ആഗോള കാര്‍ഷിക വിപണിക്ക് വാതില്‍ തുറന്ന കേന്ദ്രബജറ്റ് കര്‍ഷക പ്രതീക്ഷകളെ അട്ടിമറിച്ചു: അഡ്വ.വി.സി സെബാസ്റ്റ്യന്‍

ആഗോള കാര്‍ഷിക വിപണിക്ക് വാതില്‍ തുറന്ന കേന്ദ്രബജറ്റ് കര്‍ഷക പ്രതീക്ഷകളെ അട്ടിമറിച്ചു: അഡ്വ.വി.സി സെബാസ്റ്റ്യന്‍

കൊച്ചി: ഇന്ത്യയിലെ ഗ്രാമീണ കര്‍ഷകന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും അട്ടിമറിച്ച കേന്ദ്രബജറ്റ് നിരാശാജനകമാണെന്നും ആഗോള കാര്‍ഷിക സ്വതന്ത്ര വിപണിയായി ഇന്ത്യ മാറുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍.

കര്‍ഷക വിരുദ്ധ കരിനിയമങ്ങള്‍ പിന്‍വലിക്കേണ്ടി വന്നതിലെ നിരാശയും പഴയ പദ്ധതികളുടെ പുനരാവിഷ്‌കരണവും മാത്രമായി യാതൊരു പുതുമയും ആകര്‍ഷകമായ കാര്‍ഷിക പദ്ധതികളുമില്ലാത്ത പുതിയ ബജറ്റ് കാര്‍ഷിക മേഖലയെ വരും നാളുകളില്‍ പുറകോട്ടടിക്കും. നെല്ലിനും ഗോതമ്പിനും താങ്ങു വിലയ്ക്കായി 2.73 ലക്ഷം കോടിയുടെ പ്രഖ്യാപനവും രാവസവള രഹിത കൃഷി പ്രോത്സാഹനം, കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാമ്പത്തിക സഹായം, വിളകളുടെ സംഭരണം എന്നിവ സ്ഥിരം പദ്ധതികളുടെ ഭാഗം തന്നെയാണ്.

ഗ്രാമീണ കാര്‍ഷിക മേഖലയ്ക്ക് നേട്ടമുണ്ടാകുന്ന പദ്ധതികള്‍ ബജറ്റിലില്ല. എണ്ണക്കുരുക്കളുടെ ഇറക്കുമതി കുറയ്ക്കുമെന്ന് സൂചിപ്പിക്കുമ്പോഴും ആഭ്യന്തര ഉല്‍പാദന വര്‍ധനവിനുള്ള പദ്ധതികളില്‍ കൃത്യതയും വ്യക്തതയുമില്ല. നദീ സംയോജന പദ്ധതികള്‍ ഏതാനും സംസ്ഥാനങ്ങള്‍ക്കു മാത്രമുള്ളതാണ്. ഈ പദ്ധതിയുടെ നടപ്പിലാക്കല്‍ പ്രക്രിയ അത്ര എളുപ്പമായിരിക്കില്ല.

സംസ്ഥാന സര്‍ക്കാരുകളെ വിശ്വാസത്തിലെടുത്താല്‍ മാത്രമേ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികള്‍ ഗ്രാമീണ ജനതയിലെത്തിക്കാനാവൂയെന്ന യാഥാര്‍ത്ഥ്യം കേന്ദ്ര ബജറ്റ് തിരിച്ചറിയുന്നില്ല. ഒരു രാജ്യം ഒറ്റ രജിസ്ട്രേഷന്‍ എന്ന ഭൂമി രജിസ്ട്രേഷന്‍ പദ്ധതിയും സാധാരണക്കാരായ കര്‍ഷകര്‍ക്ക് ഗുണം ചെയ്യില്ല.

പ്രത്യേക സാമ്പത്തിക മേഖല നിയമത്തിന്റെ സമഗ്രമാറ്റവും പുതിയ ചട്ടങ്ങളും ഇറക്കുമതി തീരുവയിലെ ഉദാരവല്‍ക്കരണ പരിഷ്‌കാരങ്ങളും കാര്‍ഷിക മേഖലയ്ക്ക് തിരിച്ചടിയാകും. ഇവ ലക്ഷ്യം വെയ്ക്കുന്നത് നികുതി രഹിതവും അനിയന്ത്രിതവുമായ ഇറക്കുമതിക്ക് സാഹചര്യം സൃഷ്ടിക്കുകയാണ്. ഇന്ത്യ ഏര്‍പ്പെടാനൊരുങ്ങുന്ന പുതിയ സ്വതന്ത്ര വ്യാപാരക്കരാറുകള്‍ക്ക് ഈ നിര്‍ദ്ദേശങ്ങള്‍ ഊര്‍ജ്ജം പകരുമ്പോള്‍ ആഗോള വിപണിയായി ഇന്ത്യ മാറും.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക പദ്ധതിയും 1500 കോടിയും പ്രഖ്യാപിച്ചിരിക്കുന്നത് പ്രധാനമായും റബര്‍ മേഖലയും ലക്ഷ്യം വെച്ചാണ്. കേന്ദ്രസര്‍ക്കാര്‍ വന്‍ മുതല്‍ മുടക്കാണ് ഇതിനോടകം ഈ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. റബറധിഷ്ഠിത വ്യവസായ ഇടനാഴിയായി വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ മാറുമ്പോള്‍ തിരിച്ചടി നേരിടുന്നത് കേരളത്തിന്റെ റബറധിഷ്ഠിത കാര്‍ഷിക സമ്പദ്ഘടനയായിരിക്കും.

2022 ല്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വര്‍ഷം ഇന്ത്യയിലെ കര്‍ഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന് മോഡി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാഴ്വാക്കായി ബജറ്റിലൂടെ മാറിയിരിക്കുന്നുവെന്നും കോര്‍പ്പറേറ്റുകള്‍ക്ക് കാര്‍ഷിക മേഖലയെ തീറെഴുതി ഗ്രാമീണ കര്‍ഷകനെ വാഗ്ദാനങ്ങള്‍ നല്‍കി അപമാനിക്കുന്ന ബജറ്റാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടതെന്നും വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.