ക്രൂര മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ച സിസിലിയായിലെ വിശുദ്ധ അഗത

ക്രൂര മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി രക്തസാക്ഷിത്വം വരിച്ച സിസിലിയായിലെ വിശുദ്ധ അഗത

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 05

രിത്ര രേഖകള്‍ പ്രകാരം വിശുദ്ധ അഗത സിസിലിയായിലെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. സിസിലിയിലെ ഗവര്‍ണര്‍ ആയിരുന്ന ക്വിന്റ്യാനൂസ് ഒരിക്കല്‍ അവളെ കാണുവാനിടയാകുകയും പ്രണയാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു. പക്ഷെ അഗത അദ്ദേഹത്തിന്റെ പ്രേമം നിരസിച്ചു.

ഇതേ തുടര്‍ന്ന് അവള്‍ ക്രിസ്ത്യാനിയാണെന്ന കാരണം പറഞ്ഞ് ഗവര്‍ണറുടെ ന്യായാസനത്തിനു മുന്‍പില്‍ ഹാജരാക്കി. എന്തുകൊണ്ടാണ് ക്രിസ്ത്യാനികളെ പോലെ അടിമ ജീവിതം നയിക്കുന്നതെന്ന ന്യായാധിപന്മാരുടെ ചോദ്യത്തിന് അവളുടെ മറുപടി ഇപ്രകാരമായിരുന്നു: 'ഞാന്‍ ക്രിസ്തുവിന്റെ ഒരു ദാസിയാണ്, അതു കൊണ്ടാണ് ഞാന്‍ അടിമയെ പോലെ ജീവിക്കുന്നത്. ക്രിസ്തുവിന്റെ അടിമയായിരിക്കുക എന്നത് ഏറ്റവും മഹനീയമാണ്'.

ഇതില്‍ കോപാകുലനായ ഗവര്‍ണര്‍ ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ വളരെ ക്രൂരമായ മര്‍ദ്ദനങ്ങള്‍ ഏല്‍ക്കേണ്ടി വരുമെന്നവളെ ഭീഷണിപ്പെടുത്തി. എന്നാല്‍ ധീരയായ അഗതയുടെ വാക്കുകള്‍ ഇപ്രകാരമായിരിന്നു, 'നീ എന്നെ വന്യമൃഗങ്ങള്‍ക്ക് കൊടുക്കുമെന്നാണ് ഭീഷണിപ്പെടുത്തുന്നതെങ്കില്‍ അറിഞ്ഞു കൊള്ളുക, ക്രിസ്തുവിന്റെ നാമം കേള്‍ക്കുന്ന മാത്രയില്‍ അവ ഇണങ്ങിക്കൊള്ളും. നീ അഗ്‌നിയാണ് പ്രയോഗിക്കുന്നതെങ്കില്‍ സ്വര്‍ഗത്തില്‍ നിന്നും മാലാഖമാര്‍ ശാന്തി ദായകമായ മഞ്ഞുതുള്ളികള്‍ എന്റെ മേല്‍ വര്‍ഷിക്കും.'

പിന്നീട് ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കു ശേഷം തടവറയില്‍ അടച്ച അവളെ മര്‍ദ്ദന ഉപകരണത്തിനുമേല്‍ വരിഞ്ഞുകെട്ടി ചുട്ടുപഴുപ്പിച്ച ഇരുമ്പ് കമ്പികള്‍ കൊണ്ട് പൊള്ളിച്ചു. ക്രൂരന്മാരായ അവര്‍ വിശുദ്ധയുടെ മാറിടങ്ങളില്‍ കത്തികൊണ്ട് മുറിവേല്‍പ്പിച്ചപ്പോള്‍ ഗവര്‍ണറുടെ കാടത്തരത്തെ അവള്‍ ഇപ്രകാരം ശാസിച്ചു:

'ദൈവഭയമില്ലാത്ത ക്രൂരനും കുപ്രസിദ്ധനുമായ ഭരണാധികാരി, നിന്നെ വളര്‍ത്തിയ മാതാവിനെപോലെയുള്ള ഒരു സ്ത്രീയെ പീഡിപ്പിക്കുവാന്‍ നിനക്ക് നാണമില്ലേ?' തിരികെ തടവറയിലെത്തിയപ്പോള്‍ അവള്‍ പ്രാര്‍ത്ഥിച്ചു 'എന്റെ ദൈവമേ എന്റെ പിടച്ചില്‍ നീ കണ്ടില്ലേ. എപ്രകാരം ഞാന്‍ യുദ്ധമുഖത്ത് പോരാടി. എന്റെ മാറിടങ്ങള്‍ മുറിച്ചു മാറ്റിയാല്‍ പോലും ഭരണാധികാരികളുടെ ഉത്തരവുകള്‍ ഞാന്‍ അനുസരിക്കുകയില്ല.'

