ്പ വിശദീകരിച്ചു.
യേശു സ്വന്തം നാടായ നസ്രത്തില്‍ നടത്തുന്ന കന്നി പ്രഭാഷണത്തിന്റെ ഫലം കയ്‌പേറിയതാണ്: അംഗീകാരം ലഭിക്കുന്നതിനു പകരം, യേശുവിന് അവിടെ ഉണ്ടാകുന്നത് തെറ്റിദ്ധാരണയും ശത്രുതയും മാത്രം. അവന്റെ നാട്ടുകാര്‍ക്ക്, സത്യവചനത്തേക്കാള്‍ കൂടുതല്‍ വേണ്ടിയിരുന്നത് , അത്ഭുതങ്ങളും വിസ്മയ അടയാളങ്ങളുമായിരുന്നു. കര്‍ത്താവാകട്ടെ അതു ചെയ്യുന്നില്ല. അതു മൂലം അവര്‍ അവനെ തിരസ്‌കരിക്കുന്നു. അവനെ കുട്ടിക്കാലം മുതല്‍ക്കേ അറിയാമെന്ന് അവര്‍ പറയുന്നു. അവന്‍ ജോസഫിന്റെ മകനാണ് (വാക്യം 22) എന്ന് ചൂണ്ടിക്കാട്ടുന്നു.അതോടെയാണ് ഒരു പഴമൊഴി യേശു ഉച്ചരിക്കുന്നത്: 'ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല' (ലൂക്കാ,4:24).
അവിടെ ദൃശ്യമാകുന്ന യേശുവിന്റെ പരാജയം തികച്ചും അപ്രതീക്ഷിതമായിരുന്നില്ല എന്ന് ഈ വാക്കുകള്‍ വെളിപ്പെടുത്തുന്നു. അവന് സ്വന്തം ജനത്തെ അറിയാമായിരുന്നു, തന്റെ ജനത്തിന്റെ മനസ്സറിയാമായിരുന്നു; അപകടസാദ്ധ്യതയും മുന്‍കൂട്ടി കണ്ടിരുന്നു, തിരസ്‌കരണം അവന്‍ കണക്കിലെടുത്തിരുന്നു. അതുകൊണ്ട് നാം സ്വയം ചോദിക്കും: കാര്യങ്ങള്‍ അങ്ങനെയാണെങ്കില്‍, അവന്‍ പരാജയം മുന്‍കൂട്ടി കാണുകയാണെങ്കില്‍, പിന്നെ എന്തിനാണ് സ്വന്തം നാട്ടിലേക്ക് പോകുന്നത്? തന്നെ സ്വീകരിക്കാന്‍ സന്നദ്ധരല്ലാത്ത ആളുകള്‍ക്ക് എന്തിനാണ് നന്മ ചെയ്യുന്നത്?
ബന്ധിക്കാന്‍ മാത്രമാകരുത് വാതിലുകള്‍
നമ്മള്‍ പലപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യമാണിത്. എന്നാല്‍ ദൈവത്തെ കൂടുതല്‍ നന്നായി മനസ്സിലാക്കാന്‍ നമ്മെ സഹായിക്കുന്ന ഒരു ചോദ്യവുമാണിത്. നമ്മുടെ അടച്ചുപൂട്ടലുകള്‍ക്ക് മുന്നില്‍ അവന്‍ പിന്മാറുന്നില്ല: അവന്‍ തന്റെ സ്‌നേഹത്തിന് കടിഞ്ഞാണിടുന്നില്ല. നമ്മള്‍ ബന്ധനങ്ങള്‍ അവതരിപ്പിക്കുമ്പോഴും , അവന്‍ മുന്നേറുന്നു. മക്കളുടെ നന്ദികേടിനെക്കുറിച്ച് ബോധവാന്മാരാണെങ്കിലും, അവരെ സ്‌നേഹിക്കുന്നതും അവര്‍ക്ക് നന്മ ചെയ്യുന്നതും അവസാനിപ്പിക്കാത്ത മാതാപിതാക്കളില്‍ ഇതിന്റെ പ്രതിഫലനം നാം കാണുന്നു. ദൈവം അങ്ങനെയാണ്, നന്മപ്രകാശനത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ് ദൈവ സാന്നിധ്യം.
