വാഷിംഗ്ടണ്‍:കനത്ത മഞ്ഞുവീഴ്ച രാജ്യത്തു വ്യാപകമായതോടെ സുരക്ഷാ നടപടികള്‍ക്കു വേഗം കൂട്ടി അമേരിക്ക. ശൈത്യകാല കൊടുങ്കാറ്റ് ഉള്‍പ്പെടെ ദശലക്ഷക്കണക്കിന് പേരെ ബാധിക്കാനിടയുള്ള വിപരീത കാലാവസ്ഥയാണ് രൂപപ്പെട്ടുവരുന്നതെന്ന് വിദഗ്ധര്‍ പറയുന്നു.ടെക്‌സാസില്‍ കാര്യക്ഷമമായ ക്രമീകരണങ്ങള്‍ പുരോഗമിക്കുന്നതായി ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചു.
ബുധനാഴ്ചത്തെ 1,000-ലധികം വിമാനങ്ങള്‍ എയര്‍ലൈനുകള്‍ റദ്ദാക്കിയതായി ഫ്‌ളൈറ്റ് ട്രാക്കിംഗ് സേവന ഏജന്‍സി അറിയിച്ചു. മഞ്ഞുവീഴ്ച പലയിടത്തും ദുസ്സഹമായിട്ടുണ്ട്. വാഹന ഗതാഗതം പരമാവധി ഒഴിവാക്കണമെന്നു ഗവര്‍ണര്‍മാര്‍ അഭ്യര്‍ത്ഥിച്ചു തുടങ്ങി.ന്യൂ മെക്സിക്കോ മുതല്‍ വെര്‍മോണ്ട് വരെയുള്ള പ്രദേശത്ത് ശൈത്യകാല കൊടുങ്കാറ്റ് ശക്തമാകുമെന്ന മുന്നറിയിപ്പുണ്ട്.
സ്‌കൂള്‍ ജില്ലകളും സര്‍വകലാശാലകളും ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റുകയോ പൂര്‍ണ്ണമായും റദ്ദാക്കുകയോ ചെയ്തതിനു പിന്നാലെ മിസോറി ഗവര്‍ണര്‍ മൈക്ക് പാര്‍സണ്‍ സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ചിക്കാഗോ ഒ'ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളം പുറപ്പെടാനിരുന്ന 100 ലധികം വിമാന സര്‍വീസുകള്‍ റദ്ദാക്കി. കന്‍സാസ് സിറ്റിയിലെയും ഡെട്രോയിറ്റിലെയും വിമാനത്താവളങ്ങളും പതിവിലും കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിക്കഴിഞ്ഞു.
കഴിഞ്ഞ വാരാന്ത്യത്തില്‍, കിഴക്കന്‍ തീരത്തിന്റെ പല ഭാഗങ്ങളിലും മഞ്ഞുവീഴ്ച ഏറിയതിനു തൊട്ടുപിന്നാലെ മിഷിഗണില്‍ മിക്കയിടത്തും ഒരടിയിലധികം മഞ്ഞ് അടിഞ്ഞു.'ഇത് വളരെ കുഴപ്പമുള്ള ഒരു സാഹചര്യമാണ്, യാത്ര വളരെ ബുദ്ധിമുട്ടാകും,' മേരിലാന്‍ഡ് കോളേജ് പാര്‍ക്ക് നാഷണല്‍ വെതര്‍ സര്‍വീസിലെ കാലാവസ്ഥാ നിരീക്ഷകന്‍ മാര്‍ട്ടി റൗഷ് പറഞ്ഞു. നാഷണല്‍ സയന്‍സ് ഫൗണ്ടേഷന്റെയും മറ്റ് സര്‍ക്കാര്‍ ഗ്രാന്റുകളുടെയും ധനസഹായത്തോടെ, സെന്റര്‍ ഫോര്‍ സിവിയര്‍ വെതര്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞരും കാലാവസ്ഥാ നിരീക്ഷകരും 'ടൊര്‍ണാഡോകള്‍' വരാനുള്ള സാധ്യത പരിശോധിച്ചുകൊണ്ടിരിക്കുന്നു.
ഒരു വര്‍ഷം മുമ്പ് ശൈത്യകാല കൊടുങ്കാറ്റുകളില്‍ ടെക്‌സാസിലെ പവര്‍ ഗ്രിഡ് തകര്‍ന്ന് ജനങ്ങള്‍ കഷ്ടപ്പെട്ട അനുഭവം ആവര്‍ത്തിക്കാതിരിക്കന്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ ഗ്രെഗ് അബോട്ട് അറിയിച്ചു.എങ്കിലും തകരാറുകളൊന്നും ഉണ്ടാകില്ലെന്ന് ആര്‍ക്കും ഉറപ്പുനല്‍കാന്‍ കഴിയില്ല- ഗവര്‍ണര്‍ പറഞ്ഞു.ഒരു വര്‍ഷം മുന്‍കൂട്ടി കണ്ടുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് നടപ്പാക്കിവരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളിലൂടെ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.