ദുബായില്‍ ഒന്നിച്ച് ജീവിക്കാമെന്ന് ശിവശങ്കര്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്ന് സ്വപ്‌ന സുരേഷ്

ദുബായില്‍ ഒന്നിച്ച് ജീവിക്കാമെന്ന് ശിവശങ്കര്‍ വാഗ്ദാനം നല്‍കിയിരുന്നുവെന്ന് സ്വപ്‌ന സുരേഷ്

തിരുവനന്തപുരം. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ ആരോപണങ്ങള്‍ ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്. സര്‍വ്വീസില്‍ നിന്ന് സ്വയംവിരമിച്ചശേഷം ദുബായില്‍ ഒരുമിച്ച് ജീവിക്കാമെന്ന് ശിവശങ്കര്‍ തനിക്ക് വാഗ്ദാനം നല്‍കിയിരുന്നുവെന്ന് സ്വപ്ന സുരേഷ് വെളിപ്പെടുത്തി.

'അവിടെ ഒരു ഫ്‌ളാറ്റ് നോക്കാന്‍ ശിവശങ്കര്‍ എന്നോടു പറഞ്ഞിരുന്നു. കോണ്‍സല്‍ ജനറല്‍ വഴി അദ്ദേഹത്തിന്റെ സുഹൃത്തുമായി ചേര്‍ന്ന് അവിടെ ഒരു സംരംഭം ആരംഭിക്കാന്‍ തീരുമാനിച്ചു. അതിന്റെ ചര്‍ച്ചകള്‍ നടത്തുകയും ലെറ്റര്‍ ഓഫ് ഇന്‍ഡന്റ് ഒപ്പുവയ്ക്കുകയും ചെയ്തു. എന്റെ അച്ഛന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്നാണ് അത് മുടങ്ങിയത്. പിന്നീട് കോവിഡ് വന്നു. ഒടുവില്‍ ഈ പ്രശ്‌നങ്ങളെല്ലാം വന്ന് എല്ലാം അവസാനിച്ചു. ആത്മഹത്യയെക്കുറിച്ച് ചിന്തിക്കാത്ത ദിവസമില്ല. മക്കളുടെ മുഖം ഓര്‍മ്മിക്കുമ്പോഴാണ് വേണ്ടെന്നു വയ്ക്കുന്നത്'- സ്വപ്ന പറഞ്ഞു.

വ്യക്തിപരമായും ഔദ്യോഗികമായും കുടുംബപരമായും എല്ലാ കാര്യങ്ങളും അറിയാമായിരുന്ന ആളാണ് ശിവശങ്കര്‍. സുഖമായാലും ദുഃഖമായാലും മൂന്നു വര്‍ഷമായി ഒന്നിച്ചാണ് എല്ലാം ആഘോഷിച്ചത്. ഒരുമിച്ചായിരുന്നു വിദേശയാത്രകള്‍. ജീവിതത്തില്‍ ഏറ്റവും വിശ്വസിച്ച വ്യക്തിയാണ് അദ്ദേഹം. ഇപ്പോള്‍ എനിക്കെതിരെ വ്യാജമായ ആരോപണങ്ങള്‍ ഉന്നയിച്ച് അദ്ദേഹം ഒരു പുസ്തകവുമായി രംഗത്തെത്തിയിരിക്കുകയാണ്. താന്‍ ഐ ഫോണ്‍ കൊടുത്തു വഞ്ചിച്ചു എന്നാണ് പറയുന്നത്. ഒരു ഐ ഫോണ്‍ കൊടുത്തു വഞ്ചിക്കാന്‍ മാത്രം ലളിതമല്ല അദ്ദേഹവുമായുള്ള ബന്ധം. ഇത്തരമൊരു ആരോപണവുമായി അദ്ദേഹം എന്തു കൊണ്ടാണ് ഇപ്പോള്‍ വരുന്നതെന്നറിയില്ല.'- അവര്‍ പറഞ്ഞു.

രണ്ടു മാസമേ ആയിട്ടുള്ളു താന്‍ ജയിലില്‍ നിന്നിറങ്ങിയിട്ട്. വിധവയായ അമ്മയുടെ പിന്തുണ കൊണ്ടുമാത്രം രണ്ട് കുട്ടികളുമായി ജീവിക്കുന്നു. അവരെ വളര്‍ത്താന്‍ എന്താണ് വഴിയെന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അവാസ്തവമായ കാര്യങ്ങള്‍ കുത്തിനിറച്ച് പുസ്തകരചന. മൗനം പാലിച്ചിരിക്കാന്‍ താന്‍ വിഡ്ഢിയല്ല'

'ഒരു നല്ല പാതിയെന്ന നിലയില്‍ അദ്ദേഹത്തില്‍നിന്ന് പിന്തുണ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എന്നെ തെരുവിലുപേക്ഷിച്ചു. ഭര്‍ത്താവും എന്നെ തെരുവില്‍ കളഞ്ഞു. സന്ദീപ് മാനസികമായി പീഡിപ്പിച്ചു. വഴി തെറ്റിക്കുകയും ചെയ്തു.

കേരളത്തിലെ പ്രൊജക്ടുകളെക്കുറിച്ച് എനിക്കറിയില്ല. ശിവശങ്കറിനു മാത്രമേ അറിയൂ. അദ്ദേഹം അധികാരവും രാഷ്ട്രീയവും ഉപയോഗിച്ചോ എന്നൊന്നും അറിയില്ല. എന്നാല്‍ യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ജോലി രാജിവച്ച ശേഷം സ്പേസ് പാര്‍ക്ക് പദ്ധതിയില്‍ ജോലി നല്‍കിയത് അദ്ദേഹമാണ്. സ്പേസ് പാര്‍ക്കിലെ സ്പെഷ്യല്‍ ഓഫീസര്‍മാരുമായി ശിവശങ്കറിനൊപ്പം അനൗദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്.'-സ്വപ്ന വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.