ലത മങ്കേഷ്‌കറുടെ ഒരേയൊരു മലയാളഗാനം; 'കദളി.. കണ്‍കദളി...' മലയാളിയുടെ നാവിന്‍തുമ്പിലെ മധുരം

ലത മങ്കേഷ്‌കറുടെ ഒരേയൊരു മലയാളഗാനം; 'കദളി.. കണ്‍കദളി...' മലയാളിയുടെ നാവിന്‍തുമ്പിലെ മധുരം

കൊച്ചി: 'കദളി കണ്‍കദളി ചെങ്കദളി പൂ വേണോ...' എന്ന പാട്ട് തലമുറകള്‍ ഏറ്റുപാടിയ ലത മങ്കേഷ്‌കറുടെ അതിമനോഹരമായ ഗാനമാണ്. 1974-ല്‍ പുറത്തുവന്ന രാമു കാര്യാട്ടിന്റെ 'നെല്ല്' എന്ന സിനിമയ്ക്ക് വേണ്ടി വയലാര്‍ എഴുതി സലില്‍ ചൗധരി സംഗീതം നിര്‍വഹിച്ച ഈ പാട്ടുവഴിയാണ് ലതാജിയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം.

ജയഭാരതി പാടി അഭിനയിച്ച ഗാനം ഇന്നും മലയാളികളുടെ ഇഷ്ടഗാനമാണ്. എന്നാല്‍ ഈ ഗാനത്തിന് ശേഷം മലയാളത്തില്‍ മറ്റൊരു ഗാനം ആലപിക്കാന്‍ ലതാ മങ്കേഷ്‌കര്‍ തയാറായില്ല. എത്ര ശ്രമിച്ചിട്ടും വഴങ്ങാതെ നിന്ന മലയാള ഭാഷയാണ് അതിന് കാരണമായത്.

നെല്ലിലേക്ക് വരുന്നതിനു മുന്‍പു തന്നെ മലയാളത്തില്‍നിന്ന് ലതാ മങ്കേഷ്‌കര്‍ക്ക് ക്ഷണം എത്തിയിരുന്നു. ചെമ്മീന്‍ സിനിമയിലെ ഗാനം ആലപിക്കാന്‍. ചിത്രത്തിലെ സംഗീത സംവിധായകനായ സലില്‍ ചൗധരിയുടെ ക്ഷണം ലതാ മങ്കേഷ്‌കര്‍ സ്വീകരിച്ചിരുന്നെങ്കിലും അന്നും ഭാഷ വില്ലനാവുകയായിരുന്നു. ചെമ്മീനിലെ ഹിറ്റ് ഗാനം 'കടലിനക്കരെ പോണേരേ...' യാണ് ലതാ മങ്കേഷ്‌കറെക്കൊണ്ടു പാടിക്കാന്‍ തീരുമാനിച്ചിരുന്നത്. സലില്‍ ചൗധരി ആവശ്യം പറഞ്ഞപ്പോള്‍ ആദ്യം മടി പറഞ്ഞെങ്കിലും സ്‌നേഹപൂര്‍ണമായ നിര്‍ബന്ധത്തിനുമുന്നില്‍ അവര്‍ സമ്മതം മൂളി.


ലതാ മങ്കേഷ്‌കറിന്റെ ഉച്ഛാരണം ശരിയാക്കുക എന്നതായിരുന്ന അടുത്ത കടമ്പ. ഇതിനായി നിയോഗിച്ചത് മലയാളത്തിന്റെ ഗന്ധര്‍വ ഗായകന്‍ യേശുദാസിനെ. താന്‍ ബാല്യം മുതല്‍ ആരാധിച്ചിരുന്ന ഗായികയെ പാട്ട് പഠിപ്പിക്കുക എന്നത് യോശുദാസിനെ സംബന്ധിച്ചിടത്തോളം സ്വപ്‌ന തുല്യമായിരുന്നു. താമസിക്കാതെ സംവിധായകന്‍ രാമു കാര്യാട്ടിന്റെ നിര്‍ദേശപ്രകാരം സിനിമാ ടീം മുംബൈയില്‍ എത്തി ലതാജിയെ കണ്ടു. പാട്ട് ഇംഗ്ലീഷില്‍ പറഞ്ഞു കൊടുത്തു. എന്നാല്‍, യേശുദാസ് എത്ര ശ്രമിച്ചിട്ടും മലയാള ഉച്ചാരണം പഠിക്കാന്‍ ലതയ്ക്കു കഴിഞ്ഞില്ല. തനിക്കു വഴങ്ങാത്ത ഭാഷയില്‍ പാടാന്‍ അവര്‍ സമ്മതിച്ചില്ല. അങ്ങനെയാണു 'കടലിനക്കരെ പോണോരേ...' യേശുദാസ് പാടുന്നത്.

ലതയെ മലയാളത്തില്‍ പാടിക്കണം എന്ന ആഗ്രഹം സലില്‍ ചൗധരിക്ക് ഉപേക്ഷിക്കാന്‍ കഴിഞ്ഞില്ല. അങ്ങനെയാണ് നെല്ലിലെ കദളി ആലപിക്കുന്നത്. ഈ പാട്ടിന്റെ ഈണം എക്കാലത്തും മലയാളികളുടെ മനസിലെ മധുരമായി നിലനില്‍ക്കുന്നു. എന്നാല്‍
ഉച്ചാരണവൈകല്യത്തിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. പിന്നീട് മലയാളത്തില്‍ ഒരു പരീക്ഷണം നടത്താന്‍ ഗായിക മുതിര്‍ന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.