തിരുവനന്തപുരം: വന്ദേഭാരത് ട്രെയിനുകള്‍ കെ-റെയിലിന് ബദലാകുമോ എന്നത് പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. മൂന്നുവര്‍ഷം കൊണ്ട് 400 അതിവേഗ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടികള്‍ പുറത്തിറക്കുമെന്ന് കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് പിന്നാലെയാണ് തരൂര്‍ നിലപാട് മാറ്റവുമായി രംഗത്തെത്തിയത്.
കെ-റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പിന്തുണച്ചതിന് തരൂരിനെതിരെ നേരത്തെ കോണ്‍ഗ്രസ് നടപടിക്കൊരുങ്ങിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ അടക്കമുള്ള നേതാക്കള്‍ രൂക്ഷ വിമര്‍ശനമാണ് തരൂരിനെതിരെ ഉയര്‍ത്തിയിരുന്നത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തരൂരിനെതിരെ നടപടി എടുക്കാന്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കെ-റെയില്‍ പുനപരിശോധിക്കണമെന്ന നിലപാടിലേക്ക് തരൂര്‍ എത്തി ചേര്‍ന്നത്.
വന്ദേഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സില്‍വര്‍ ലൈന്‍ (കെ-റെയില്‍) പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ശ്രദ്ധേയമായത് മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയുള്ള 400 പുതിയ വന്ദേഭാരത് ട്രെയിനുകളുടെ പ്രഖ്യാപനമാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഈ പദ്ധതി ഇപ്പോള്‍ കേരളത്തില്‍ പ്രഖ്യാപിച്ചിട്ടുള്ള കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതിയെക്കാള്‍ ചെലവ് കുറഞ്ഞതും ഊര്‍ജ്ജ-കാര്യക്ഷമമായതുമായ ഒരു ബദലാകുമോ എന്ന് നോക്കേണ്ടത് അത്യാവശ്യമാണെന്നാണ് തരൂര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.
വന്ദേ ഭാരത് ട്രെയിനുകളുടെ സേവനം കേരളത്തിന് ലഭിക്കുകയാണെങ്കില്‍ കേരളത്തിന്റെ വികസനത്തിന് വേണ്ടി സംസ്ഥാനത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വേഗതയുള്ള ഗതാഗത സൗകര്യം എന്ന സര്‍ക്കാരിന്റെ ആവശ്യകതക്കും അതേ സമയം പ്രതിപക്ഷത്തിന്റെ പ്രസ്തുത പദ്ധതിയുടെ സാമ്പത്തിക ബാധ്യത, ഭൂമി ഏറ്റെടുക്കല്‍, പരിസ്ഥിതി ആഘാതവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്കുള്ള പരിഹാരവുമായേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.