അമ്പതിലധികം ട്രെയിനുകള്‍ റദ്ദാക്കി; ശനിയാഴ്ച മുതല്‍ 72 മണിക്കൂര്‍ ഗതാഗത തടസമുണ്ടാകും

 അമ്പതിലധികം ട്രെയിനുകള്‍ റദ്ദാക്കി; ശനിയാഴ്ച മുതല്‍ 72 മണിക്കൂര്‍ ഗതാഗത തടസമുണ്ടാകും

മുംബൈ: അമ്പതിലധികം ട്രെയിനുകള്‍ റദ്ദാക്കി. ഇതോടെ ശനിയാഴ്ച മുതല്‍ 72 മണിക്കൂര്‍ ഗതാഗത തടസമുണ്ടാകും. താനെ-ദിവ സ്റ്റേഷനുകള്‍ക്കിടയില്‍ അഞ്ച്, ആറ് ലൈനുകള്‍ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാല്‍ അഞ്ചിന് ശനിയാഴ്ച അര്‍ധരാത്രി മുതല്‍ 72 മണിക്കൂറോളം ഇതുവഴിയുള്ള തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെടും. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെയുള്ള 52 ദീര്‍ഘദൂര വണ്ടികള്‍ സര്‍വീസ് റദ്ദാക്കിയിട്ടുണ്ട്.

എല്‍.ടി.ടി.-കൊച്ചുവേളി എക്സ്പ്രസ്, എല്‍.ടി.ടി.-എറണാകുളം തുരന്തോ എക്സ്പ്രസ് എന്നിവയും റദ്ദാക്കിയവയില്‍പ്പെടും. നേത്രാവതി എക്സ്പ്രസ് പനവേല്‍വരെ മാത്രമേ ഓടുകയുള്ളൂ. പുറപ്പെടുന്നതും ഇവിടെനിന്നാവും. സി.എസ്.ടി., ദാദര്‍, എല്‍.ടി.ടി എന്നിവിടങ്ങളില്‍ നിന്നു പുണെ, കര്‍മാലി, മഡ്ഗാവ്, ഹുബ്ലി, നാഗ്പുര്‍, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീര്‍ഘദൂരവണ്ടികളും റദ്ദാക്കിയവയില്‍പ്പെടും.

ദിവ-രത്നഗിരി, ദിവ-സാവന്ത്വാഡി പാസഞ്ചര്‍ വണ്ടികളും റദ്ദാക്കിയിട്ടുണ്ട്. കൊങ്കണ്‍ പാതയിലൂടെ ഓടുന്ന പല വണ്ടികളും പനവേലില്‍ യാത്ര അവസാനിപ്പിക്കും. ഈ വണ്ടികള്‍ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക. ഹൈദരാബാദ്-സി.എസ്.ടി. എക്സ്പ്രസ്(17032) ഫെബ്രുവരി നാല്, അഞ്ച് തീയതികളില്‍ പുണെയില്‍ യാത്ര അവസാനിപ്പിക്കും. ഈ വണ്ടി തൊട്ടടുത്ത ദിവസം യാത്ര പുറപ്പെടുന്നതും പുണെയില്‍ നിന്നാവും.

ഗതാഗതതടസം നേരിടുന്ന സമയത്ത് സി.എസ്.ടി., ദാദര്‍, എല്‍.ടി.ടി. സ്റ്റേഷനുകളില്‍ നിന്നും കല്യാണ്‍ ഭാഗത്തേക്ക് ഓടുന്ന ദീര്‍ഘദൂര വണ്ടികള്‍ ലോക്കല്‍ ട്രെയിനിന്റെ പാളത്തിലൂടെയായിരിക്കും സഞ്ചരിക്കുക. അതിനാല്‍ താനെയില്‍ ഈ വണ്ടികള്‍ക്ക് തല്‍ക്കാലം സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.

ഇവിടെ നിന്നും കയറേണ്ട യാത്രക്കാര്‍ ദാദറിലോ കല്യാണിലോ എത്തി വണ്ടിയില്‍ കയറേണ്ടതാണെന്നും റെയില്‍വേ അറിയിച്ചു. കൊങ്കണ്‍ പാതയിലൂടെ പോകേണ്ടവര്‍ പനവേലില്‍ എത്തേണ്ടതാണ്. ദിവ-വസായ് റോഡ്-പനവേല്‍ മെമു സര്‍വീസും റദ്ദാക്കിയ വണ്ടികളുടെ പട്ടികയില്‍ ഉള്‍പ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.