കൊച്ചി: ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ഗവര്‍ണര്‍ക്ക് വീണ്ടും കത്ത് നല്‍കി.
ഇതേ ആവശ്യമുന്നയിച്ച് ഇക്കഴിഞ്ഞ ജനുവരി 27 ന് യു.ഡി.എഫ് പ്രതിനിധി സംഘം നല്‍കിയ കത്തില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സര്‍ക്കാര്‍ നല്‍കിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ രണ്ടാമത്തെ കത്ത്.
ക്വോ വാറന്റോയില്‍ സര്‍ക്കാര്‍ വാദത്തെ എതിര്‍ത്താണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. സുപ്രിം കോടതി വിധി രാജ്യത്തെ എല്ലാ കോടതികള്‍ക്കും ബാധകമാണെന്നും കത്തില്‍ പറയുന്നു. സത്യപ്രതിജ്ഞാ ലംഘനത്തിനെതിരെയുള്ള നടപടി ലോകായുക്തയുടെ പരിധിയില്‍ അല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാര്‍ വിശദീകരണത്തില്‍ പറയുന്ന കെ.സി. ചാണ്ടി - ആര്‍ ബാലകൃഷ്ണപിള്ള കേസില്‍ ഒരു മന്ത്രി നടത്തുന്ന സത്യപ്രതിജ്ഞാ ലംഘനത്തില്‍ ക്വോ വാറന്റോ പുറപ്പെടുവിക്കാനുള്ള പരിമിതി മാത്രമാണ് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെ രൂപീകൃതമായ ലോകയുക്ത അഴിമതിക്കെതിരായ സംവിധാനമാണ്. അല്ലാതെ സത്യപ്രതിജ്ഞാ ലംഘനത്തിനെതിരെ നടപടിയെടുക്കുകയെന്നത് ലോകായുക്തയുടെ പരിധിയില്‍ ഉള്‍പ്പെടുന്നതല്ല.
ലോകായുക്ത നിയമത്തിലെ 14ാം വകുപ്പനുസരിച്ച് കെ.ടി ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്ന് ഉത്തരവിട്ടത് ബന്ധു നിയമനത്തിനായി അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പരാതിയിലാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വിശദീകരിക്കുന്നു.
സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങളെല്ലാം ഖണ്ഡിക്കുന്നതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. സര്‍ക്കാര്‍ നല്‍കിയ വിശദീകരണങ്ങള്‍ക്കൊന്നും നിയമത്തിന്റെ പിന്‍ബലമില്ലാത്ത സാഹചര്യത്തില്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് പ്രതിപക്ഷ നേതാവ് വീണ്ടും അഭ്യര്‍ത്ഥിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.