മന്ത്രിയുടെ കത്തില്‍ ഒരിടത്തും ശുപാര്‍ശയില്ല, നിര്‍ദ്ദേശം മാത്രമെന്ന് ലോകായുക്ത; ആര്‍ ബിന്ദുവിനെതിരായ ഹര്‍ജിയില്‍ ഉത്തരവ് വെളളിയാഴ്ച

മന്ത്രിയുടെ കത്തില്‍ ഒരിടത്തും ശുപാര്‍ശയില്ല, നിര്‍ദ്ദേശം മാത്രമെന്ന് ലോകായുക്ത; ആര്‍ ബിന്ദുവിനെതിരായ ഹര്‍ജിയില്‍ ഉത്തരവ് വെളളിയാഴ്ച

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ മന്ത്രി ആര്‍.ബിന്ദു ചാന്‍സിലര്‍ക്ക് നല്‍കിയ കത്തില്‍ ഒരിടത്തും ശുപാര്‍ശയില്ലെന്ന് ലോകായുക്ത. രമേശ് ചെന്നിത്തല മന്ത്രിയ്ക്കെതിരെ നല്‍കിയ ഹര്‍ജിയില്‍ വാദത്തിനിടെയാണ് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിന്റെ പ്രതികരണം.

കത്തില്‍ ഒരിടത്തും 'റെക്കമെന്റ്' എന്നില്ല. പകരം നിര്‍ദ്ദേശിക്കുകയാണ് ചെയ്തത്. അതിനാല്‍ ഇത് സ്വീകരിക്കാനും നിരസിക്കാനും ഗവര്‍ണര്‍ക്ക് അധികാരമുണ്ട്, നിര്‍ദ്ദേശം മന്ത്രി നല്‍കിയെങ്കില്‍ നിയമനാധികാരിയായ ഗവര്‍ണര്‍ അത് എന്തുകൊണ്ട് നിരസിച്ചില്ലെന്നും ലോകായുക്ത വാദത്തിനിടെ ചോദിച്ചു.

അതേസമയം മന്ത്രി പദവി ദുരുപയോഗം ചെയ്തെന്നും പക്ഷപാതം കാണിച്ചെന്നുമാണ് പരാതിയെന്ന് ചെന്നിത്തലയ്ക്ക് വേണ്ടി ഹാജരായ ജോര്‍ജ് പൂന്തോട്ടം വാദിച്ചു. എന്നാല്‍ ഹര്‍ജിക്കാരന്റെ രാഷ്ട്രീയം നോക്കണമെന്ന് മന്ത്രിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു. സര്‍ക്കാരിന് ആരുടെയെങ്കിലും പേര് നിര്‍ദ്ദേശിക്കാനുണ്ടോയെന്ന് ഗവര്‍ണര്‍ ചോദിച്ചതിന് പിന്നാലെയാണ് മന്ത്രി കത്ത് നല്‍കിയതെന്ന് സൂചിപ്പിക്കുന്ന തെളിവ് സര്‍ക്കാര്‍ വാദത്തിനിടെ ഹാജരാക്കി.

മന്ത്രിക്ക് വൈസ് ചാന്‍സിലറില്‍ നിന്നും എന്തെങ്കിലും പ്രത്യുപകാരം ലഭിച്ചെന്നുളള തെളിവ് ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചില്ലെന്ന് ലോകായുക്ത പറഞ്ഞു. കെ.കെ രാഗേഷിന്റെ ഭാര്യയ്ക്ക് മലയാളം അസോസിയേറ്റ് പ്രഫസറായി നിയമനം നല്‍കിയതിന്റെ പ്രത്യുപകാരമാണെന്ന ആരോപണം നിലനില്‍ക്കില്ലെന്നും രാഷ്ട്രീയക്കാരന്റെ ഭാര്യയെന്നത് അപരാധമാണോയെന്നും ലോകായുക്ത ചോദിച്ചു. എ.ജിയുടെ ഉപദേശം അനുസരിച്ചാണ് മന്ത്രി നിര്‍ദ്ദേശിച്ചതെന്നും ലോകായുക്ത പറഞ്ഞു.

വി.സി നിയമനത്തില്‍ മന്ത്രിക്ക് പങ്കുണ്ടെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യമാണോയെന്ന് വെളളിയാഴ്ച തീരുമാനമുണ്ടാകും. രമേശ് ചെന്നിത്തലയുടെ ഹര്‍ജിയില്‍ ഉത്തരവ് അന്നുണ്ടാകും. അതിനുമുന്‍പ് ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് പ്രാബല്യത്തിലെത്തുമോയെന്ന് ഉപ ലോകായുക്ത ജസ്റ്റിസ് ഹാരുണ്‍ അല്‍ റഷീദ് ചോദിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.