യുവാവ് മലയിടുക്കില്‍ കുടുങ്ങിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടു; ഭക്ഷണവും വെള്ളവും പോലും എത്തിക്കാനാകാതെ രക്ഷാ സംഘം

യുവാവ് മലയിടുക്കില്‍ കുടുങ്ങിയിട്ട് 24 മണിക്കൂര്‍ പിന്നിട്ടു; ഭക്ഷണവും വെള്ളവും പോലും എത്തിക്കാനാകാതെ രക്ഷാ സംഘം

ഹെലികോപ്ടര്‍ രക്ഷാ ദൗത്യവും പരാജയപ്പെട്ടു.
കോഴിക്കോട് നിന്നുള്ള പര്‍വ്വതാരോഹക സംഘം സ്ഥലത്തേക്ക്.


പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ കുടുങ്ങിയ യുവാവിനെ 24 മണിക്കൂര്‍ കഴിഞ്ഞിട്ടും രക്ഷിക്കാനായില്ല. യുവാവിന് ഭക്ഷണവും വെള്ളവും എത്തിക്കാനായി കൊച്ചിയില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ സ്ഥലത്തെത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. ഇതോടെ ഹെലികോപ്ടര്‍ തിരിച്ചയച്ചു. ചെറാട് സ്വദേശി ബാബു എന്ന ഇരുപത്തിമൂന്നുകാരനായണ് ചെങ്കുത്തായ പാറയിടുക്കില്‍ കുടിങ്ങിയിരിക്കുന്നത്.

എന്‍ഡിആര്‍എഫ് സംഘവും പ്രാദേശിക തിരച്ചില്‍ സംഘവും യുവാവിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും യുവാവ് ഇരിക്കുന്ന സ്ഥലത്തേക്ക് എത്തിപ്പെടാനായിരുന്നില്ല. പിന്നീടാണ് കൊച്ചിയില്‍ നിന്ന് കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്ടര്‍ രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചത്. അതും പരാജയപ്പെട്ടതോടെ പര്‍വ്വതാരോഹക സംഘത്തിന്റെ സഹായം തേടിയിട്ടുണ്ട്.

അപകടം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടതിനാല്‍ ബാബുവിന്റെ ആരോഗ്യനിലയെക്കുറിച്ചും ആശങ്കയുണ്ട്. രാത്രിയിലെ കടുത്ത തണുപ്പും പകല്‍ നേരത്തെ ചുട്ടുപൊള്ളുന്ന ചൂടിനേയും അതി ജീവിക്കേണ്ടതുണ്ട്. ഭക്ഷണമോ വെള്ളമോ എത്തിക്കുന്നതിനാണ് നിലവിലെ ശ്രമങ്ങള്‍.

ഉച്ചവരെ മലയുടെ ഒരു ഭാഗത്ത് നിന്നുള്ള ആളുകള്‍ക്ക് ബാബുവിനെ കാണാന്‍ സാധിക്കുന്നുണ്ടായിരുന്നു. വസ്ത്രം വീശികാണിച്ച് ആളുകള്‍ക്ക് സിഗ്‌നല്‍ കൊടുത്തിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. ബൈനോക്കുലര്‍ ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടെങ്കിലും കാഴ്ച വ്യക്തമല്ല. മണിക്കൂറുകള്‍ പിന്നിട്ടതിനാല്‍ യുവാവ് അവശതയിലാണെന്നാണ് കരുതുന്നത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ബാബുവും പതിനാറ് വയസുകാരായ രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് സാഹസിക വിനേദസഞ്ചാര മേഖലയായ മലമ്പുഴ ചെറാട് മലയുടെ ചെങ്കുത്തായ കുറുമ്പാച്ചി മലയിലേക്ക് കയറിയത്. എന്നാല്‍ മറ്റു രണ്ടുപേരും പകുതിയെത്തിയപ്പോള്‍ തിരികെപോയി. ബാബു മലമുകളിലേയ്ക്ക് പോയി.

മലയുടെ മുകളില്‍ നിന്ന് കാല്‍ തെന്നിവീണ ബാബു പാറക്കെട്ടിനിടയില്‍ കുടുങ്ങുകയായിരുന്നു. താഴെയുള്ളവരെ ബാബു ഫോണില്‍ വിവരമറിയിച്ചു. ചിലര്‍ മലമുകളിലെത്തി ബാബുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് നേരം ഇരുട്ടിത്തുടങ്ങിയതോടെ അവര്‍ തിരിച്ചു പോന്നു. അപ്പോള്‍ ബാബു തന്നെ അപകടത്തില്‍പ്പെട്ട വിവരം തന്റെ ഫോണില്‍നിന്ന് അഗ്‌നിരക്ഷാ സേനയെ വിളിച്ചറിയിക്കുകയായിരുന്നു.

തെന്നിവീണതിനെ തുടര്‍ന്ന് ബാബുവിന്റെ കാലില്‍ മുറിവും ഒടിവും ഉണ്ടെന്നാണ് വിവരം. പരിക്ക് പറ്റിയതിനാല്‍ അനങ്ങാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. പരിക്കേറ്റതിന്റെ ചിത്രങ്ങളും സെല്‍ഫിയും ബാബു സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തിരുന്നു.

ഫോണിന്റെ ചാര്‍ജ് തീരാറായെന്ന സന്ദേശം ബാബുവിന്റെ സുഹൃത്തുക്കള്‍ക്ക് ലഭിച്ചിരുന്നു. ഇപ്പോള്‍ യുവാവുമായി യാതൊരു വിധത്തിലുള്ള ആശയ വിനിമയവും നടക്കുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.