കോണ്‍സുലേറ്റുമായി കെ.ടി ജലീലിന് നിരന്തര ബന്ധം; അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍: സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ പരുങ്ങലിലായി 'ഫെയ്‌സ്ബുക്ക് ജീവിതപ്രേമി'

കോണ്‍സുലേറ്റുമായി കെ.ടി ജലീലിന് നിരന്തര ബന്ധം; അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍: സ്വപ്‌നയുടെ വെളിപ്പെടുത്തലില്‍ പരുങ്ങലിലായി  'ഫെയ്‌സ്ബുക്ക് ജീവിതപ്രേമി'

സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ ഗൗരവപൂര്‍വ്വം നിരീക്ഷിച്ച് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍.
ജലീല്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.

തിരുവനന്തപുരം: മുന്‍ മന്ത്രി കെ.ടി ജലീല്‍ യുഎഇ കോണ്‍സുലേറ്റുമായി നേരിട്ട് നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ പരുങ്ങലിലായി കെ.ടി ജലീല്‍. അടച്ചിട്ട മുറിയില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും സ്വപ്‌ന പറഞ്ഞു.

നയതന്ത്രസുരക്ഷ ഉള്ളതുകൊണ്ടു മാത്രം സ്വര്‍ണക്കടത്ത് കേസില്‍ നിന്നും തടിയൂരി നില്‍ക്കുന്ന യുഎഇ കോണ്‍സല്‍ ജനറല്‍ അടക്കമുള്ളവരുമായി മന്ത്രിയായിരുന്ന ജലീലിന് നേരിട്ട് ബന്ധമുണ്ടെന്ന സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നത്.

തനിക്ക് ജലീലുമായി ഔദ്യോഗിക ബന്ധം മാത്രമാണുള്ളത്. മറ്റ് ചര്‍ച്ചകളൊക്കെ അദ്ദേഹം കോണ്‍സുലേറ്റുമായി നേരിട്ടാണ് നടത്തിയിരുന്നത്. കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെടുന്ന പ്രകാരമാണ് എന്തെങ്കിലും കാര്യങ്ങള്‍ക്കായി അദ്ദേഹത്തെ താന്‍ ബന്ധപ്പെടുന്നതെന്നും സ്വപ്‌ന വ്യക്തമാക്കി.

സ്വപ്നയുടെ വെളിപ്പെടുത്തലില്‍ ഭയപ്പാടില്ലെന്നും തന്റെ രക്തത്തിനായി ഓടി നടന്നവര്‍ക്ക് ദൈവം മാപ്പ് കൊടുക്കട്ടെ എന്നുമാണ് ഇതു സംബന്ധിച്ച് ജലീല്‍ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്.

എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെ മറികടന്ന് കോണ്‍സുലേറ്റുമായി ഔദ്യോഗിക ബന്ധം പുലര്‍ത്തിയ ജലീലിനെതിരെ ബിജെപി രംഗത്തെത്തി. ജലീല്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും കോണ്‍സുലേറ്റുമായി ബന്ധപ്പെടാന്‍ ജലീലിന് എന്ത് അധികാരമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ചോദിച്ചു.

ബന്ധു നിയമനക്കേസില്‍ ലോകായുക്ത ഉത്തരവിനെ തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട കെ.ടി ജലീല്‍ ലോകായുക്ത ജഡ്ജി ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ നിരന്തരം ഉന്നയിക്കുന്ന ആരോപണങ്ങള്‍ ഏറെ വിമര്‍ശന വിധേയമായിട്ടുണ്ട്. സിപിഎമ്മിനു പിന്നാലെ സിപിഐയും ജലീലിനെ തള്ളിപ്പറഞ്ഞിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ ജലീലിനെതിനെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.