രംഗം 1
വിദേശത്തു ജോലിയിലായിരിക്കുന്ന ഒരപ്പൻ തിടുക്കത്തിൽ നാട്ടിലേക്ക് തിരിക്കുന്നു. മകൾക്ക് സുഖമില്ല എന്നറിഞ്ഞാണ് യാത്ര. വിമാന യാത്രക്കുള്ളതും മറ്റ് ചിലവുകൾക്കെല്ലാം കൂടിയും പണം തികയില്ലാത്തത് കൊണ്ട് സുഹൃത്തിന്റെ കൈയിൽനിന്നും കടം വാങ്ങിയാണ് യാത്ര. നാട്ടിൽ വന്നിട്ട് മടങ്ങിയതേ ഉള്ളു. അതിനാൽ സാമ്പത്തികമായി അല്പം പരുങ്ങലിലാണ്. ഏതായാലും മകളുടെ കാര്യമല്ലേ, ഒന്നും ആലോചിച്ചില്ല, അടുത്ത ഫ്‌ളൈറ്റിൽ യാത്രയായി. നാട്ടിലെത്തി തന്റെ മകൾക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തു. ലഭിക്കാവുന്നതിൽ വച്ച് മുന്തിയ ചികിത്സ ലഭ്യമാക്കി. രോഗം ഭേദമായ മകളെ വീട്ടിലാക്കി അപ്പൻ യാത്ര തിരിക്കുന്നു. വീണ്ടും അധ്വാനിക്കാൻ, കടം വീടാൻ, മക്കളെ വളർത്താൻ.
രംഗം 2
അപ്പന് സുഖമില്ല എന്ന് അറിയിച്ചുകൊണ്ട് ഫോൺ സന്ദേശം ലഭിക്കുന്നു മകൾക്ക്. വിദേശത്ത് ജോലി ചെയ്യുന്ന മകൾ, ബന്ധുക്കാരെയും അയൽക്കാരെയും വിളിച്ചു, അപ്പന്റെ 'ശെരി'ക്കുള്ള അവസ്ഥ അറിയാൻ. 'ഇപ്പൊൾ വരണോ അതോ പിന്നെ വന്നാൽ മതിയോ', പലരോടും ചോദിച്ചു. ആഗ്രഹിച്ച മറുപടി കിട്ടാത്തതുകൊണ്ട് വീണ്ടും വീണ്ടും വിളിച്ചു. നാട്ടിൽ പോയിട്ട് വന്നതേ ഉള്ളു. നല്ല ചെലവാണ് ഒന്ന് പോയി വരാൻ. അവസാനം തീരുമാനമെടുത്തു, "ഇപ്പൊൾ പോകണ്ട,വല്ലതും 'സംഭവിച്ചാൽ' പോകണമല്ലോ". കൂടാതെ 'ബുദ്ധി’യുള്ള കൂട്ടുകാർ ഉപദേശിച്ചു "ബി പ്രാക്ടിക്കൽ".അതെ പ്രായോഗികമായി ചിന്തിക്കാൻ!!! അങ്ങനെ മകൾ 'പ്രാക്ടിക്കൽ' ആയി. പോകണ്ട, എന്തെങ്കിലും 'സംഭവിച്ചാൽ' പോകാം എന്ന അന്തിമ തീരുമാനത്തിലെത്തി. അപ്പോൾ ഒരു കാര്യം ആ മകൾ ഓർത്തില്ല, തന്റെ അപ്പൻ വർഷങ്ങൾക്ക് മുൻപ് ഇതുപോലെ 'പ്രാക്ടിക്കൽ' ആയിരുന്നുവെങ്കിൽ, ഇന്ന് 'പ്രാക്ടിക്കൽ' ആകാൻ താൻ ഉണ്ടാകുമായിരുന്നില്ല എന്ന വസ്തുത.
