മുടിയാണ് സാറെ മെയിന്‍...; ഹെയര്‍ സ്റ്റൈലുകൊണ്ട് ശ്രദ്ധ നേടിയ ബോബ്കട്ട് സെങ്കമലം

മുടിയാണ് സാറെ മെയിന്‍...; ഹെയര്‍ സ്റ്റൈലുകൊണ്ട് ശ്രദ്ധ നേടിയ ബോബ്കട്ട് സെങ്കമലം

 ആനകളെ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ് നമുക്ക് ഇടയില്‍. അതുകൊണ്ടുതന്നെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന ആന വിശേഷങ്ങളും നിരവധിയാണ്. മനോഹരമായ ഒരു ആനക്കാഴ്ചയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും.

സെങ്കമലം എന്ന ആനയുടേതാണ് ഈ ചിത്രങ്ങളും വീഡിയോയുമൊക്കെ. വെറും സെങ്കമലം അല്ല ബോബ് കട്ട് സെങ്കമലം. ഈ പേര് ചിലര്‍ക്കെങ്കിലും ഒരു പക്ഷെ പരിചിതമായിരിക്കും. കാരണം ബോബ് കട്ട് സെങ്കമലത്തിന് ആരാധകര്‍ ഏറെയാണ്. ബോബ് കട്ട് ചെയ്ത മുടിയാണ് ഈ അനക്കുട്ടിയുടെ പ്രധാന ആകര്‍ഷണം. അങ്ങനെയാണ് ബോബ് കട്ട് സെങ്കമലം എന്ന് ഈ ആനയ്ക്ക് പേരു വന്നതും.

തമിഴ്‌നാട്ടിലെ മന്നാര്‍ഗുഡിയിലെ രാജഗോപാലസ്വാമി എന്ന ക്ഷേത്രത്തിലേതാണ് ഈ ആന. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നുമാണ് സെങ്കമലത്തെ തമിഴ്‌നാട്ടിലെ ക്ഷേത്രത്തിലെത്തിച്ചത്. സെങ്കമലത്തിന്റെ വെട്ടിയൊതുക്കിയ മുടി മുമ്പ് പലപ്പോഴും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഈ ആനയ്ക്കുള്ള ആരാധകരുടെ എണ്ണവും ചെറുതല്ല.

രാജഗോപാലാണ് സെങ്കമലത്തിന്റെ പാപ്പാന്‍. ആനയുടെ മുടി മനോഹരമായി കൊണ്ടുനടക്കുന്നതിലും പ്രധാന പങ്കു വഹിക്കുന്നതും ഇദ്ദേഹം തന്നെയാണ്. ഒരിക്കല്‍ മുടിയേറെയുള്ള ഒരു ആനക്കുട്ടിയുടെ വീഡിയോ രാജഗോപാല്‍ കാണാനിടെയായി. അങ്ങനെയാണ് സെങ്കമലത്തിന്റെ മുടിയും നീട്ടി വളര്‍ത്താന്‍ തുടങ്ങിയത്.

സെങ്കമലത്തിന്റെ മുടിയഴകു കാണാന്‍ വേണ്ടി മാത്രമായി ക്ഷേത്രത്തിലെത്തുന്നവരും നിരവധിയാണ്. മുടിയും സംരക്ഷണത്തിനായി പ്രത്യേക ശ്രദ്ധ ചെലുത്തുന്നുമുണ്ട് പാപ്പാനായ രാജഗോപാല്‍. വേനല്‍ക്കാലത്ത് മൂന്ന് നേരമെങ്കിലും സെങ്കമലത്തിന്റെ തല കഴുകും. അല്ലാത്ത ദിവസങ്ങളില്‍ ഒരു നേരം.

സെങ്കമലത്തിന്റെ മുടി സംരക്ഷിക്കാനായി വിലകൂടിയ പ്രത്യേക ഷവര്‍ പോലും സ്ഥാപിച്ചിട്ടുണ്ട് രാജഗോപാല്‍. ഈ ആന തനിക്ക് സ്വന്തം കുഞ്ഞിനെ പോലെ തന്നെയാണെന്നാണ് അദ്ദേഹം പറയുന്നത്. എന്തായാലും സൈബര്‍ ഇടങ്ങളില്‍ താരമാണ് ബോബ് കട്ട് സെങ്കമലം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.