കൊച്ചി: ശബരിമലയില്‍ അറ്റകുറ്റപ്പണി ജോലികളില്‍ നാല് കോടിയുടെ അഴിമതി. ശബരിമല ഗസ്റ്റ് ഹൗസില്‍ താമസിച്ചു മടങ്ങുന്ന വിഐപികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ ബില്‍ ഉണ്ടാക്കിയെന്നും ശുചിമുറി നിര്‍മാണം സംബന്ധിച്ചു ക്രമക്കേട് നടന്നെന്നുമുള്ള വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ കേസെടുക്കുകയായിരുന്നു. സര്‍ക്കാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തുടങ്ങിയവരില്‍ നിന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി.അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് വിശദീകരണം തേടി. ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.
വ്യാജ ബില്ലുമായി ബന്ധപ്പെട്ടു വന്‍തോതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലന്‍സ് സംഘത്തിലെ ഉദ്യോഗസ്ഥരെ മാറ്റിയതിലും ഉന്നത ഉദ്യോഗസ്ഥരുടെ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില് പറയുന്നു. രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ ഉള്‍പ്പെടെ നാല് ഉദ്യോഗസ്ഥരെയാണു തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിജിലന്‍സ് വിഭാഗത്തില്‍ നിന്നും മാറ്റിയത്. വൈകാതെ വിരമിക്കുന്ന എസ്പിയെ മാത്രം നിലനിര്‍ത്തി ബാക്കിയുള്ളവരെ പൊലീസ് സേനയിലേക്കു മടക്കി.
ഗസ്റ്റ് ഹൗസില്‍ താമസിക്കുന്ന ഉന്നത ഉദ്യോഗസ്ഥര്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും ഭക്ഷണം നല്‍കിയ വകയില്‍ പെരുപ്പിച്ച ബില്‍ നല്‍കുന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ശബരിമല സന്ദര്‍ശിക്കുന്ന വിശിഷ്ട വ്യക്തികള്‍ ഭക്ഷണത്തിന്റെ ചെലവ് സ്വയം വഹിക്കണം. എന്നാല്‍ വര്‍ഷങ്ങളായി ഗസ്റ്റ് ഹൗസിന്റെ ചെലവ് ഓഡിറ്റ് ചെയ്തിട്ടില്ല. ശബരിമല സ്‌പെഷല്‍ കമ്മിഷണര്‍ ശബരിമലയില്‍ ഇല്ലാതിരുന്ന സമയത്തു പോലും അദ്ദേഹത്തിന്റെ ഭക്ഷണ ചെലവ് രേഖപ്പെടുത്തിയിട്ടുണ്ട്. സൗജന്യമായി ശുചിമുറികള്‍ നിര്‍മിക്കാമെന്നു കര്‍ണാടക സ്വദേശി അറിയിച്ചെങ്കിലും പരിപാലനച്ചെലവും വഹിക്കണമെന്നു പറഞ്ഞ് അദ്ദേഹത്തെ ദേവസ്വം ഒഴിവാക്കുകയായിരുന്നു. താല്‍ക്കാലിക ശുചിമുറികള്‍ നിര്‍മിച്ചത് ടെന്‍ഡര്‍ ക്ഷണിക്കാതെയാണ്. അറ്റകുറ്റപ്പണി ജോലികളില്‍ നാല് കോടി രൂപയുടെ അഴിമതിയാണ് വിജിലന്‍സ് കണ്ടെത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.