സമര്‍പ്പിതരുടെ നിസ്വാര്‍ത്ഥ സേവനത്തിനു നന്ദി' : ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാ നിയോഗം പങ്കുവച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

സമര്‍പ്പിതരുടെ നിസ്വാര്‍ത്ഥ സേവനത്തിനു നന്ദി' : ഫെബ്രുവരി മാസത്തെ പ്രാര്‍ത്ഥനാ നിയോഗം പങ്കുവച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: പ്രതിബദ്ധതയോടെയും ധീരതയോടെയും തങ്ങളുടെ ദൗത്യം തുടരുന്നതിനു തെരഞ്ഞെടുക്കപ്പെട്ടവരെന്ന നിലയില്‍ സമര്‍പ്പിതര്‍ക്ക് വേണ്ടി മുട്ടിപ്പായി പ്രാര്‍ത്ഥിക്കണമെന്ന്, ഫെബ്രുവരി മാസത്തേക്കുള്ള തന്റെ പ്രാര്‍ത്ഥനാ നിയോഗത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്തു.'സന്യാസിനി സഹോദരിമാരും, സമര്‍പ്പിതരായ അല്‍മായ സ്ത്രീകളും ഇല്ലെങ്കില്‍ സഭ എന്തായിരിക്കും? അവരില്ലാത്ത സഭയെ മനസ്സിലാക്കാന്‍ കഴിയില്ല':മാര്‍പാപ്പ അഭിപ്രായപ്പെട്ടു.

പാപ്പായുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖല (Pope's Worldwide Prayer Network) പുറത്തിറക്കിയ ഫെബ്രുവരിയിലെ പ്രാര്‍ത്ഥനാ നിയോഗ സന്ദേശത്തിലാണ് പാപ്പാ ഇക്കാര്യം വ്യക്തമാക്കിയത്.'നിങ്ങള്‍ എന്തായിരിക്കുന്നു, നിങ്ങള്‍ എന്താണ് ചെയ്യുന്നത്, നിങ്ങള്‍ അത് എങ്ങനെ ചെയ്യുന്നു എന്നതിനെ പ്രതി ഞാന്‍ നന്ദി അര്‍പ്പിക്കുന്നു.' തങ്ങളുടെ ജീവിതം ദൈവത്തിനായി സമര്‍പ്പിച്ച സ്ത്രീകള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനും അവരുടെ ധീരതയ്ക്കും ദൗത്യത്തിനും അഭിനന്ദനം അറിയിക്കാനും പാപ്പാ എല്ലാ കത്തോലിക്കരോടും അഭ്യര്‍ത്ഥിച്ചു.

ഇന്ന് മനുഷ്യകുലം നേരിടുന്ന വെല്ലുവിളികളോടു തങ്ങള്‍ക്ക് എങ്ങനെ മികച്ച രീതിയില്‍ പ്രതികരിക്കാന്‍ കഴിയുമെന്ന് വിവേചിച്ചറിയാന്‍ എല്ലാ സമര്‍പ്പിതരും മനസു തിരിക്കണം. ദരിദ്രരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും മനുഷ്യകടത്തുകാരാല്‍ അടിമകളാക്കപ്പെട്ട എല്ലാവരോടുമൊത്തു പ്രവര്‍ത്തിക്കാനും, അവരുടെ മേല്‍ ശക്തമായ സ്വാധീനം ചെലുത്താനും കഴിയണമെന്നും പാപ്പാ പറഞ്ഞു.പ്രതിരോധങ്ങള്‍ക്കിടയിലും മതബോധന അദ്ധ്യാപകര്‍, ദൈവശാസ്ത്രജ്ഞര്‍, ആത്മീയ വഴികാട്ടികള്‍ എന്നീ നിലകളിലുള്ള തങ്ങളുടെ ശുശ്രൂഷയിലൂടെ ദൈവസ്‌നേഹത്തിന്റെയും അനുകമ്പയുടെയും സൗന്ദര്യം പ്രകടിപ്പിക്കുന്ന സന്യാസിനികള്‍ക്കായി പ്രത്യേകമായി പ്രാര്‍ത്ഥിക്കേണ്ടതുണ്ട്.

