കോട്ടയം: മൂര്‍ഖന്റെ കടിയേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വാവ സുരേഷ് ജീവിതത്തിലേക്കു മടങ്ങുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുന്ന സുരേഷിന്റെ തലച്ചോറിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് എത്തുന്നുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ ജയകുമാര്‍ പറഞ്ഞു. ചോദ്യങ്ങള്‍ക്ക് പ്രതികരണവും ഉണ്ട്. കൈകാലുകളിലെ പേശികളുടെ ശേഷി പൂര്‍ണമായും തിരിച്ചു കിട്ടിയിട്ടില്ല. ദ്രവരൂപത്തില്‍ ഭക്ഷണം നല്‍കുന്നുണ്ടെന്നും ഡോ. ജയകുമാര്‍ പറഞ്ഞു.
വാവ സുരേഷ് ആശുപത്രിയിലാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പ്രാര്‍ഥനകളും വഴിപാടുകളും നടത്തി ഒരു വലിയ സമൂഹം കാത്തിരുന്നിരുന്നു. പള്ളികളിലും ക്ഷേത്രങ്ങളിലും വഴിപാടുകള്‍ നടത്തിയതിന്റെയും മറ്റും രസീതുകള്‍ പലരും സമൂഹ മാധ്യമങ്ങള്‍ വഴി പങ്കുവച്ചു. ആരോഗ്യസ്ഥിതിയെക്കുറിച്ച് അറിയാന്‍ കോട്ടയത്തുള്ള ബന്ധുക്കളെയും പരിചയക്കാരെയും നിരന്തരം വിളിച്ചവരുമുണ്ട്. എന്താണ് സംഭവിച്ചത് എന്നറിയാന്‍ കുറിച്ചിയിലെ വീട്ടുടമയേയും സമീപവാസികളെയും വിളിച്ചവരും ഒട്ടേറെയാണ്.
കുറിച്ചിയില്‍ വീട്ടുവളപ്പില്‍ കൂട്ടിയിട്ടിരുന്ന കരിങ്കല്ലുകള്‍ക്കിടയില്‍ നിന്നു പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കിലേക്കു കയറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് തിങ്കളാഴ്ച സുരേഷിന്റെ വലതുകാലിന്റെ തുടയില്‍ പാമ്പു കടിച്ചത്. കടിയേറ്റതോടെ പിടിവിട്ടു പോയ പാമ്പിനെ വീണ്ടും പിടിച്ച് കുപ്പിയിലാക്കിയ ശേഷമാണ് സുരേഷ് ആശുപത്രിയിലേക്കു പോയത്. കടിച്ച പാമ്പിനെ സുരേഷിന്റെ സഹായി തിരുവനന്തപുരത്തേക്കു കൊണ്ടുപോയി.
പാമ്പുകടിയേറ്റ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ സുരേഷിന് ഹൃദയാഘാതമുണ്ടായിരുന്നു. ഇതോടെ ശരീരത്തിലെ ഓക്‌സിജന്റെ അളവ് താഴ്ന്നു. ഇത് തലച്ചോറിന്റെയും ശരീരത്തിലെ പേശികളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുകയായിരുന്നു. പാമ്പിന്റെ വിഷവും പേശികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.