ദുബായ് / ന്യൂഡല്‍ഹി: സാധാരണക്കാരായ പ്രവാസികളുടെ പ്രതീക്ഷകള്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്ത ബജറ്റാണ് നരേന്ദ്ര മോഡി സര്‍ക്കാര്‍ ഈ വര്‍ഷത്തേക്ക് അവതരിപ്പിച്ചിട്ടുള്ളതെന്ന പരാതി വ്യാപകമാണെങ്കിലും ബജറ്റിനെ യു.എ.ഇയിലെ എന്‍.ആര്‍.ഐ വ്യവസായികള്‍ പൊതുവേ സ്വാഗതം ചെയ്തു. ജീവിത ഗതിയടഞ്ഞ് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി ആശ്വാസ പദ്ധതികളൊന്നുമില്ല ബജറ്റില്‍. അതേസമയം, രാജ്യത്തിന്റെ മൊത്തത്തിലുള്ള വളര്‍ച്ച വിഭാവനം ചെയ്യുന്ന രചനാത്മകമായ ബജറ്റെന്നാണ് എന്‍.ആര്‍.ഐ വ്യവസായികളില്‍ പലരും വിശേഷിപ്പിച്ചത്.
മഹാമാരിയില്‍ നിന്നുള്ള വീണ്ടെടുക്കല്‍ നിലനിര്‍ത്തുന്നതിന് 'സമ്പദ് വ്യവസ്ഥയുടെ പ്രധാന എഞ്ചിനുകള്‍' സജീവമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 39.45 ലക്ഷം കോടി രൂപയുടെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. അതിനായി ഭവന നിര്‍മ്മാണം, ഹൈവേകള്‍ തുടങ്ങിയ മേഖലകളില്‍ ഉയര്‍ന്ന തോതിലുള്ള ചെലവഴിക്കല്‍ വിഭാവനം ചെയ്തിരിക്കുന്നു. അതേസമയം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുമായി ധനമന്ത്രി അടിസ്ഥാന സൗകര്യവികസനത്തിന് വേണ്ടിയുള്ള ചെലവുകള്‍ വര്‍ധിപ്പിക്കുമ്പോഴും പുതിയ ആദായനികുതി സ്ലാബുകളോ നികുതി നിരക്കുകളോ നിര്‍ദ്ദേശിച്ചിട്ടില്ല.
സമ്പദ്വ്യവസ്ഥയ്ക്ക് പ്രയോജനകരമാകുന്ന വളര്‍ച്ചയ്ക്കും നിക്ഷേപങ്ങള്‍ക്കും ധാരാളം അവസരങ്ങളൊരുക്കുന്ന ക്രിയാത്മക ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് യുഎഇയിലെ രണ്ടാമത്തെ വലിയ സ്വകാര്യ സ്റ്റീല്‍ നിര്‍മ്മാതാക്കളായ കൊണാറെസിന്റെ സ്ഥാപകനും സിഇഒയുമായ ഭരത് ഭാട്ടിയ പറഞ്ഞു.'നഗര ശേഷി വര്‍ധിപ്പിക്കല്‍, കെട്ടിടങ്ങളുടെ നവീകരണം, നഗരാസൂത്രണ പദ്ധതികള്‍, ട്രാന്‍സിറ്റ് അധിഷ്ഠിത വികസനം എന്നിവയ്ക്ക് അത്ര വലുതല്ലെങ്കിലും ബജറ്റില്‍ വകയിരുത്തലുണ്ട്. നഗരമേഖലയുടെ വികസനത്തിന് 250 ബില്യണ്‍ രൂപ വിനിയോഗിച്ച് സെന്റര്‍ ഓഫ് എക്സലന്‍സ് സ്ഥാപിക്കുന്നതിനുള്ള പ്രഖ്യാപനം സ്വാഗതാര്‍ഹം.താങ്ങാനാവുന്ന ഭവനങ്ങള്‍ക്കായി 480 ബില്യണ്‍ രൂപയും സോളാര്‍ ഉപകരണ നിര്‍മ്മാണത്തിന് 195 ബില്യണ്‍ രൂപയും ചെലവഴിക്കുന്നത് അടിസ്ഥാന സൗകര്യ വികസന മേഖലയ്ക്ക് ഗുണകരമാകും. സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ഉത്തേജനമാകുകയും ചെയ്യും', അദ്ദേഹം പറഞ്ഞു.
സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഫ്‌ളാറ്റ് നിര്‍മ്മാണത്തിനുള്ള ഉല്‍പ്പന്നങ്ങള്‍, സ്റ്റീല്‍ ബാറുകള്‍ എന്നിവയുടെ കസ്റ്റംസ് തീരുവ റദ്ദാക്കിയതിനെ ഭാട്ടിയ അഭിനന്ദിച്ചു; ചെറുകിട-ഇടത്തരം ബിസിനസുകള്‍ക്ക് സ്റ്റീല്‍ സ്‌ക്രാപ്പിന്റെ കസ്റ്റംസ് തീരുവ ഇളവ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടിയതും നല്ല നടപടിയാണ്.
ആരോഗ്യ പരിപാലനം
മൂലധനച്ചെലവ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തത് രചനാത്മക നീക്കമാണെന്ന് വി.പി.എസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലില്‍ പറഞ്ഞു.'ഇന്ത്യയുടെ മൊത്തത്തിലുള്ള വളര്‍ച്ചയാണ് ബജറ്റ് വിഭാവനം ചെയ്യുന്നത്. ആരോഗ്യ പരിപാലനത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത് സ്വാഗതാര്‍ഹമാണ്. കൊറോണയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ വാക്‌സിനേഷന്‍ കാമ്പയിന്‍ നിര്‍ണായകമാണ്. അത് തുടരുന്നതും ഉചിതം ' വയലില്‍ പറഞ്ഞു. മാനസികാരോഗ്യത്തിന്റെ പ്രാധാന്യത്തെ സര്‍ക്കാര്‍ അംഗീകരിക്കുന്നത് പുരോഗമനപരമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.'നാഷണല്‍ ടെലി മെന്റല്‍ ഹെല്‍ത്ത്' പരിപാടി ആരംഭിക്കുന്നതിന്റെ പ്രഖ്യാപനം എല്ലാ പ്രായത്തിലുമുള്ള ആളുകള്‍ക്ക് പ്രയോജനകരമാകും. അതുപോലെ, ദേശീയ ഡിജിറ്റല്‍ ഇക്കോസിസ്റ്റം ആരോഗ്യ സംരക്ഷണത്തിനുള്ള സാര്‍വത്രിക പ്രവേശനമെന്ന ആശയത്തിനും കാഴ്ചപ്പാടിനും ഊന്നല്‍ നല്‍കുന്നുണ്ട്- ഡോ.ഷംഷീര്‍ വയലില്‍ പറഞ്ഞു.
ഇ-പാസ്പോര്‍ട്ടും ഡിജിറ്റല്‍ കറന്‍സിയും അവതരിപ്പിക്കുന്ന പ്രഖ്യാപനങ്ങളെ ദുബായിലെ സാം കോര്‍പ്പറേറ്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സുനില്‍ കുമാര്‍ കെ അഭിനന്ദിച്ചു. ഇ-പാസ്പോര്‍ട്ട് എന്‍.ആര്‍.ഐ സമൂഹത്തിന് ഏറ്റവും സ്വീകാര്യമാകും.ആര്‍.ബി.ഐയുടെ നിര്‍ദ്ദിഷ്ട ഡിജിറ്റല്‍ രൂപ ഡിജിറ്റല്‍ കറന്‍സി വിപണിയിലെ ഒരു 'ട്രെന്‍ഡ്സെറ്റര്‍' ആയിരിക്കുമെന്നും കുമാര്‍ പറഞ്ഞു, 'രാജ്യത്താകെ പുതിയ ഉത്തേജനവും നിയന്ത്രണങ്ങളും ആത്മവിശ്വാസവും കൊണ്ടുവരാന്‍ ഇതിടയാക്കും. ഭാവി ശോഭനമാണ്.'
ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയെയും കാര്യക്ഷമമായ കറന്‍സി മാനേജ്മെന്റിനെയും ഉത്തേജിപ്പിക്കുന്നതിനായി 2022 ഏപ്രില്‍ മുതല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഡിജിറ്റല്‍ കറന്‍സി അവതരിപ്പിക്കുമെന്നാണ് സീതാരാമന്‍ തന്റെ ബജറ്റില്‍ പറഞ്ഞിട്ടുള്ളത്. എംബഡഡ് ചിപ്പ് ഉള്ള ഇ-പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കുമെന്നും അവര്‍ അറിയിച്ചു.
.
കമ്പനികള്‍ക്ക് സ്വമേധയാ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതിനു വഴി തെളിക്കുന്ന 'വോളന്ററി വൈന്‍ഡിംഗ് അപ്പ് ' സൗകര്യം ബിസിനസ് വളര്‍ച്ച വര്‍ദ്ധിപ്പിക്കുമെന്നും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയര്‍ത്തുമെന്നും കുമാര്‍ പറഞ്ഞു.'നിക്ഷേപത്തിനുള്ള ധനസഹായം സ്വാഗതാര്‍ഹമായ നീക്കമാണ്, ഇത് പ്രാരംഭ ഘട്ടത്തിലുള്ള കമ്പനികളുടെ വളര്‍ച്ചയ്ക്ക് വലിയ ഉത്തേജനം നല്‍കും. യുവ സംരംഭക തലമുറയെ പിന്തുണയ്ക്കുന്നതിനേക്കാള്‍ മികച്ചതായി മറ്റൊന്നില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയര്‍ എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ (ഇഎസ്സി) റീജിയണല്‍ ഡയറക്ടറും , ദുബായ് ആന്‍ഡ് നോര്‍ത്തേണ്‍ എമിറേറ്റ്സ് ഓഫ് ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) ചെയര്‍മാനും അല്‍ മായ ഗ്രൂപ്പ് ഡയറക്ടറുമായ കമല്‍ വചാനിയും ബജറ്റിനെ സ്വാഗതം ചെയ്തു.'400 പുതിയ തലമുറ വന്ദേ ഭാരത് ട്രെയിനുകള്‍ അവതരിപ്പിക്കുന്നത് ധനമന്ത്രിയുടെ സ്വാഗതാര്‍ഹമായ നടപടിയാണ്, ഇത് യാത്രക്കാര്‍ക്ക് വിദേശ രാജ്യങ്ങളില്‍ ലഭ്യമാകുന്നത് പോലെ മികച്ച കാര്യക്ഷമതയും സൗകര്യങ്ങളും നല്‍കും,' അദ്ദേഹം പറഞ്ഞു.മെച്ചപ്പെട്ട പരിരക്ഷയും സുരക്ഷയും നല്‍കുന്ന ഇ-പാസ്പോര്‍ട്ടുകള്‍ ഏര്‍പ്പെടുത്തിയതും എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം (ഇസിഎല്‍ജിഎസ്) 2023 മാര്‍ച്ച് വരെ നീട്ടുന്നതും സ്വാഗതാര്‍ഹമായ നടപടികളാണെന്നും വചാനി ചൂണ്ടിക്കാട്ടി.
ട്രാവല്‍ ആന്‍ഡ് ടൂറിസം
വികസനത്തിന്റെ വ്യത്യസ്ത സ്തംഭങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു ഈ വര്‍ഷത്തെ ഇന്ത്യന്‍ ബജറ്റ് എന്ന് ബിഎന്‍ബിമീ ഹോളിഡേ ഹോംസ് സിഇഒ വിനായക് മഹ്താനി പറഞ്ഞു. 'ട്രാവല്‍ ആന്‍ഡ് ടൂറിസം വ്യവസായത്തെ ഗുണപരമായി സ്വാധീനിക്കുന്നതാണ് പുതിയ ബജറ്റെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. യു.എ.ഇയിലെയും ഇന്ത്യയിലെയും ഹോളിഡേ ഹോം മാനേജ്മെന്റ് കമ്പനികളുടെ ഓപ്പറേറ്റര്‍മാര്‍ എന്ന നിലയില്‍, പുതിയ ആക്ഷന്‍ പ്ലാന്‍ ഇന്ത്യയിലെ ഞങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തുന്നതിന് സഹായിക്കും. ഈ വര്‍ഷം കൂടുതല്‍ ആളുകള്‍ ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് യാത്ര ചെയ്യാന്‍ തയ്യാറാകും', മഹ്താനി പറഞ്ഞു.
