ഡെട്രോയിറ്റ് : ഈറി തടാകത്തിലെ ഒറ്റപ്പെട്ടുപോയ മഞ്ഞുപാളിയില്‍ കുടുങ്ങിയ 18 പേര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി. കാറ്റൗബ ദ്വീപിന് സമീപം കരയില്‍ നിന്ന് വേര്‍പിരിഞ്ഞ മഞ്ഞുപാളിയില്‍ നിന്ന് മുങ്ങിപ്പോകാതെ ഈ സംഘത്തെ രക്ഷിക്കാന്‍ കഴിഞ്ഞത് എയര്‍ ബോട്ടുമായി സമയോചിതമായി രംഗത്തുവന്ന ഒരു 'നല്ല സമരിയാക്കാരന്റെ' നിര്‍ണ്ണായക ഇടപെടല്‍ കൊണ്ടു കൂടിയാണെന്ന് യു.എസ് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.
കോസ്റ്റ് ഗാര്‍ഡ് പറയുന്നതനുസരിച്ച്, സംഘാംഗങ്ങള്‍ 'സ്‌നോമൊബൈല്‍ 'ചെയ്യുന്നതിനിടെയാണ് അപകടാവസ്ഥയുണ്ടായത്. പൊങ്ങിക്കിടന്ന കനത്ത മഞ്ഞുപാളി കരയില്‍ നിന്ന് വേര്‍പിരിഞ്ഞ് തകരാന്‍ തുടങ്ങിയപ്പോള്‍, അതില്‍ നിലയുറപ്പിച്ചവര്‍ മുങ്ങിപ്പോകുമെന്ന നിലയായി. അതോടെയാണ് മാര്‍ബിള്‍ഹെഡ് എയര്‍ബോട്ടുമായി കോസ്റ്റ് ഗാര്‍ഡ് രംഗത്തുവന്നത്. റെസ്‌ക്യൂ നീന്തല്‍ക്കാരെ ഹെലികോപ്റ്ററില്‍ എത്തിക്കുകയും ചെയ്തു.
ഹെലികോപ്റ്റര്‍ ഏഴ് പേരെ ഉയര്‍ത്തി, കോസ്റ്റ് ഗാര്‍ഡ് എയര്‍ബോട്ട് നാല് പേരെയും. മറ്റൊരു എയര്‍ബോട്ടുമായി വന്ന 'നല്ല സമരിയാക്കാരന്‍' മറ്റ് ഏഴ് പേരെയും രക്ഷപ്പെടുത്തിയതായി കോസ്റ്റ് ഗാര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.ആര്‍ക്കും വൈദ്യസഹായം ആവശ്യമായി വന്നില്ല.കാറ്റ് വര്‍ധിക്കുന്നത് തടാകത്തിലെ മഞ്ഞുപാളികളുടെ പ്രവചനാതീത മാറ്റത്തിനു കാരണമാകുമെന്ന് നാഷണല്‍ വെതര്‍ സര്‍വീസ് ക്ലീവ്ലാന്‍ഡ് നേരത്തെ ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
'സുരക്ഷിത ഐസ് എന്നൊന്നില്ല, പക്ഷേ ജാഗരൂകമായാല്‍ ആളുകള്‍ക്ക് അവരുടെ അപകടസാധ്യതകള്‍ ലഘൂകരിക്കാനാകും,' ഡെട്രോയിറ്റ് സെക്ടര്‍ കോസ്റ്റ് ഗാര്‍ഡിലെ ലെഫ്റ്റനന്റ് ജെ.ജി. ജെറമിയ ഷിസെല്‍ പറഞ്ഞു. 'എല്ലായ്പ്പോഴും നിങ്ങള്‍ എവിടേക്കാണ് പോകുന്നതെന്നും എപ്പോള്‍ തിരികെ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോടെങ്കിലും പറയുക. വന്‍ തടാകങ്ങളിലെ മഞ്ഞിന്റെ സ്ഥിതി മുന്‍കൂട്ടി കാണാനാകില്ല. അവസ്ഥകള്‍ വേഗത്തില്‍ മാറും.'
ഐസ് തീരത്ത് നിന്ന് ഒഴുകിപ്പോകാന്‍ സാധ്യതയുള്ളതിനാല്‍ ഈറി തടാകത്തിലെ മഞ്ഞുവീഴ്ചയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് വീണ്ടും അഭ്യര്‍ത്ഥിച്ചു. 'അപകടകരമായ ഐസ് അവസ്ഥകള്‍ ആവര്‍ത്തിച്ചേക്കാം,ആളുകള്‍ ഹിമത്തില്‍ കുടുങ്ങിപ്പോകാനിടയാകരുത്'
https://twitter.com/NWSCLE
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.