ആ രാത്രിയില്‍ ഒരു ആദരണീയനായ ഒരു വൃദ്ധന്‍ അവളെ സുഖപ്പെടുത്തുവാനുള്ള മരുന്നുകളുമായി വിശുദ്ധയുടെ അരികിലെത്തി, വിശുദ്ധ പത്രോസ് ശ്ലീഹയായിരുന്നു അത്. എന്നാല്‍ വിശുദ്ധ വളരെ വിനയത്തോട് കൂടി തന്റെ മുറിവുകള്‍ അദ്ദേഹത്തെ കാണിക്കുവാന്‍ വിസമ്മതിച്ചു. 'എന്നെ അവിശ്വസിക്കാതിരിക്കൂ മകളെ ഞാന്‍, ക്രിസ്തുവിന്റെ അപ്പസ്‌തോലനായ പത്രോസാണ്.' ഇതിനു അവള്‍ ഇപ്രകാരം മറുപടി പറഞ്ഞു: 'ഞാന്‍ ഭൗമീകമായ ഒരു മരുന്നുകളും എന്റെ ശരീരത്തില്‍ പുരട്ടാറില്ല, ഞാന്‍ കര്‍ത്താവായ യേശുവിനെ മുറുകെ പിടിക്കുന്നു, അവന്‍ തന്റെ വാക്കുകളാല്‍ എന്നെ സുഖപ്പെടുത്തിക്കൊള്ളും'.

പിന്നീട് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അവളെ വീണ്ടും ന്യായാധിപന്റെ മുന്‍പില്‍ കൊണ്ടുവന്നു. അവള്‍ സുഖപ്പെട്ടത് കണ്ട് അയാള്‍ അത്ഭുതപ്പെട്ടു. എന്നിരുന്നാലും തങ്ങളുടെ ദൈവത്തെ ആരാധിക്കുവാന്‍ അയാള്‍ അവളെ നിര്‍ബന്ധിച്ചു. യേശുവിലുള്ള തന്റെ അടിയുറച്ച വിശ്വാസം വീണ്ടും അവള്‍ ഏറ്റുപറഞ്ഞു.

തുടര്‍ന്ന് ഗവര്‍ണറുടെ ഉത്തരവ് പ്രകാരം അവര്‍ വിശുദ്ധയെ കൂര്‍ത്ത കുപ്പിച്ചില്ലുകള്‍ക്കും ചുട്ടുപഴുത്ത കല്‍ക്കരിക്കും മുകളിലൂടെ ഉരുട്ടി. ആ നിമിഷം നഗരത്തെ കുലുക്കികൊണ്ടൊരു വലിയൊരു ഭൂകമ്പമുണ്ടായി. രണ്ടു ഭിത്തികള്‍ ഇടിഞ്ഞു വീഴുകയും ഗവര്‍ണറുടെ രണ്ടു സുഹൃത്തുക്കള്‍ അതില്‍പ്പെട്ടു മരിക്കുകയും ചെയ്തു.

ജനരോഷം ഭയന്ന് പകുതി മരിച്ച വിശുദ്ധയെ തടവറയിലടക്കുവാന്‍ ഗവര്‍ണര്‍ ഉത്തരവിട്ടു. ആ തടവറയുടെ മധ്യത്തില്‍ നിന്ന്, കൈകള്‍ വിരിച്ചു പിടിച്ചുകൊണ്ടവള്‍ തന്റെ അവസാന നിമിഷം ഇങ്ങനെ പ്രാര്‍ത്ഥിച്ചു: 'എന്റെ കര്‍ത്താവായ യേശുവേ, നല്ല ഗുരുവേ, ഞാന്‍ നിനക്ക് നന്ദി പറയുന്നു, മര്‍ദ്ദകരുടെ പീഡനങ്ങള്‍ക്ക് മേല്‍ നീ എനിക്ക് വിജയം സമ്മാനിച്ചു. ഇനി നിന്റെ നിത്യാനന്ദത്തില്‍ വസിക്കുവാന്‍ എന്നെ അനുവദിച്ചാലും'. ഇപ്രകാരം പ്രാര്‍ത്ഥിച്ച ഉടനേ വിശുദ്ധ കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

അവള്‍ മരിച്ചു ഒരുവര്‍ഷം കഴിഞ്ഞപ്പോള്‍ കാറ്റാണിയ നഗരത്തില്‍ എറ്റ്‌നാ അഗ്‌നിപര്‍വ്വത വിസ്‌ഫോടനം മൂലം വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി. ഈ സമയത്ത് മരണ ാഭീതിയുമായി വിശുദ്ധയുടെ കബറിടത്തില്‍ അപേക്ഷിച്ചു കൊണ്ടെത്തിയവരില്‍ നിരവധി വിജാതീയരും ഉണ്ടായിരുന്നു. വിശുദ്ധയുടെ മുഖാവരണം ഇളകി മറിഞ്ഞു വരുന്ന അഗ്‌നി ജ്വാലകള്‍ക്ക് നേരെ പിടിച്ചപ്പോള്‍ പെട്ടെന്ന് തന്നെ ആ അപകടം ഒഴിവായി. സിസിലിയിലെ കാറ്റാണിയായില്‍ വിശുദ്ധയുടെ കബറിടം ഇന്നും വളരെയേറെ ആദരിക്കപ്പെട്ട് വരുന്നു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. വിയെന്നിലെ അവിറ്റസ്

2. കരന്തിയായിലെ അഗാത്താ

3. നാഗസാക്കിയിലെ ആന്റണി ദേയ്‌നാന്‍

4. ടോക്രെസിലെ ബിഷപ്പായ അഗ്രിക്കോളാ

5. ബില്ലിച്ചിലെ മഠാധിപയായ അഡിലെയ്ഡ്

6. അസിരിയായില്‍ ആര്‍ബെലായിലെ ബിഷപ്പായ അബ്രഹാം.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയിലെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26