തൊഴില്‍ വര്‍ദ്ധന, മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍, അടിസ്ഥാന സൗകര്യ വളര്‍ച്ച എന്നിവയിലൂടെ ദരിദ്രരെ ബജറ്റ് എങ്ങനെ ക്രിയാത്മകമായി സ്വാധീനിക്കും എന്നതാണ് വരും വര്‍ഷങ്ങളില്‍ കാണേണ്ടതെന്ന് ബ്ലൂ സ്റ്റാര്‍ ഇന്റര്‍നാഷണല്‍ ഫ്രീ സോണ്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഒസൈര്‍ ദാവൂദ് പറഞ്ഞു.'ഇന്ത്യന്‍ വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനുള്ള നീക്കം ഏറ്റവും ഫലപ്രദമാകണം. അതായത്, ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക്് മികച്ച ഗുണനിലവാരം ഉറപ്പാക്കാന്‍ സൗകര്യങ്ങള്‍ ഒരുക്കണം. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശത്തിന് അനുസൃതമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അയല്‍ രാജ്യങ്ങളെയും സൗഹൃദ രാജ്യങ്ങളെയും ഇന്ത്യ പ്രോത്സാഹിപ്പിക്കണം. ഇതിനായുള്ള നിര്‍ദ്ദേശം അദ്ദേഹം വളരെക്കാലം മുമ്പ് തന്നെ നല്‍കിയിരുന്നതാണ്', ഒസൈര്‍ ദാവൂദ് ചൂണ്ടിക്കാട്ടി.
ആഭ്യന്തര നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുകയും ചെയ്യുന്നതിന് ക്യാപെക്സില്‍ (മൂലധനച്ചെലവ്) വലിയ ഉത്തേജനം നല്‍കുന്ന വളര്‍ച്ചാ കേന്ദ്രീകൃത ബജറ്റാണിതെന്ന് ധ്രുവ അഡൈ്വസേഴ്സ് സിഇഒ ദിനേശ് കനബാര്‍ പറഞ്ഞു. 'സ്ഥിരത പ്രദാനം ചെയ്യുന്നതിനും നികുതി വ്യവഹാരങ്ങള്‍ കുറയ്ക്കുന്നതിനും ബിസിനസ്സ് ചെയ്യാനുള്ള എളുപ്പം (ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്) പ്രോത്സാഹിപ്പിക്കുന്നതിനും വലിയ ശ്രദ്ധ ചെലുത്തുന്ന ബജറ്റാണിത്. ലോകത്തെ അതിവേഗം വളരുന്ന വലിയ സമ്പദ് വ്യവസ്ഥകളിലൊന്നാണ് ഇന്ത്യയെന്നു സ്ഥിരീകരിക്കാന്‍ ഇത് വഴിയൊരുക്കും', കനബാര്‍ അഭിപ്രായപ്പെട്ടു.
അതേസമയം, മൂലധനച്ചെലവ് പദ്ധതികള്‍ ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും വരുമാനം വര്‍ധിപ്പിക്കുന്നതിനുള്ള വ്യക്തമായ നടപടികളൊന്നും കേന്ദ്ര ബജറ്റില്‍ ഇല്ലെന്നത് മുഴച്ചു നില്‍ക്കുന്ന പോരായ്മ തന്നെയാണെന്ന് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഒരു കുറിപ്പില്‍ ചൂണ്ടിക്കാട്ടി. ധന ഏകീകരണത്തെ സഹായിക്കുന്നതിന് വഴി തെളിക്കുന്ന ശക്തമായ വളര്‍ച്ചാ പ്രതീക്ഷയെ സര്‍ക്കാര്‍ അതിരറ്റ് ആശ്രയിക്കുന്നുവെന്നതിനുള്ള തെളവാണ് ധനക്കമ്മി കണക്കുകളെന്നും മൂഡീസ് പറയുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.