സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ തയാറാക്കാന്‍ ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപ

സില്‍വര്‍ ലൈനിന്റെ ഡിപിആര്‍ തയാറാക്കാന്‍  ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപ

കൊച്ചി: കേന്ദ്ര നിലപാടിനെ തുടര്‍ന്ന് കൂടുതല്‍ അനശ്ചിതത്വത്തിലായ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഡിപിആര്‍ തയാറാക്കാന്‍ സര്‍ക്കാര്‍ ഇതുവരെ ചെലവഴിച്ചത് 22 കോടി രൂപ. മുന്‍ഗണനാ സാധ്യതാ പഠനം, ഡിപിആര്‍ (ഡീറ്റയില്‍ഡ് പൊജക്ട് റിപ്പോര്‍ട്ട്) തയാറാക്കല്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ ഇത്രയും തുക ചെലവഴിച്ചത്. കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ സിസ്ട്രയ്ക്കാണ് 22 കോടി രൂപ നല്‍കിയത്.

ഇതിനിടെ സില്‍വര്‍ ലൈനിന് കേന്ദ്രാനുമതിയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം പച്ചക്കള്ളമാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. പദ്ധതിക്ക് അനുമതിയില്ലെന്ന കാര്യം സംസ്ഥാന ധനമന്ത്രി ശരിവച്ചതാണെന്ന് മുരളീധരന്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ അവകാശവാദത്തെ കെ.എന്‍ ബാലഗോപാല്‍ ഫലത്തില്‍ തള്ളിക്കളയുകയാണ്. ആരെ ബോധിപ്പിക്കാനാണ് സില്‍വര്‍ ലൈനിന്റെ പേരില്‍ സര്‍വേക്കല്ലുകള്‍ സ്ഥാപിക്കുന്നതെന്ന് വി മുരളീധരന്‍ ചോദിച്ചു.

സര്‍വേക്കല്ലുകള്‍ കാണിച്ച് എവിടെനിന്നോ എന്തോ കിട്ടാനുണ്ടെന്ന് സംശയമുണ്ട്. ആയിരക്കണക്കിന് ആള്‍ക്കാരെ കുടിയൊഴിപ്പിച്ചുള്ള പദ്ധതി നടപ്പാക്കേണ്ട സാഹചര്യം കേരളത്തിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിലെ സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹര്‍ജിക്കാരുടെ ഭൂമിയില്‍ കെ റെയിലിനായി സര്‍വേ നടത്തരുതെന്നായിരുന്നു ഇടക്കാല ഉത്തരവ്.

ഈ തീരുമാനം സില്‍വര്‍ ലൈന്‍ പദ്ധതികളെ അട്ടിമറിക്കുമെന്നും സാമൂഹികാഘാത പഠനത്തെ തടസപ്പെടുത്തുമെന്നുമാണ് സര്‍ക്കാര്‍ വാദം. സര്‍ക്കാര്‍ വാദം പരിഗണിക്കാതെ ഏകപക്ഷീയമായ ഉത്തരവാണ് പുറപ്പെടുവിച്ചതെന്നും അപ്പീലില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.