മൂര്‍ഖന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

മൂര്‍ഖന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കോട്ടയം: മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച പാമ്പ് പിടുത്ത വിദഗ്ധന്‍ വാവ സുരേഷിന്റെ (48) ആരോഗ്യ നിലയില്‍ ആശാവഹമായ പുരോഗതിയുണ്ടെന്ന് കോട്ടയം മെഡിക്കല്‍ കോളേജ് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.

മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിലും പുരോഗതിയുണ്ട്. ഹൃദയാഘാതത്തിന്റെ അപകടാവസ്ഥയില്‍ നിന്ന് മാറ്റമുണ്ട്. വലിയ അളവില്‍ വിഷം ഉള്ളില്‍ എത്തി. അതാണ് ഹൃദയത്തെ ബാധിച്ചത്. ഇനിയുള്ള 48 മണിക്കൂര്‍ നിര്‍ണായകമാണെന്ന് മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് ഡോക്ടര്‍ രതീഷ് കുമാര്‍ പറഞ്ഞു.

കോട്ടയം കുറിച്ചി നീലംപേരൂര്‍ വെച്ചായിരുന്നു ഇന്നലെ വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. കടിയേറ്റങ്കിലും പാമ്പിനെ സുരക്ഷിതമായി ടിന്നിനുള്ളിലാക്കി മാറ്റിയതിന് ശേഷമാണ് വാവ സുരേഷ് ചികിത്സയ്ക്ക് വിധേയനായത്.

ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയ്യിരുന്നു. ന്യൂറോ, കാര്‍ഡിയാക് വിദഗ്ധര്‍മാര്‍ അടങ്ങുന്ന പ്രത്യേക അഞ്ചംഗ സംഘത്തിന്റെ മേല്‍നോട്ടത്തിലാണ് വാവ സുരേഷിന്റെ ചികിത്സ.

രണ്ടാഴ്ച മുന്‍പാണ് വാവാ സുരേഷിന് വാഹനാപകടത്തില്‍ സാരമായി പരിക്കേറ്റത്. തിരുവനന്തപുരം പോത്തന്‍കോട്ട് വച്ചുണ്ടായ വാഹനാപകടത്തില്‍ വാവാ സുരേഷിന്റെ തലയ്ക്കായിരുന്നു പരിക്കേറ്റത്.

തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സുരേഷ് ഡിസ്ചാര്‍ജായി വീട്ടിലേക്ക് മടങ്ങുകയും വീണ്ടും പാമ്പ് പിടുത്തവുമായി സജീവമാക്കുകയുമായിരുന്നു. ഇതിനിടയിലാണ് പാമ്പ് കടിയേറ്റ് വീണ്ടും ആശുപത്രിയിലായത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.