ജുഡീഷ്യറിയെ അപമാനിക്കുന്നത് കെ.ടി ജലീല്‍ ഉടന്‍ അവസാനിപ്പിക്കണം: സീറോ മലബാര്‍ സഭ അല്‍മായ ഫോറം

 ജുഡീഷ്യറിയെ അപമാനിക്കുന്നത് കെ.ടി ജലീല്‍ ഉടന്‍ അവസാനിപ്പിക്കണം: സീറോ മലബാര്‍ സഭ അല്‍മായ ഫോറം


കൊച്ചി: ലോകായുക്തയായ ജസ്റ്റിസ് സിറിയക് ജോസഫിനെ അധിക്ഷേപിച്ച് മുന്‍മന്ത്രി കെ.ടി. ജലീല്‍ രംഗത്തു വന്നത് സമൂഹത്തിലെ അഴിമതിക്കെതിരെ വിധി പറയുന്ന ജുഡീഷ്യറിയോടുള്ള വെല്ലുവിളിയും ക്രൈസ്തവ ന്യൂനപക്ഷങ്ങളെ തിരഞ്ഞു പിടിച്ച് ആക്രമിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് സീറോ മലബാര്‍ സഭ അല്‍മായ ഫോറം.

ക്രൈസ്തവ അധ്യക്ഷന്മാരെയും നിരപരാധികളായ ക്രൈസ്തവരെയും നവ മാധ്യമങ്ങളിലൂടെയും അവഹേളിക്കുന്നത് സാധാരണമായിരിക്കുന്നു. സത്യസന്ധമായ ട്രാക്ക് റെക്കോര്‍ഡുള്ള, ഭാരതത്തിലെ ഉന്നത ന്യായപീഠങ്ങളില്‍ ഇരുന്നിട്ടുള്ള ജസ്റ്റിസ് സിറിയക് ജോസഫിനെതിരെയുള്ള ആക്രമണങ്ങളെ അല്‍മായ ഫോറം ശക്തമായി അപലപിച്ചു.

ജലീലിന്റെ സ്വജനപക്ഷപാതത്തിനെരെയും അഴിമതിക്കെതിരെയും വിധി പറഞ്ഞ ന്യായാധിപന്റെ ഇമേജ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അഭികാമ്യമല്ലെന്ന് കെ.ടി ജലീലും സിപിഎമ്മും തിരിച്ചറിയണം. അങ്ങാടിയില്‍ തോറ്റതിന് അമ്മയെ തല്ലുന്നത് എന്തിനാണ്? നമ്മുടെ രാജ്യത്തെ ജുഡീഷ്യറിയെ അപമാനിക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും സംരക്ഷിക്കാന്‍ പൊതുസമൂഹം രംഗത്തിറങ്ങണം.

കോടതികളെയും ക്രൈസ്തവരെയും വിടാതെ, തുടര്‍ച്ചയായി പിന്തുടര്‍ന്ന് അവഹേളിക്കുന്നതിനെതിരെ നിയമ സംവിധാനങ്ങള്‍ എന്ത് കൊണ്ട് സ്വമേധയാ നടപടികളെടുക്കുന്നില്ല? അഴിമതിയും സ്വജനപക്ഷപാതവും നടത്തിയ ശേഷം അതില്‍ നിന്ന് രക്ഷപ്പെടാനുള്ള സര്‍ക്കാരിന്റെ നിഗൂഢമായ ശ്രമമായി ഇതിനെ കാണാന്‍ കഴിയൂ. ജലീല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കെ നടത്തിയ എല്ലാ നിയമനങ്ങളും സിബിഐ അന്വേഷണത്തിന് വിധേയമാക്കണമെന്ന് അല്‍മായ ഫോറം ആവശ്യപ്പെടുന്നു.

കെ.ടി ജലീലിന്റെ സ്വജനപക്ഷപാതം തിരിച്ചറിഞ്ഞ് 'മന്ത്രിപ്പണി നിര്‍ത്തിച്ച' ലോകായുക്തയോടുള്ള പകപോക്കലായി ആരോപണങ്ങളെ കാണണം. 2019 ല്‍ ജലീല്‍കൂടി ഭാഗമായ മന്ത്രിസഭയുടെ കാലത്ത് നിയമിതനായ ലോകായുക്തയാണ് ജസ്റ്റിസ് സിറിയക് ജോസഫ്. ലോകായുക്ത നിയമനത്തിനായുള്ള സമിതിയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും സ്പീക്കറുമുണ്ട്. മൂന്നുപേരും ഏകകണ്ഠമായാണ് ജസ്റ്റിസ് സിറിയക് ജോസഫിനെ നിശ്ചയിച്ചത്.

ജലീലിന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയേണ്ട ഉത്തരവാദിത്വം പിണറായി മന്ത്രി സഭയ്ക്കുണ്ട്. ജസ്റ്റിസ് സിറിയക് ജോസഫും ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും ഉള്‍പ്പെട്ട ലോകായുക്ത ബെഞ്ചാണ് കെ.ടി ജലീല്‍ മന്ത്രിയായിരിക്കാന്‍ യോഗ്യനല്ലെന്ന് കണ്ടെത്തിയത്.എന്ത് കൊണ്ട് ക്രൈസ്തവനായ ജസ്റ്റിസ് സിറിയക് ജോസഫിനെ മാത്രം വളഞ്ഞിട്ട് അക്രമിക്കുന്നതെന്ന് ജലീലും മുഖ്യമന്ത്രിയും സി.പി.എമ്മും വ്യക്തമാക്കണം.