അതേസമയം, നസ്രത്തില്‍ 'സ്വന്തം നാട്ടുകാരുടെ' ഭാഗത്തുനിന്ന് യേശുവിനോടുണ്ടായ ശത്രുത നമ്മെ പ്രകോപിപ്പിക്കുന്നു: അവര്‍ സ്വീകരണ സന്നദ്ധരായിരുന്നില്ല. നമ്മളോ? ഇത് സ്ഥിരീകരിക്കുന്നതിന്, യേശു മുന്നോട്ടുവയ്ക്കുന്ന, സ്വന്തം നാട്ടുകാര്‍ക്കും നമുക്കും നല്‍കുന്ന സ്വാഗത മാതൃകകള്‍ നോക്കാം. അവര്‍ രണ്ട് വിദേശികളാണ്: സീദോനില്‍ സ്‌റെപ്‌തെയിലെ വിധവയും സിറിയക്കാരനായ നാമാനും. ഇരുവരും പ്രവാചകന്മാരെ സ്വാഗതം ചെയ്തു: ആദ്യത്തെയാള്‍ ഏലിയായെ, രണ്ടാമത്തെയാള്‍ എലീഷായെയും. എന്നാല്‍ അത് അനായാസകരമായ ഒരു സ്വാഗതം ചെയ്യല്‍ ആയിരുന്നില്ല;പരീക്ഷണങ്ങളിലൂടെയായിരുന്നു.
ക്ഷാമം ഉണ്ടായിരുന്നെങ്കിലും, പ്രവാചകന്‍ പീഡിപ്പിക്കപ്പെട്ടവനായിരുന്നെങ്കിലും (1 രാജാക്കന്മാര്‍ 17:7-16) ഏലിയായ്ക്ക് വിധവ ആതിഥ്യമരുളി. രാഷ്ട്രീയമായും മതപരമായും പീഡിപ്പിക്കപ്പെട്ടവനായിരുന്നു ഏലിയാ. നാമാന്‍, നേരെമറിച്ച്, ഉന്നത വ്യക്തിയായിരുന്നിട്ടും, എലീഷാ പ്രവാചകന്റെ അഭ്യര്‍ത്ഥന സ്വീകരിച്ചു. സ്വയം താഴ്ത്താനും നദിയില്‍ ഏഴു പ്രാവശ്യം കുളിക്കാനും ഏലീഷാ അവനെ പ്രേരിപ്പിച്ചു (2 രാജാക്കന്മാര്‍ 5: 1-14), ഒന്നുമറിയാത്ത കുട്ടിയെ പോലെ.
ചുരുക്കത്തില്‍, വിധവയും നാമാനും അവരുടെ സന്നദ്ധതയിലൂടെയും വിനയത്തിലൂടെയും പ്രവാചകരെ സ്വാഗതം ചെയ്തു. ദൈവത്തെ സ്വീകരിക്കാനുള്ള വഴി എല്ലായ്‌പ്പോഴും സന്നദ്ധതയാണ്. അവനെ സ്വാഗതം ചെയ്യുക, താഴ്മയുള്ളവരായിരിക്കുക എന്നതാണ് പ്രാധാനം. സന്നദ്ധതയിലും എളിമയിലും നിന്നാണ് വിശ്വാസം വളരുന്നത്. ദൈവത്തിന്റെയും അവന്റെ പ്രവാചകന്മാരുടെയും വഴികള്‍ വിധവയും നാമാനും തള്ളിക്കളഞ്ഞില്ല; അവര്‍ അനുസരണയുള്ളവരായിരുന്നു; കര്‍ക്കശ സ്വഭാവക്കാരോ മനസ് ബന്ധിച്ചവരോ ആയിരുന്നില്ല.
