തിരുവനന്തപുരം: ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പുവച്ചു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടതോടെ, സര്‍വകലാശാലാ നിയമന വിവാദത്തില്‍ തുടങ്ങി ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ് വരെ നീണ്ട ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് അവസാനിക്കുന്നതായി സൂചന ലഭിച്ചിരുന്നു.
ഓര്‍ഡിനന്‍സില്‍ തീരുമാനമെടുക്കാതിരുന്നത് സൃഷ്ടിച്ച അനിശ്ചിതത്വത്തിനിടെയാണ് വിദേശത്തു നിന്നും മടങ്ങിയെത്തിയ മുഖ്യമന്ത്രി ഗവര്‍ണറുമായി കൂടിക്കാഴ്ച നടന്നത്. ഒന്നേകാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ പൂര്‍ണമായും മഞ്ഞുരുകിയതോടെ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ അനുകൂല തീരുമാനം ഇന്നുണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയായിരുന്നു സര്‍ക്കാര്‍.
കൂടിക്കാഴ്ചയില്‍ തന്റെ ചികിത്സാ കാര്യങ്ങളും ആരോഗ്യ സ്ഥിതിയും ലോകായുക്ത നിയമ ഭേദഗതിക്ക് പ്രേരിപ്പിച്ച സാഹചര്യങ്ങളും ഓര്‍ഡിനന്‍സില്‍ പ്രതിപക്ഷം ഉന്നയിച്ച ആക്ഷേപങ്ങളിലുള്ള സര്‍ക്കാര്‍ നിലപാടും മുഖ്യമന്ത്രി വിശദീകരിച്ചു.
കണ്ണൂര്‍ സര്‍വകലാശാല വിസിയായി ഡോ.ഗോപിനാഥ് രവീന്ദ്രനെ പുനര്‍നിയമിച്ചതുമായി ബന്ധപ്പെട്ട് ലോകായുക്ത മുമ്പാകെ സര്‍ക്കാര്‍ നല്‍കിയ വിശദീകരണത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളാണ് വന്നതെന്നും മുഖ്യമന്ത്രി ബോധിപ്പിച്ചു.
ലോകായുക്ത നിയമത്തില്‍ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്ത വ്യവസ്ഥകളാണ് കേരളത്തിലുള്ളതെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ ഗവര്‍ണര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച കൂടിയായതോടെ സംഘര്‍ഷം പൂര്‍ണമായും അയഞ്ഞു. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതോടെ ബുധനാഴ്ച നടക്കുന്ന മന്ത്രിസഭായോഗത്തില്‍ നിയമസഭാ സമ്മേളനത്തിന്റെ ഷെഡ്യൂള്‍ തീരുമാനിക്കും.
സര്‍വകലാശാലാ നിയമന വിവാദങ്ങളില്‍ മുഖ്യമന്ത്രി അമേരിക്കയ്ക്ക് പുറപ്പെടും മുമ്പുതന്നെ ഏറെക്കുറെ മഞ്ഞുരുകിയിരുന്നു. മുഖ്യമന്ത്രി ഒന്നിലേറെ തവണ ഗവര്‍ണറുമായി ടെലിഫോണില്‍ കാര്യങ്ങള്‍ വിശദീകരിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്. ചാന്‍സലര്‍ പദവി ഒഴിയുമെന്ന തീരുമാനത്തില്‍ നിന്ന് അന്നുതന്നെ ഗവര്‍ണര്‍ പിന്മാറുകയും ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.