ചണ്ഡീഗഡ്: 2022ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിലവിലെ മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയെ പ്രഖ്യാപിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടിയേറിയ ഒരു കടമ്പയായിരുന്നു പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനം. ചന്നിക്ക് പുറമെ പഞ്ചാബ് പി സി സി അധ്യക്ഷന്‍ നവജ്യോതി സിങ് സിദ്ധുവും മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വം ലക്ഷ്യമിട്ട് സജീവമായി രംഗത്തുണ്ടായിരുന്നു.
അണികളില്‍ വലിയൊരു വിഭാഗം പിന്തുണച്ചാതവട്ടെ പ്രമുഖ നേതാവായ സുനില്‍ ജാഖറിനേയും. തർക്കങ്ങള്‍ ഒത്തുതീർപ്പിലെത്തിക്കുന്നതിന് വേണ്ടി ഏറെ നാള്‍ നീണ്ട് നിന്ന ചർച്ചകളായിരുന്നു ഐ ഐ സി സി നേതൃത്വത്തില്‍ നടന്നത്. ഇതിന് ശേഷമായിരുന്നു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ചന്നിയെ രാഹുല്‍ ഗാന്ധി ഇന്ന് പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിലെ ബുദ്ധിമുട്ട് മറച്ച് വെക്കാതെയായിരുന്നു എ ഐ സി സി മുന്‍ അധ്യക്ഷന്റെ പ്രഖ്യാപനം. ഇതൊരു പ്രയാസകരമായ തീരുമാനമായിരുന്നു, എന്നാൽ ദരിദ്ര കുടുംബത്തിൽ നിന്നുള്ള ഒരു മുഖ്യമന്ത്രിയെ പഞ്ചാബിലെ ജനങ്ങൾ ആഗ്രഹിച്ചതിനാൽ അത് എളുപ്പമാക്കിയെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി, ചന്നി, നവ്‌ജ്യോത് സിംഗ് സിദ്ദു, സുനിൽ ജാഖർ എന്നിവരെക്കുറിച്ച് തന്റെ പ്രസംഗത്തില്‍ അദ്ദേഹം വിശദമായി സംസാരിക്കുകയും ചെയ്തു.
"ഇത് പഞ്ചാബിന്റെ തീരുമാനമാണ്. അല്ലാതെ എന്റെ തീരുമാനമല്ല. ഞാൻ ഒന്നും തീരുമാനിച്ചിട്ടില്ല. പഞ്ചാബിലെ പ്രവർത്തകരോടും സ്ഥാനാർത്ഥികളോടും എം എൽ എമാരോടും ജനങ്ങളോടും യുവാക്കളോടും ഞാൻ ചോദിച്ചു.. ആളുകൾ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഞാനൊരു അന്തിമ തീരുമാനത്തിലേക്ക് എത്തി. കോൺഗ്രസ് വജ്ര ശോഭയുള്ള നിരവധി നേതാക്കളുടെ പാർട്ടിയാണ്. അതില്‍ നിന്ന് ഒരാളെ തിരഞ്ഞെടുക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല'' രാഹുൽ ഗാന്ധി പറഞ്ഞു.
"പ്രസംഗം നടത്തുന്നത് വളരെ എളുപ്പമാണ്. എന്നാൽ നമ്മുടെ നേതാക്കൾ ഒരു സാഹചര്യത്തോട് എങ്ങനെ പ്രതികരിക്കുന്നു എന്ന് ഞാൻ ആഴത്തിൽ നിരീക്ഷിച്ചുവരുന്നു... രാഷ്ട്രീയം ഒരു കേവലം ഒരു സംഭവമല്ല, ബുദ്ധിമുട്ടുകൾ നിറഞ്ഞ യാത്രയാണ്," രാഹുൽ ഗാന്ധി പറഞ്ഞു. ഓരോരുത്തർക്കും അവരവരുടെ പ്രവർത്തനങ്ങളും പോരാട്ടവുമുണ്ട്. . പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സ്വന്തം പോരാട്ടമുണ്ട്. സിദ്ധു ജി, ചന്നി ജി, ജഖർ ജി എന്നിവർക്കെല്ലാം വ്യത്യസ്ത പോരാട്ടങ്ങളാണുള്ളതെന്നും രാഹുൽ വ്യക്തമാക്കി.
പ്രഖ്യാപനത്തിന് പിന്നാലെ രാഹുൽ ഗാന്ധിക്കും സിദ്ദുവിനും ജാഖറിനും നന്ദി പറഞ്ഞ ചന്നി വികാരാധീനനായിട്ടായിരുന്നു മറുപടി പ്രസംഗം നടത്തിയത്. താൻ പഞ്ചാബിനെ സത്യസന്ധതയോടെ സേവിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമരീന്ദർ സിങ്ങിന്റെ രാജിയെത്തുടർന്ന് ചരൺജിത് സിംഗ് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രിയാക്കിയത് രാഹുൽ ഗാന്ധി എടുത്ത ഏറ്റവും വലിയ രാഷ്ട്രീയ തീരുമാനമാണെന്നായിരുന്നു സുനില്‍ ജാഖറിന്റെ പ്രതികരണം.
തീരുമാനത്തെ സിദ്ധുവും സ്വാഗതം ചെയ്തു. രാഹുൽഗാന്ധി പഞ്ചാബിൽ എത്തിയതോടെ വളരെ ഐക്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് പോവുന്നത്. ചരൺജിത് സിംഗ് ചന്നിയും നവജ്യോത് സിംഗ് സിദ്ദുവും പിന്നിൽ ഇരുന്നപ്പോൾ സുനിൽ ജാഖറായിരുന്നു രാഹുൽ ഗാന്ധിക്ക് വേണ്ടി കാർ ഓടിച്ചത്. "ഇങ്ങനെയാണ് യുണൈറ്റഡ് കോൺഗ്രസ് പഞ്ചാബിൽ കോൺഗ്രസിനെ വിജയത്തിലേക്ക് നയിക്കുക."-രാഹുല്‍ സഞ്ചരിച്ച കാറിന്റെ വീഡിയോ ട്വീറ്റ് ചെയ്ത് പഞ്ചാബ് യൂത്ത് കോൺഗ്രസ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.