'ട്രാവല്‍ ബ്ലോഗില്‍ കണ്ട സ്വാമി സുകുമാര കുറുപ്പ് തന്നെ': വീണ്ടും അന്വേഷണവുമായി ക്രൈം ബ്രാഞ്ച്

'ട്രാവല്‍ ബ്ലോഗില്‍ കണ്ട സ്വാമി സുകുമാര കുറുപ്പ് തന്നെ': വീണ്ടും അന്വേഷണവുമായി ക്രൈം ബ്രാഞ്ച്

കൊച്ചി: പ്രമാദമായ ചാക്കോ സുകുമാര കുറുപ്പിനെ കണ്ടതായി സംശയം ഉയര്‍ന്നതിനെ തുടര്‍ന്ന്  ക്രൈം ബ്രാഞ്ച് വീണ്ടും  അന്വേഷണം ആരംഭിച്ചു. പത്തനംതിട്ട ബിവറേജസ് ഷോപ്പ് മാനേജര്‍ റെന്‍സി ഇസ്മയിലാണ് സുകുമാര കുറുപ്പിനെ കണ്ടെന്ന സംശയവുമായി രംഗത്തെത്തിയത്. ഇദ്ദേഹം നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് ഇതര സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കും.

കാഷായ വേഷവും രുദ്രാക്ഷമാലയും ധരിച്ച് നരച്ച താടിയുമായി അടുത്തിടെ ട്രാവല്‍ ബ്ലോഗില്‍ കണ്ട സ്വാമി സുകുമാര കുറുപ്പ് തന്നെയെന്നാണ് റെന്‍സി പറയുന്നത്. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ വിവരങ്ങള്‍ കൈമാറിക്കൊണ്ട് റെന്‍സി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ ഇപ്പോഴത്തെ അന്വേഷണം.

ഇന്നലെ പത്തനംതിട്ടയില്‍ എത്തിയ ക്രൈം ബ്രാഞ്ച് സംഘം റെന്‍സി ഇസ്മയിലിന്റെ മൊഴി രേഖപ്പെടുത്തി. ഗുജറാത്തില്‍ മുന്‍പ് അധ്യാപകനായിരുന്ന റെന്‍സി അവിടെ ആശ്രമ അന്തേവാസിയായ ശങ്കരഗിരി എന്ന സ്വാമിയെ പരിചയപ്പെട്ടു. ശേഷം പത്രങ്ങളില്‍ സുകുമാര കുറുപ്പിന്റെ ചിത്രങ്ങള്‍ കണ്ടതോടെയാണ് അന്ന് കണ്ടത് കുറുപ്പ് ആണെന്ന സംശയം ഉടലെടുത്തത്.

തുടര്‍ന്ന് ഇക്കാര്യം പൊലീസിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നെങ്കിലും കാര്യമായ നടപടികളുണ്ടായില്ലെന്ന് റെന്‍സി പറയുന്നു. കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാ വിവരണങ്ങള്‍ ഉള്‍പ്പെടുന്ന ബ്ലോഗ് കണ്ടതോടെ റെന്‍സി വീണ്ടും സംശയം ഉന്നയിച്ച് പരാതി നല്‍കുകയായിരുന്നു.

1984 ജനുവരി 21 ന് മാവേലിക്കര പൊലീസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റാണ് അന്വേഷിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.