ഗൂഢാലോചന കേസ്: ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ഫോണുകള്‍ കോടതിയില്‍ തുറക്കില്ല

 ഗൂഢാലോചന കേസ്: ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ഫോണുകള്‍ കോടതിയില്‍ തുറക്കില്ല

കൊച്ചി: ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ഫോണുകള്‍ കോടതിയില്‍ തുറക്കില്ല. തിരുവനന്തപുരത്തെ ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് ഫോണുകള്‍ നേരിട്ട് അയക്കുമെന്ന് കോടതി അറിയിച്ചു. ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. ഹൈക്കോടതിയുമായി ബന്ധപ്പെട്ടതിനു ശേഷമായിരുന്നു തീരുമാനം. പ്രതിഭാഗത്തിന്റെ വാദങ്ങളെ പൂര്‍ണമായും അംഗീകരിച്ചുകൊണ്ടായിരുന്നു ജസ്റ്റിസ് ആനി വര്‍ഗീസിന്റെ ഉത്തരവ്.

ഫോണുകള്‍ കോടതിയില്‍ വച്ച് തുറന്നു പരിശോധിച്ചതിനു ശേഷം പരിശോധനയ്ക്ക് അയക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഫോറന്‍സിക് സയന്‍സ് ലാബില്‍ എത്തുമ്പോള്‍ ഫോണിന്റെ അണ്‍ലോക്ക് പാറ്റേണുകള്‍ തെറ്റാണെകില്‍ വീണ്ടും സമയമെടുക്കും എന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

കേസിലെ ഒന്ന്, രണ്ട്, നാല് പ്രതികളുടെ ഫോണുകളുടെ പാസ്വേര്‍ഡുകളാണ് കോടതിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ചിരുന്നത്. ഫോണ്‍ ലോക്കുകള്‍ അഞ്ച് മണിക്ക് മുന്‍പ് കൈമാറണമെന്നായിരുന്നു കോടതിയുടെ നിര്‍ദ്ദേശം. 2.50 ന് തന്നെ അഭിഭാഷകര്‍ പാറ്റേണുകള്‍ കൈമാറുകയായിരുന്നു.

ദിലീപിന്റെ ആറ് ഫോണുകള്‍ ആലുവ കോടതിക്ക് കൈമാറാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ഫോണുകള്‍ അന്വേഷണ സംഘത്തിന് കൈമാറുന്നതിന് ആലുവ മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്.

ഫോണ്‍ അണ്‍ലോക്ക് പാറ്റേണ്‍ കോടതിക്ക് നല്‍കാന്‍ പ്രതികള്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ദിലീപിന്റെ മറ്റ് ഫോണുകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. ആറ് ഫോണുകളില്‍ അഞ്ചെണ്ണം തിരിച്ചറിഞ്ഞു. പുതിയ ഫോണുകള്‍ കൂടി കണ്ടെത്തിയിട്ടുണ്ടെന്ന് ഡിജിപി ഹൈക്കോടതിയെ അറിയിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.