'മോഡിയുടെ വിദേശ നയം മൂലമോ ചൈന, പാക് ഐക്യം ?': രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ പിന്താങ്ങാതെ യു.എസ്

'മോഡിയുടെ വിദേശ നയം മൂലമോ ചൈന, പാക് ഐക്യം ?': രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ പിന്താങ്ങാതെ യു.എസ്

വാഷിംഗ്ടണ്‍: ചൈനയും പാകിസ്ഥാനും ഒരുമിച്ച് നില്‍ക്കുന്നത് ബി.ജെ.പി നേതൃത്വം നല്‍കുന്ന ഇന്ത്യയിലെ സര്‍ക്കാരിന്റെ വികല വിദേശ നയം മൂലമാണെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് അമേരിക്ക.

മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ മൂലമാണ് ചൈനയും പാക്കിസ്ഥാനും കൂടുതല്‍ അടുപ്പത്തിലായതെന്ന് രാഹുല്‍ ഗാന്ധി നിരീക്ഷിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു:' പാകിസ്ഥാനും ചൈനയുമായുള്ള ബന്ധം എങ്ങനെയെന്നതിനെക്കുറിച്ച് സംസാരിക്കാന്‍ എനിക്കാകില്ല. പക്ഷേ, ആ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനുമാകില്ല.'

പാകിസ്ഥാന്‍ ചൈനയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, 'അമേരിക്കന്‍ പങ്കാളിത്തം നിരവധി നേട്ടങ്ങള്‍ പാകിസ്ഥാനു നല്‍കുന്നുണ്ടെ'ന്നു വക്താവ് പറഞ്ഞു.'ലോകമെമ്പാടുമുള്ള ഒരു രാജ്യവും അമേരിക്കയ്ക്കും ചൈനയ്ക്കും ഇടയില്‍ തിരഞ്ഞെടുപ്പു നടത്തേണ്ട ആവശ്യമില്ലെന്ന് ഞങ്ങള്‍ എല്ലായ്പ്പോഴും സൂചിപ്പിച്ചിട്ടുള്ള കാര്യമാണ്.'

'പങ്കാളിത്തങ്ങള്‍' എന്നത് തെറ്റായ പദമായിരിക്കാം. പക്ഷേ, യുണൈറ്റഡ് സ്റ്റേറ്റ്സുമായുള്ള പങ്കാളിത്തത്തിലൂടെ രാജ്യങ്ങള്‍ക്ക് പല നേട്ടങ്ങളുമുണ്ടാകുന്നുണ്ട്. ചൈന ലോകമെമ്പാടും ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ബന്ധങ്ങള്‍ അല്ല അതെന്നും പ്രൈസ് പറഞ്ഞു. എന്നിരുന്നാലും, 'പാകിസ്ഥാന്‍ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണ്' എന്ന് അദ്ദേഹം ആവര്‍ത്തിച്ചു.'ഞങ്ങള്‍ക്ക് ഇസ്ലാമാബാദിലെ സര്‍ക്കാരുമായി ഒരു സുപ്രധാന ബന്ധമുണ്ട്. ഇത് ഞങ്ങള്‍ വിലമതിക്കുന്ന ബന്ധവുമാണ്.

ഫെബ്രുവരി 2 ന് ലോക്സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ്, പ്രധാനമന്ത്രി മോഡി ് പാകിസ്ഥാനെയും ചൈനയെയും ഒരുമിച്ചുകൂട്ടിയെന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.'ഇന്ത്യയിലെ ജനങ്ങള്‍ക്കെതിരെ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കുറ്റകൃത്യമാണ'തെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

'ചൈനക്കാര്‍ക്ക് തങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ച് വളരെ വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇന്ത്യയുടെ വിദേശനയത്തിന്റെ ഏറ്റവും വലിയ തന്ത്രപരമായ ലക്ഷ്യം പാകിസ്ഥാനെയും ചൈനയെയും വേറിട്ട് നിര്‍ത്തുക എന്നതാകണം. നിങ്ങള്‍ ചെയ്തത് അവരെ ഒരുമിച്ച് കൊണ്ടുവന്നു എന്നതാണ്,'- രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഒരു മിഥ്യാധാരണയിലും പെടരുത്, നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്ന ശക്തിയെ വിലകുറച്ച് കാണരുത്.'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.