അഴിമതി വിരുദ്ധ സമൂഹം കെട്ടിപ്പടുക്കുന്നതിനായി സി.പി.എം എന്തെല്ലാം പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നോ, അതെല്ലാം വെറും വാചാടോപങ്ങള്‍ മാത്രമായിരുന്നുവെന്ന് വെളിപ്പെട്ടിരിക്കുന്നു. എവിടെയാണ് അഴിമതിക്കെതിരെ പൊരുതുന്ന സി.പി.എമ്മിന്റെ യുവജന സിംഹങ്ങള്‍? എവിടെയാണ് കപട ബുദ്ധിജീവികള്‍? അഴിമതിക്കെതിരെയുള്ള ഒരു ഉത്തരവിന്റെ പേരില്‍ നീതി പീഠത്തെയും വിധി പറഞ്ഞ ജഡ്ജിയുടെ ബന്ധുക്കളെയും ജനമധ്യത്തില്‍ ആക്ഷേപിക്കുന്നത് ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കസേരയിലിരുന്നയാള്‍ക്ക് ഭൂഷണമാണോയെന്ന് ചിന്തിക്കണം.

ഉന്നത വിദ്യാഭ്യാസ രംഗത്ത് ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ ആവശ്യങ്ങള്‍ക്ക് എപ്പോഴും മുഖം തിരിച്ചു നിന്ന മന്ത്രിയാണ് കെ.ടി ജലീല്‍. കുറച്ചു നാളുകളായി തീവ്രവാദ സംഘടനകളും നിരോധിത തീവ്രവാദ സംഘടനയായ സിമിയിലെ അംഗമായ ജലീലും സംയുക്തമായി അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉയര്‍ത്തി ജസ്റ്റിസ് സിറിയക് ജോസഫിനെ പോലെയുള്ള ക്രൈസ്തവരെ വേട്ടയാടാന്‍ ശ്രമിക്കുകയാണ്. ക്രൈസ്തവ സഭകള്‍ക്കെതിരെ നിരന്തരം വര്‍ഗീയ വിഷം ചീറ്റുന്ന ഒരു മുന്‍ ന്യായാധിപനും ഇതേ ലക്ഷ്യം തന്നെയാണുള്ളത്.

ന്യൂനപക്ഷ വകുപ്പിന്റെ മന്ത്രിയായിരിക്കെ ക്രിസ്ത്യന്‍ പങ്കാളിത്തം ഇല്ലാതാക്കാന്‍ ജലീല്‍ നടത്തിയ ഒരു ശ്രമത്തിനെതിരെ ഹൈക്കോടതിയില്‍ കേസ് നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ വിധി അടുത്ത കാലത്തു വരാനിരിക്കുകയാണ്. അതിനെതിരെ മുന്‍കൂട്ടി വര്‍ഗീയ കാര്‍ഡ് ഇറക്കി സമുദായ പിന്തുണ ഉറപ്പാക്കുകയാണ് ജലീലിന്റെ ലക്ഷ്യമെന്നും അല്‍മായ ഫോറം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

അടുത്ത കാലത്തായി ജഡ്ജിമാര്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നുവെന്നും നിയമപാലകര്‍ ജുഡീഷ്യറിക്കെതിരായ ആക്രമണങ്ങളെ ഫലപ്രദമായ രീതിയില്‍ നേരിടേണ്ടതുണ്ടെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ അടുത്ത കാലത്ത് പറഞ്ഞ കാര്യം പൊതുസമൂഹം ഓര്‍മ്മിക്കേണ്ടതാണ്.

ജനാധിപത്യം അപകടത്തിലാകുമ്പോഴാണ് ജുഡീഷ്യറിയെ അക്രമിക്കുന്നത്. അഭിമാനകരമായ പ്രവര്‍ത്തനമാണ് ഇന്ത്യന്‍ ജുഡീഷ്യറി കാഴ്ച വെക്കുന്നത്. നീതി തേടുന്ന പൗരന്റെ അവസാനത്തെ അത്താണി എന്ന പാരമ്പര്യം അത് നിലനിര്‍ത്തുന്നുണ്ട്. അഴിമതിക്കാരെന്ന് തെളിഞ്ഞ അധികാരികളെ മന്ത്രി മന്ദിരങ്ങളില്‍ നിന്ന് ജയിലറകളിലേക്കയക്കാന്‍ നമ്മുടെ കോടതികള്‍ മടിക്കാറില്ല.

ചട്ടങ്ങളെയും മാനദണ്ഡങ്ങളെയും ഇഷ്ടം പോലെ വ്യാഖ്യാനിച്ച് സങ്കുചിത രാഷ്ട്രീയത്തിന്റെ വിഹാര ഭൂമിയായി ജുഡീഷ്യറിയെ മാറ്റുന്ന ജലീലിന്റെ ശ്രമങ്ങളെ ശക്തമായി നേരിടും. ജീര്‍ണിച്ച നേതാക്കളും ഭരണകൂടങ്ങളും ജുഡീഷ്യറിയെ അതിന്റെ കങ്കാണിയാക്കി മാറ്റാന്‍ എപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും. കോടതികളുടെയും ജഡ്ജിമാരുടെയും സ്വാതന്ത്ര്യവും നൈതിക പ്രതിബദ്ധതയും കാത്തു സൂക്ഷിക്കപ്പെടേണ്ടതാണ്. നീതിന്യായ പ്രവര്‍ത്തകര്‍ക്കൊപ്പം ജനങ്ങളും അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും സീറോ മലബാര്‍ സഭ അല്‍മായ ഫോറം ഓര്‍മ്മിപ്പിച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.