കൗമാര കിരീടം ഇന്ത്യക്ക്: അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി

കൗമാര കിരീടം ഇന്ത്യക്ക്: അണ്ടര്‍ 19 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി

ആന്റിഗ്വ: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പ് കിരീടം അഞ്ചാം തവണയും ഇന്ത്യയ്ക്ക്. ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് കരീബിയന്‍ മണ്ണില്‍ ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. 14 പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ഇന്ത്യന്‍ കൗമാരപ്പട വിജയം തൊട്ടത്. ഇതിനുമുമ്പ് 2000, 2008, 2012, 2018 വര്‍ഷങ്ങളിലെ ലോകകിരീടവും ഇന്ത്യയ്ക്കായിരുന്നു.

അര്‍ധ സെഞ്ച്വറി നേടിയ ഷെയ്ക്ക് റഷീദിന്റെയും നിഷാന്ത് സിന്ധുവിന്റെയും മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 84 പന്തില്‍ 50 റണ്‍സാണ് റഷീദ് നേടിത്. നിഷാന്ത് സിന്ധു 54 പന്തില്‍ പുറത്താകാതെ 50 റണ്‍സെടുത്തു. ബോളിങ്ങിലും ബാറ്റിങ്ങിലും തിളങ്ങി രാജ് ബാവ മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. അഞ്ചു വിക്കറ്റും 35 റണ്‍സുമാണ് കളിയില്‍ താരത്തിന്റെ സംഭാവന. ദിനേശ് ബാനയാണ് ഇന്ത്യയുടെ വിജയറണ്‍ കുറിച്ചത്. സ്‌കോര്‍: ഇംഗ്ലണ്ട്-189/10 (44.5 ഓവര്‍), ഇന്ത്യ- 195/6 (47.4 ഓവര്‍).

അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ രാജ് ബാവ, നാല് വിക്കറ്റുകള്‍ പിഴുത രവി കുമാര്‍ എന്നിവരുടെ ബൗളിങാണ് ഇംഗ്ലീഷ് ടീമിനെ വെള്ളം കുടിപ്പിച്ചത്. ശേഷിച്ച ഒരു വിക്കറ്റ് കൗശല്‍ ടാംബെ നേടി.

അഞ്ചു വിക്കറ്റെടുത്ത രാജ് ബാവയുടേയും നാല് വിക്കറ്റെടുത്ത രവി കുമാറിന്റേയും ബൗളിങ്ങാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയത്. ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ തന്നെ പ്രഹരമേറ്റു. രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ ജേക്കബ് ബെഥേലിനെ രവി കുമാര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. അക്കൗണ്ട് തുറക്കും മുമ്പ് ടോം പ്രെസ്റ്റിനെയും മടക്കി രവി കുമാര്‍ വീണ്ടും ഇംഗ്ലണ്ടിനെ വെട്ടിലാക്കി. പിന്നീട് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടു.

വില്ല്യം ലക്സ്റ്റണ്‍ (4), ജോര്‍ജ് ബെല്‍ (0), ജോര്‍ജ് തോമസ് (27) എന്നിവരെ രാജ് ബാവ പുറത്താക്കി ഇംഗ്ലണ്ടിനെ കൂട്ടത്തകര്‍ച്ചയിലേക്ക് തള്ളിയിട്ടു. റെഹാന്‍ അഹമ്മദ് (10), അലക്സ് ഹോര്‍ടോണ്‍ (10) എന്നിവരും വേഗത്തില്‍ മടങ്ങി. പിന്നീടാണ് എട്ടാം വിക്കറ്റില്‍ ഇംഗ്ലണ്ട് തിരിച്ചു വന്നത്. ജെയിംസ് റ്യു ആണ് ടീമിന്റെ ടോപ് സ്‌കോറര്‍. 116 പന്തുകള്‍ ചെറുത്ത് താരം 12 ഫോറുകള്‍ സഹിതം 95 റണ്‍സെടുത്തു. സാലെസ് 34 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് 93 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. രവി കുമാറാണ് ഈ കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ കളിയിലേക്ക് മടക്കിയെത്തിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.