അത്ഭുതങ്ങള്‍ മാത്രം തേടുന്നവര്‍ നിരാശരാകും
യേശുവും പ്രവാചകന്മാരുടെ സരണി പിന്തുടരുന്നു: നാം പ്രതീക്ഷിക്കാത്ത രീതിയിലാണ് അവന്‍ സ്വയം അവതരിപ്പിക്കുന്നത്. അത്ഭുതങ്ങള്‍ അന്വേഷിക്കുന്നവര്‍ അവനെ കണ്ടുമുട്ടുന്നില്ല.നമ്മള്‍ അത്ഭുതങ്ങള്‍ മാത്രം തേടിയാല്‍ നമുക്ക് യേശുവിനെ കണ്ടെത്താനാവില്ല ഉദ്വേഗജനകമായ പുത്തന്‍ കാര്യങ്ങളും ഗാഢാനുഭവങ്ങളും തേടുന്നവരും ബാഹ്യ അടയാളങ്ങളാല്‍ തീര്‍ത്ത വിശ്വാസത്തെ പുല്‍കുന്നവരും അവനെ കണ്ടെത്തില്ല.
യേശുവിന്റെ വഴികളും വെല്ലുവിളികളും പരാതികളില്ലാതെ, സംശയം കൂടാതെ, വിമര്‍ശനങ്ങളില്ലാതെ, നിരാശാഭാവം കൂടാതെ, സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ അവനെ കണ്ടെത്താനാകൂ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നമ്മള്‍ ജീവിക്കുന്ന ദൈനംദിന യാഥാര്‍ത്ഥ്യത്തിലേക്ക് തന്നെ സ്വാഗതം ചെയ്യാന്‍ യേശു നമ്മോട് ആവശ്യപ്പെടുന്നു; ഇന്നത്തെ സമൂഹത്തില്‍, അതായിരിക്കുന്ന രീതിയില്‍. അനുദിനം നിന്റെ ചാരത്തുള്ളവരില്‍, ദരിദ്രരില്‍, നിന്റെ കുടുംബത്തിലെ പ്രശ്‌നങ്ങളില്‍, മാതാപിതാക്കളില്‍, കുട്ടികളില്‍, മുത്തശ്ശീമുത്തശ്ശന്മാരില്‍. ദൈവത്തെ അവരില്‍ സ്വാഗതം ചെയ്യുക. അവിടെ, അവനുണ്ട്. സന്നദ്ധതയുടെ നദിയിലും വിനയത്തിന്റെ നിരവധിയായ ശുദ്ധ സ്‌നാന ഘട്ടങ്ങളിലും നമ്മെത്തന്നെ വിമലീകരിക്കാന്‍ അവന്‍ നമ്മെ ക്ഷണിക്കുന്നു. ദൈവവുമായി കൂടിക്കാഴ്ച നടത്തുന്നതിനും ആ കൂടിക്കാഴ്ചയ്ക്ക് അവന്‍ നമ്മെ അനുവദിക്കുന്നതിനും താഴ്മ ആവശ്യമാണ്.
നമ്മള്‍ സ്വാഗത സന്നദ്ധതയുള്ളവരാണോ? അതോ യേശുവിനെക്കുറിച്ച് എല്ലാം അറിയാമെന്ന് കരുതിയിരുന്ന അവന്റെ നാട്ടുകാരെപ്പോലെയാണോ? 'ഞാന്‍ ദൈവശാസ്ത്രം പഠിച്ചു, ഞാന്‍ ആ മതബോധന പാഠ്യപദ്ധതി പഠിച്ചു... എനിക്ക് യേശുവിനെ കുറിച്ച് എല്ലാം അറിയാം!'. അതെ, നമ്മള്‍ വിഡ്ഢിയെപ്പോലെയാണു പലപ്പോഴും സംസാരിക്കുന്നത് !അപ്രകാരമായാല്‍ നിനക്ക് യേശുവിനെ അറിയാനാകില്ല. ഒരുപക്ഷേ, ഒരുപാട് വര്‍ഷങ്ങള്‍ വിശ്വാസികളായിരുന്നതിനാല്‍, നമ്മുടെ ആശയങ്ങളും ധാരണകളും കൊണ്ട് നമുക്ക് കര്‍ത്താവിനെ നന്നായി അറിയാമെന്ന് നാം കരുതുന്നു. പലപ്പോഴും അങ്ങനെയാണ്. യേശുവിന്റെ കാര്യത്തില്‍ നാം അങ്ങനെ ശീലിക്കുന്ന അപകടസാദ്ധ്യതയുണ്ട്. അങ്ങനെയല്ലേ നമ്മള്‍ ശീലിക്കുന്നത്?