ഇത് ഒറ്റപ്പെട്ട സംഭവമല്ല. എന്നാൽ, ജീവിതം തന്നെ കൊടുത്ത് മക്കളെ വളർത്തുന്ന മാതാപിതാക്കൾക്ക്, വയസാകുമ്പോൾ ആരുമില്ലാതാകുന്ന അവസ്ഥ വേദനാജനകമല്ലേ? മാതാപിതാക്കളെ കാണാൻ പോകാൻ, 'നല്ല നേരം' അന്വേഷിക്കുന്ന മക്കൾ. വർഷങ്ങളായി നാട്ടിൽ പോകാത്തവർക്ക് പറയാനുള്ളത്, സമ്പാദിച്ചതെല്ലാം തീരുമെന്നാണ്. തങ്ങളുടെ സമ്പാദ്യം മുഴുവൻ മക്കൾക്ക് വേണ്ടി ചിലവാക്കിയ മാതാപിതാക്കൾ ഉണ്ടായതാണ്, ഇപ്പോൾ സമ്പാദ്യത്തെപ്പറ്റി സംസാരിക്കാൻ തങ്ങളെ യോഗ്യരാക്കിയതെന്ന് തിരിച്ചറിയാത്ത മക്കൾ, അധുനിക ലോകത്തിന്റെ 'പ്രായോഗികതയിൽ' മുങ്ങുമ്പോൾ, മുറിയപ്പെടുന്നത്, മക്കൾക്കായ് മുഴുവനും കൊടുത്ത ഹൃദയങ്ങളാണ്. ഇനി ഒന്ന് തിരിച്ചു പിടിക്കാൻ പോലും പറ്റാത്ത അവരുടെ ജീവിതത്തിൽ നഷ്ടബോധം നിറയ്ക്കുന്നത് മക്കളുടെ ഈ പ്രയോഗികതയാണ്. അവരുടെ ജീവിതം സഫലമായെന്നും, തങ്ങളുടെ കഷ്ടപ്പാടുകളും അധ്വാനവും വൃഥാവിലായില്ല എന്നുമുള്ള തിരിച്ചറിവ് നൽകി, ജീവിതത്തെക്കുറിച്ചുള്ള ആത്മസംതൃപ്‌തി അവരിൽ നിറയ്‌ക്കുന്നത്, തങ്ങൾക്ക് വേണ്ടി എന്തും ചെയ്യാൻ തയാറെടുത്തിരിക്കുന്ന മക്കളെ കാണുമ്പോഴാണ്. അല്ലാതെ തങ്ങൾ പടുത്തിയർത്തിയ സാമ്പത്തിക നിലവാരം കണ്ടിട്ടല്ല.
ജീവിത സായാഹ്നത്തിൽ, അവരെ കൈ പിടിച്ച് നടത്താൻ കടപ്പെട്ട മക്കൾ മറന്നുപോകുന്നു, തങ്ങൾ പിച്ചവച്ച് നടന്ന് പഠിച്ചത് അവരുടെ കൈയിൽ പിടിച്ചാണ് എന്ന്. ചിലപ്പോൾ കൊച്ച് കാര്യങ്ങൾക്ക് വാശി പിടിക്കുന്ന അപ്പനോട് ദേഷ്യപ്പെടുന്ന മക്കൾ മറക്കുന്നു , തങ്ങൾ എത്രയോ വാശി പിടിച്ചിരിക്കുന്നു എന്നും അത് പരിഹരിക്കാൻ അപ്പൻ എത്ര ബുദ്ധിമുട്ടിയിട്ടുണ്ട് എന്നുമുള്ള വസ്‌തുത. ഗുരുതരമായ രോഗാവസ്ഥയിലായ മക്കളെ ചിട്ടിപിടിച്ചും ലോൺ എടുത്തും ചികിത്സിക്കുന്ന മാതാപിതാക്കൾ എപ്പോഴെങ്കിലും മക്കൾക്ക് ഈ ചികിത്സ മതി എന്ന് പറയാറുണ്ടോ? മാതാപിതാക്കൾ രോഗാതുരരാകുമ്പോൾ, 'പ്രായമായി ഇതൊക്കെ മതി' എന്ന് ചിന്തിക്കുന്ന മക്കൾ ഇല്ലേ?
മാതാപിതാക്കളോട് കടമ നിറവേറ്റാം, പണം കൊടുത്ത്; എന്നാൽ സ്നേഹിക്കാൻ പണത്തോടൊപ്പം സമയവും സാമീപ്യവും കൂടി കൊടുക്കണം. മറ്റൊന്ന് കൂടി ഓർക്കാം; മാതാപിതാക്കളോട് വർത്തിക്കുന്നത് സൂക്ഷിച്ച് വീക്ഷിക്കുന്ന കണ്ണുകൾ സ്വന്തം വീടുകളിലും ഉണ്ടെന്ന്. സ്വന്തം വീട്ടിൽനിന്നും അവർ പഠിച്ച പ്രായോഗികത നാളെ സ്വന്തം വീട്ടിൽ തന്നെ നടപ്പിലാക്കില്ല എന്നാര് കണ്ടു !അങ്ങനെ ചെയ്താൽ അവരെ കുറ്റപ്പെടുത്താനാവുമോ?
മക്കൾക്ക് വേണ്ടി ജീവിച്ച് തീർത്ത മാതാപിതാക്കൾക്ക്, ജീവിതത്തെപ്പറ്റിയുള്ള നഷ്ടബോധം ഉണ്ടാവാതിരിക്കാൻ മക്കൾ തന്നെയാണ് ശ്രമിക്കേണ്ടത്. സമ്പത്തല്ല, തങ്ങളുടെ ഒപ്പം എന്തിനും തയാറായി നിൽക്കുന്ന മക്കളാണ് ജീവിത സായാഹ്നത്തിൽ, അവർക്ക് ജീവിത സംതൃപ്തിയും ആത്മ വിശ്വാസവും കൊടുക്കുന്നത്. അല്ലെങ്കിൽ ജീവിച്ച് തീർത്ത സ്വന്തം ജീവിതത്തെപ്പറ്റിയുള്ള നിരാശാബോധവും ജീവിതം വൃഥാവിലായി എന്നുള്ള ചിന്തയും അലട്ടിയായിരിക്കും, സുന്ദരമാകേണ്ട അവരുടെ ജീവിതത്തിന്റെ സായംകാലം കഴിച്ചുകൂട്ടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.