ഇനി അനശ്വരതയുടെ അനന്ത തീരങ്ങളില്‍... വാനമ്പാടിക്ക് വിതുമ്പലോടെ വിട നല്‍കി രാജ്യം

ഇനി അനശ്വരതയുടെ അനന്ത തീരങ്ങളില്‍... വാനമ്പാടിക്ക് വിതുമ്പലോടെ വിട നല്‍കി രാജ്യം

മുംബൈ: കാല ദേശ ഭാഷകള്‍ക്കതീതമായി ഒരു മഹാ ജനതയെ ഏഴ് പതിറ്റാണ്ട് പാടി ഉറക്കിയുണര്‍ത്തിയ ഇന്ത്യയുടെ വാനമ്പാടി അനശ്വരതയുടെ അനന്ത തീരങ്ങളിലേക്ക് പറന്നകന്നു. ലത മങ്കേഷ്‌കറുടെ ഭൗതിക ശരീരം സംസ്‌കരിച്ചു.

മുംബൈ ശിവാജി പാര്‍ക്കില്‍ വൈകുന്നേരം ആറരയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചത്. പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ നല്‍കിയാണ് അതുല്യ സംഗീത വിസ്മയത്തെ രാജ്യം യാത്രയാക്കിയത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ലത മങ്കേഷ്‌കറുടെ സഹോദരിയും പ്രശസ്ത ഗായികയുമായ ആശാ ഭോസ് ലെ ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, ശ്രദ്ധ കപൂര്‍ തുടങ്ങിയവര്‍ സംസ്‌കാരച്ചടങ്ങുകളില്‍ നേരിട്ട് പങ്കെടുത്തു.

കോവിഡ് ബാധിതയായി മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കോവിഡും ന്യൂമോണിയയും ബാധിച്ച് ജനുവരി എട്ടിനാണ് ലത മങ്കേഷ്‌കറെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. കോവിഡ് മുക്തയായെങ്കിലും നിമോണിയ ബാധയെ തുടര്‍ന്ന് ആരോഗ്യ നില വഷളായതോടെ ലതയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

അതീവ ഹൃദ്യമായ സ്വരമാധുരിയും ആലാപന ശൈലിയുമാണ് ലതാ മങ്കേഷ്‌കറിന് ഇന്ത്യയ്ക്കകത്തും പുറത്തും ഇത്രയേറെ ആരാധകരെ നേടിക്കൊടുത്തത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഗായകരിലൊരാളായ ലതാ മങ്കേഷ്‌കര്‍ ആയിരത്തിലധികം ബോളിവുഡ് സിനിമകളില്‍ പിന്നണി ഗായികയായി.

വിദേശഭാഷകളിലുള്‍പ്പെടെ മുപ്പത്തിയാറില്‍പരം ഭാഷകളില്‍ മുപ്പത്തിരണ്ടായിരത്തിലധികം ഗാനങ്ങള്‍ ആലപിച്ച ലതയ്ക്ക് 2001 ല്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്നം നല്‍കി രാജ്യം ആദരിച്ചു. പത്മഭൂഷന്‍, പത്മവിഭൂഷന്‍, ദാദാ സാഹിബ് ഫാല്‍ക്കേ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ഈ മഹാ ഗായികയെ തേടിയെത്തിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.