അവന്‍ നമ്മുടെ വാതിലില്‍ മുട്ടി പുതിയ എന്തെങ്കിലും പറയുന്ന വേളയില്‍, അവന്‍ നിന്നിലേക്കു പ്രവേശിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ അവന്റെ പുതുമകളിലേക്ക് നാം സ്വയം അടച്ചുപൂട്ടുന്നു. ഇതില്‍ നിന്ന്, നമ്മുടെ കടുത്ത നിലപാടുകളില്‍ നിന്ന്, നാം പുറത്തുവരണം. തുറന്ന മനസ്സും ലളിതമായ ഹൃദയവുമാണ് കര്‍ത്താവ് ആവശ്യപ്പെടുന്നത്. ഒരു വ്യക്തിക്ക് തുറന്ന മനസ്സും ലളിത ഹൃദയവുമുണ്ടെങ്കില്‍, അയാള്‍ക്ക് ആശ്ചര്യപ്പെടാനും വിസ്മയഭരിതനാകാനുമുള്ള കഴിവുണ്ട്. കര്‍ത്താവ് നമ്മെ എപ്പോഴും ആശ്ചര്യപ്പെടുത്തുന്നു, ഇതാണ് യേശുവുമായുള്ള കൂടിക്കാഴ്ചയുടെ മനോഹാരിത. താഴ്മയുടെയും സന്നദ്ധതയുടെയും മാതൃകയായ പരിശുദ്ധ ജനനി യേശുവിനെ സ്വാഗതം ചെയ്യാനുള്ള വഴി നമുക്ക് കാണിച്ചുതരും.
കുഷ്ഠരോഗ ബാധിതര്‍ക്ക് ആശീര്‍വ്വാദം
ആശീര്‍വ്വാദാനന്തരം പാപ്പാ, ലോക കുഷ്ഠ രോഗീദിനം ആചരിക്കപ്പെടുന്നത് അനുസ്മരിച്ചു.കുഷ്ഠരോഗ ബാധിതരോടുള്ള തന്റെ അനുഭാവം പ്രകടിപ്പിച്ച പാപ്പാ, അവര്‍ക്ക് ആത്മീയ പിന്തുണയുടെയും ആരോഗ്യ പരിചരണത്തിന്റെയും അഭാവം അനുഭവപ്പെടാതിരിക്കട്ടെയെന്ന് ആശംസിച്ചു. നിര്‍ഭാഗ്യവശാല്‍, ഇപ്പോഴും പലരെയും ബാധിക്കുന്ന ഒരു രോഗമാണിത്.ഇതുമായി ബന്ധപ്പെട്ട ഏത് വിവേചനത്തെയും അതിജീവിച്ച് ഈ ആളുകളുടെ സമ്പൂര്‍ണ്ണ ഉദ്ഗ്രഥനത്തിനായി, ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് ആവശ്യമാണെന്ന് പാപ്പാ പറഞ്ഞു; പ്രത്യേകിച്ച്, കൂടുതല്‍ ദുര്‍ബ്ബലമായ സാമൂഹിക ചറ്റുപാടുകളില്‍.
ഫെബ്രുവരി 1-ന്, വിദൂര കിഴക്കന്‍ പ്രദേശങ്ങളിലും ലോകത്തിന്റെ മറ്റു ചില ഭാഗങ്ങളിലും ചാന്ദ്ര പുതുവത്സരം ആചരിക്കുന്നതിനെക്കുറിച്ച് സൂചിപ്പിച്ച പാപ്പാ അവര്‍ക്ക് പുതുവര്‍ഷാശംസകള്‍ നേര്‍ന്നു. ഈ പുതുവര്‍ഷത്തില്‍ എല്ലാവര്‍ക്കും സമാധാനവും ആരോഗ്യവുമുള്ള സുരക്ഷിത ജീവിതം ആസ്വദിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.'സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും നിമിഷങ്ങളില്‍ ഒത്തുചേരാനും ജീവിക്കാനും കുടുംബങ്ങള്‍ക്ക് സാധിക്കുന്നത് എത്ര സുന്ദരം!'.
