തിരുവനന്തപുരം: വാവാ സുരേഷിന് വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മന്ത്രി വി.എന്‍ വാസവന്‍, കടകംപള്ളി സുരേന്ദ്രന്‍ എംഎല്‍എ എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. കോട്ടയത്ത് പ്രവര്‍ത്തിക്കുന്ന അഭയം ചാരിറ്റബില്‍ സൊസൈറ്റിയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്. എല്ലാ ക്രമീകരണങ്ങളും ഒരുക്കി നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
വാവാ സുരേഷിന്റെ സാഹചര്യങ്ങള്‍ വളരെ ദയനീയമാണ്. കിട്ടിയ പുരസ്‌കാരങ്ങള്‍ പോലും സൂക്ഷിക്കാനാകാത്ത തരത്തിലുള്ള വീട്ടിലാണ് അദ്ദേഹം കഴിയുന്നത്. സുരേഷിന്റെ പ്രവര്‍ത്തനം തുടരാന്‍ വേണ്ടിയാണ് വീടിന്റെ കാര്യത്തില്‍ ഇടപെടുന്നത്. അദ്ദേഹത്തിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള വീടാകും നിര്‍മിക്കുക. വാവാ സുരേഷ് ആശുപത്രിയില്‍ കിടന്ന സമയത്താണ് വീടിന്റെ ദയനീയമായ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. ബോധം വന്ന സമയത്ത് വീട് നിര്‍മിച്ചു നല്‍കാനുള്ള സന്നദ്ധത അറിയിക്കുകയും അത് സുരേഷ് സമ്മതിക്കുകയുമായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
അടുത്ത ദിവസം എന്‍ജിനീയര്‍ എത്തി വാവാ സുരേഷിന്റെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം ആരാഞ്ഞ ശേഷം പ്ലാനുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. വാവാ സുരേഷ് മൃഗസ്നേഹിയും മനുഷ്യ സ്നേഹിയുമാണ്. അത് വിമര്‍ശകര്‍ കാണാതെ പോകുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും കണ്‍മുന്നില്‍ ബോധ്യമാകുന്നവയാണ്. അത്തരം കാര്യങ്ങളെ ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു. നന്മ ആരു ചെയ്താലും അതിനെ ഒന്നായി കാണാന്‍ ശ്രമിക്കണം.
വാവാ സുരേഷിനെ വിളിക്കരുത് എന്ന് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് കുശുമ്പാണ്. ഫോറസ്റ്റുകാര്‍ പലപ്പോഴും പറയുന്ന സമയത്ത് വരാറില്ല. വന്നാല്‍ തന്നെ കൃത്യമായി പിടിച്ച് വനത്തില്‍ കൊണ്ടുപോകും എന്നതിന് എന്താണ് ഉറപ്പ്. അദ്ദേഹം ആശുപത്രിയില്‍ ഉണ്ടായിരുന്ന സമയത്ത് ആയിരക്കണക്കിന് ഫോണ്‍ കോളുകളാണ് എനിക്ക് വന്നത്. അദ്ദേഹത്തെ ആരാധിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വലിയൊരു ആരാധക വൃന്ദമുണ്ട്. വാവയുടെ പ്രശസ്തിയെ ഇഷ്ടപ്പെടാത്തവര്‍ പറയുന്ന വാക്കുകള്‍ മാത്രമായി അതിനെ കണ്ടാല്‍ മതിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.