കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേക രജത ജൂബിലി ഇന്ന്; പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് വിശ്വാസ സമൂഹം

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മെത്രാഭിഷേക രജത ജൂബിലി ഇന്ന്; പ്രാര്‍ത്ഥനാശംസകള്‍ നേര്‍ന്ന് വിശ്വാസ സമൂഹം

കൊച്ചി: സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിന്റെ മെത്രാഭിഷേക രജത ജൂബിലി ഇന്ന്. സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിലെ ചാപ്പലില്‍ രാവിലെ കര്‍ദ്ദിനാള്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ചു.

കൂരിയാ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലും കൂരിയായില്‍ സേവനം ചെയ്യുന്ന വൈദികരും സഭയുടെ വലിയ ഇടയനോടൊപ്പം ദിവ്യ ബലിയില്‍ പങ്കുചേര്‍ന്നു. സഭാ കാര്യാലയത്തില്‍ ശുശ്രൂഷ ചെയ്യുന്ന സമര്‍പ്പിതരും അല്‍മായ ശുശ്രൂഷകരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. പിന്നീട് ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരയ്ക്കലിന്റെ നേതൃത്വത്തില്‍ വലിയ പിതാവിന് ജൂബിലി വര്‍ഷാരംഭത്തിന്റെ ആശംസകള്‍ നേര്‍ന്നു.

ചങ്ങനാശേരി അതിരൂപത ആരംഭിച്ച തക്കല മിഷനിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദമാക്കുന്നതിന്റെ ഭാഗമായി 1996 ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തക്കല രൂപത സ്ഥാപിച്ചപ്പോള്‍ പുതിയ രൂപതയുടെ മെത്രാനായി നിയമിച്ചതു ചങ്ങനാശേരി അതിരൂപതയുടെ അന്നത്തെ വികാരി ജനറാളായിരുന്ന ഫാ. ജോര്‍ജ് ആലഞ്ചേരിയെയാണ്.

1997 ഫെബ്രുവരി രണ്ടിന് മാര്‍ ജോസഫ് പൗവ്വത്തില്‍ മെത്രാപ്പോലീത്തായില്‍ നിന്നു മെത്രാന്‍ പട്ടം സ്വീകരിച്ചു. സ്ഥാനാരോഹണ കര്‍മ്മത്തിനു നേതൃത്വം നല്‍കിയത് മാര്‍ വര്‍ക്കി വിതയത്തില്‍ പിതാവായിരുന്നു.

തമിഴ് ഭാഷ പഠിച്ചു തമിഴ് മക്കളുടെ ഹൃദയത്തില്‍ ഇടംപിടിച്ചു പുതിയ രൂപതയ്ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ ബിഷപ്പ് ജോര്‍ജ് ആലഞ്ചേരി പതിനാലു വര്‍ഷം തക്കലയില്‍ ഇടയ ശുശ്രൂഷ ചെയ്തു. വര്‍ക്കി വിതയത്തില്‍ പിതാവ് കാലം ചെയ്തതിനെ തുടര്‍ന്നു സമ്മേളിച്ച സീറോ മലബാര്‍ സഭയുടെ മെത്രാന്‍ സിനഡ് സീറോ മലബാര്‍ സഭയെ നയിക്കാനുള്ള നിയോഗം ഭരമേല്‍പ്പിച്ചത് തക്കല ബിഷപ്പായിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ആയിരുന്നു. 2011 മെയ് 29 ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായി മാര്‍ ജോര്‍ജ് ആലഞ്ചേരി സ്ഥാനമേറ്റു.

പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ 2012 ഫെബ്രുവരി 18ന് മാര്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനെ കര്‍ദ്ദിനാള്‍ സ്ഥാനത്തേയ്ക്കുയര്‍ത്തി. 2013 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ തെരഞ്ഞെടുത്ത കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ അദ്ദേഹം പങ്കെടുത്തു.

മെത്രാന്‍പട്ട സ്വീകരണത്തിന്റെ ഇരുപത്തിയഞ്ചാം വര്‍ഷത്തിലേയ്ക്കു പ്രവേശിക്കുന്ന കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രസിഡന്റ്, കേരള ഇന്റര്‍ ചര്‍ച്ച് കൗണ്‍സിലിന്റെ ചെയര്‍മാന്‍ എന്നീ നിലകളിലും കേരള സഭയില്‍ നേതൃത്വം നല്‍കി വരുന്നു.

ചങ്ങനാശേരി അതിരൂപതയിലെ തുരുത്തി ഇടവകയില്‍ ആലഞ്ചേരില്‍ പീലിപ്പോസ്-മേരി ദമ്പതികളുടെ പത്തു മക്കളില്‍ ആറാമനായി 1945 ഏപ്രില്‍ 19 നാണ് ജനനം. 1972 ഡിസംബര്‍ 18 ന് മാര്‍ ആന്റണി പടിയറ പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു.

സാമ്പത്തിക ശാസ്ത്രത്തില്‍ രണ്ടാം റാങ്ക് നേടിയ ശേഷം ദൈവശാസ്ത്രത്തില്‍ ഒന്നാം റാങ്കില്‍ ബിരുദാനന്തര ബിരുദം നേടി. തുടര്‍ന്ന് ഫ്രാന്‍സിലെ സര്‍ബോണെ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും കരസ്ഥമാക്കി. 1974 ല്‍ ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സഹ വികാരിയായി നിയമിതനായി. 1976 മുതല്‍ 1978 വരെ ചങ്ങനാശേരി അതിരൂപതയുടെ മതബോധന ഡയറക്ടറായും സേവനമനുഷ്ടിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.