ചില സന്ദര്‍ഭങ്ങളില്‍, സഭയ്ക്കുള്ളില്‍ പോലും, സന്യാസിനികളോടു ന്യായരഹിതമായ പെരുമാറ്റമുണ്ടാകുന്നു. ഈ സഹോദരിമാര്‍ വളരെയധികം സേവനം ചെയ്യുമ്പോഴും സഭയിലെ പുരുഷ വിഭാഗം അവരെ അടിമത്തത്തിലേക്ക് ഒതുക്കി കളയുന്ന സംഭവങ്ങളുണ്ട്. ഇതിനെതിരെ രംഗത്തുവരണമെന്ന് പാപ്പാ അവരെ ഉദ്‌ബോധിപ്പിച്ചു. ഈ ബുദ്ധിമുട്ടുകള്‍ നേരിടുമ്പോള്‍, സമര്‍പ്പിതരായ സ്ത്രീകള്‍ നിരുത്സാഹപ്പെടരുത്. നിങ്ങള്‍ ചെയ്യുന്ന അപ്പോസ്‌തോലിക പ്രവൃത്തികളിലൂടെ ദൈവത്തിന്റെ നന്മയെ തുടര്‍ന്നും അറിയിക്കണം. അത് എല്ലാറ്റിനുമുപരിയായി നിങ്ങളുടെ സമര്‍പ്പണ സാക്ഷ്യത്തിലൂടെയായിരിക്കണം- പാപ്പാ പറഞ്ഞു.
സന്യാസിനീ സഭാദ്ധ്യക്ഷകര്‍ക്കായുള്ള അന്തര്‍ദേശിയ സംഘടനയുടെ (യുഐഎസ്ജി) സഹകരണത്തോടെയാണ് ഈ മാസത്തേക്കുള്ള പ്രാര്‍ത്ഥനാ നിയോഗത്തിന്റെ വീഡിയോ നിര്‍മ്മിച്ചതെന്ന് പ്രാര്‍ത്ഥനാ നിയോഗത്തെ കുറിച്ചുള്ള മാധ്യമക്കുറിപ്പില്‍ പറയുന്നു. ലോകമെമ്പാടുമുള്ള ഏകദേശം 630,000 സന്യാസിനികളെ പ്രതിനിധീകരിക്കുന്ന 1,900 സന്യാസിസിനീ സഭകളെ ഈ സംഘടന ഒരുമിച്ച് കൊണ്ടുവരുന്നു.

ഫെബ്രുവരിയിലെ പാപ്പയുടെ പ്രാര്‍ത്ഥനാ നിയോഗം സന്യാസിനികളെ സഭയ്ക്കായുള്ള സേവനത്തില്‍ തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നുവെന്ന് യുഐഎസ്ജി അധ്യക്ഷ സിസ്റ്റര്‍ യൊളാന്താ കഫ്ക്കാ പറഞ്ഞു.'എല്ലാവരും സഹോദരീസഹോദരന്മാരാകുന്ന ഒരു ലോകത്ത് സുവിശേഷത്തിന്റെ സന്തോഷത്തിലും പ്രത്യാശയിലും പങ്കുചേരാന്‍ തങ്ങളെ ക്ഷണിക്കുന്ന വിളിയുടെ ചലനാത്മകത യുവജനങ്ങളുമായി ഞങ്ങള്‍ പ്രത്യേകമായി പങ്കുവയ്ക്കുന്നു.'
സഭയിലെ സമര്‍പ്പിതരായ സ്ത്രീകളുടെ പ്രവര്‍ത്തനത്തെ പാപ്പായുടെ ആഗോള പ്രാര്‍ത്ഥനാ ശൃംഖലയുടെ അന്തര്‍ദേശിയ ഡയറക്ടര്‍ ഫാ. ഫ്രെഡറിക് ഫോര്‍നോസ് എസ്.ജെ പ്രശംസിച്ചു. തന്റെ സന്യാസ രൂപീകരണം അനേകം സന്യാസിനികളുടെ പിന്തുണയാലായിരുന്നെന്ന് അദ്ദേഹം അനുസ്മരിച്ചു.'നമുക്കെല്ലാവര്‍ക്കും സന്യസിനികളെ അവരുടെ വൈവിധ്യത്തില്‍ നന്നായി അറിയാനും സഭയുടെ ദൗത്യത്തിലും നമ്മുടെ കാലഘട്ടത്തിന്റെ വെല്ലുവിളികളിലും അവരുടെ സംഭാവനകള്‍ കണ്ടെത്താനുമുള്ള നല്ല അവസരമാണ് ഫെബ്രുവരി മാസ'മെന്ന് പാപ്പാ പറഞ്ഞതായി ഫാ. ഫ്രെഡറിക് ഫോര്‍നോസ് ചൂണ്ടിക്കാട്ടി.

വീഡിയോ കാണാൻ താഴെ കൊടുത്തിരിക്കുന്നവിഡിയോയിൽ ​
  ക്ലിക്ക് ചെയുക ​

ജനുവരി മാസത്തെ പ്രാർത്ഥനാ നിയോഗം ​

മതസ്വാതന്ത്ര്യത്തിലൂടെ സമൂഹത്തിലെ സാഹോദര്യ ബന്ധം വളരേണ്ടതാവശ്യം: ഫ്രാന്‍സിസ് മാര്‍പാപ്പ



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.