നിര്‍ഭാഗ്യവശാല്‍, പകര്‍ച്ചവ്യാധി കാരണം പല കുടുംബങ്ങള്‍ക്കും ഇക്കൊല്ലം സമാധാനപരമായ ഒത്തുചേരലിന് സാധിച്ചിട്ടില്ല എന്ന ഖേദകരമായ വസ്തുതയും പാപ്പാ അനുസ്മരിച്ചു.അധികം വൈകാതെ ഈ പരീക്ഷണത്തെ ജയിക്കാന്‍ നമുക്ക് കഴിയുമെന്ന പ്രത്യാശയും പങ്കുവച്ചു.
ഭൗതികവും ആത്മീയവുമായ അഭിവൃദ്ധിയുടെ ലക്ഷ്യത്തില്‍, നവീകൃത ചലനാത്മകതയോടെ എത്തിച്ചേരാന്‍, വ്യക്തികളുടെ സന്മനസ്സും ജനതകളുടെ ഐക്യദാര്‍ഢ്യവും വഴി, ആകമാന മാനവകുടുംബത്തിന് സാധിക്കുമെന്ന തന്റെ പ്രതീക്ഷ പാപ്പാ വെളിപ്പെടുത്തി.
സലേഷ്യന്‍ സന്യസ്തസമൂഹ സ്ഥാപകനായ, വിശുദ്ധ ജോണ്‍ ബോസ്‌കോയുടെ തിരുനാള്‍ ആണെന്നനുസ്മരിച്ച പാപ്പാ സഭയില്‍ വളരെയധികം നന്മകള്‍ ചെയ്യുന്ന സലേഷ്യന്‍ സമൂഹാംഗങ്ങളെ അഭിവാദ്യം ചെയ്തു. ഇതോടൊപ്പം റോമാക്കാരും വിവിധ രാജ്യക്കാരുമായ തീര്‍ത്ഥാടകരെ അഭിവാദ്യം ചെയ്ത പാപ്പാ, റോം രൂപതയിലെ കത്തോലിക്കാ പ്രവര്‍ത്തക സംഘടനയിലെ ബാലികാബാലന്മാരെ തന്റെ പ്രത്യേക ആശംസകള്‍ അറിയിച്ചു. പതിവുപോലെ ഈ വര്‍ഷവും രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും വൈദികരുടെയും അകമ്പടിയോടെയാണ് സമാധാന പ്രയാണത്തിന്റെ സമാപനത്തില്‍ അവര്‍ എത്തിയിരിക്കുന്നതെന്നും, മഹാമാരിക്കാലമായതിനാല്‍ ഒരു ചെറു സംഘമാണിതെന്നും പാപ്പാ അനുസ്മരിച്ചു.
'നമുക്ക് സമാധാനം വീണ്ടും നെയ്‌തെടുക്കാം' എന്ന മനോഹരമായ മുദ്രാവാക്യവുമായുള്ള സമാധാന പ്രയാണം സുപ്രധാനമാണെന്ന് പാപ്പാ പ്രസ്താവിച്ചു. നമ്മുടെ വ്യക്തിബന്ധങ്ങളില്‍ നിന്ന് തുടങ്ങി രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വരെ സമാധാനം 'വീണ്ടും നെയ്‌തെടുക്കേണ്ടത്' വളരെ ആവശ്യമായിരിക്കുന്നു. മുന്നേറ്റ പ്രചോദനം പകര്‍ന്ന പാപ്പായുടെ ആഹ്വാനത്തിനു ശേഷം, അവര്‍ കൊണ്ടുവന്നിരുന്ന വിവിധ വര്‍ണ്ണ ബലൂണുകള്‍ പ്രതീക്ഷയുടെ അടയാളമായി ആകാശത്തേക്ക് പറത്തി. 'ഇതാ! ഇതാണ് റോമിലെ കുട്ടികള്‍ ഇന്ന്, സമാധാന പ്രയാണത്തില്‍, നമുക്കായി കൊണ്ടുവന്ന പ്രത്യാശയുടെ അടയാളം', ഉയരുന്ന ബലൂണുകള്‍ നോക്കി പാപ്പാ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.