കരുണയും എളിമയും കൈമുതലാക്കിയ വിശുദ്ധ അപ്പോളോണിയ

കരുണയും എളിമയും കൈമുതലാക്കിയ വിശുദ്ധ അപ്പോളോണിയ

അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 09

ജിപ്തിലെ അലക്സാണ്ട്രിയായില്‍ ജീവിച്ചിരുന്ന കന്യകയായിരുന്നു അപ്പോളോണിയ. ക്രൈസ്തവ മതം പ്രചാരം നേടി വരുന്ന കാലമായിരുന്നു അത്. ഉത്തമ ക്രൈസ്തവ വിശ്വാസിയായി ജീവിച്ച അപ്പോളോണിയ കരുണ, എളിമ തുടങ്ങിയ പുണ്യങ്ങളാല്‍ നിറഞ്ഞവളായിരുന്നു.

ഡെസിയൂസ് ചക്രവര്‍ത്തിയുടെ കാലത്ത് (249-251) അലക്സാണ്ട്രിയായില്‍ മതപീഡനം ആരംഭിച്ചപ്പോള്‍ തന്റെ വിശ്വാസത്തിനു വേണ്ടി ഈ വിശുദ്ധയ്ക്കു ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നു. ക്രിസ്ത്യാനികള്‍ ഈജിപ്ത്തിന്റെ നാശത്തിനു കാരണമാകുമെന്ന് അലക്സാണ്ട്രിയായിലെ ഒരു വ്യാജ പ്രവാചകന്‍ പ്രവചിച്ചതോടെയാണ് ജനങ്ങള്‍ ക്രൈസ്തവരെ തിരഞ്ഞുപിടിച്ചു പീഡിപ്പിക്കാന്‍ തുടങ്ങിയത്. അപ്പോളോണിയയും പീഡകരുടെ പിടിയിലായി. ക്രൂരമായ മര്‍ദ്ദനങ്ങള്‍ അവര്‍ക്കു ഏറ്റുവാങ്ങേണ്ടി വന്നു.

അപ്പോളോണിയയുടെ പല്ലുകള്‍ മുഴുവന്‍ മര്‍ദ്ദകര്‍ ഇരുമ്പുവടി കൊണ്ട് അടിച്ചു പൊട്ടിച്ചു. പീന്നീട് അപ്പോളോണിയ അടക്കമുള്ളവരെ ജീവനോടെ ചുട്ടെരിക്കുന്നതിനു വേണ്ടി അവര്‍ ഒരു വലിയ ചിതയുണ്ടാക്കി. യേശുവിനെ തള്ളിപ്പറയാന്‍ അവര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ജീവനോടെ ചുട്ടെരിക്കും എന്നായിരുന്നു അവരുടെ ഭീഷണി.

അപ്പോളോണിയ ചിതയ്ക്കരികില്‍ നിന്നു കണ്ണുകളടച്ചു പ്രാര്‍ഥിച്ച ശേഷം ചിതയിലേക്ക് എടുത്തു ചാടി സ്വയം മരണം വരിച്ചു. പല്ലുവേദനയുടെ ശമനത്തിനായി ഈ വിശുദ്ധയുടെ മാധ്യസ്ഥം ലോകമെങ്ങും അപേക്ഷിച്ചു വരുന്നു.

അപ്പോളോണിയയുടെ രക്തസാക്ഷിത്വത്തെ കുറിച്ച് വ്ത്യസ്ത അഭിപ്രായമുള്ള ഏറെപ്പേര്‍ സഭയിലുണ്ട്. ചിതയിലേക്ക് എടുത്തു ചാടുക എന്നത് ആത്മഹത്യയാണെന്നാണ് ഇക്കൂട്ടരുടെ വാദം. ആത്മഹത്യയെ ന്യായീകരിക്കുന്നത് ശരിയല്ലെന്നു ഇവര്‍ പറയുന്നു. എന്നാല്‍, യേശുവിനോടുള്ള സ്നേഹത്തെ പ്രതിയാണ് അവര്‍ മരണം വരിച്ചത്. രക്തസാക്ഷിത്വം വരിക്കുന്നവര്‍ എല്ലാംതന്നെ ഒരര്‍ഥത്തില്‍ മരണം സ്വയം ഏറ്റുവാങ്ങുന്നവര്‍ തന്നെയാണ്.

ജീവിത നൈരാശ്യത്താലല്ല, മറിച്ച് ദൈവത്തില്‍ ലയിച്ചു ചേരുവാനുള്ള മോഹമാണ് അപ്പോളോണിയയെ ചിതയിലേക്ക് ചാടാന്‍ പ്രേരിപ്പിച്ചത്. അപ്പോളോണിയയുടെ രക്തസാക്ഷിത്വം അലക്സാണ്ട്രിയായില്‍ പീഡനങ്ങളേറ്റു വാങ്ങിക്കൊണ്ടിരുന്ന ക്രൈസ്തവര്‍ക്ക് ധൈര്യം പകരുകയാണ് ചെയ്തത്. ഒരു വര്‍ഷത്തോളം നീണ്ടുനിന്ന മതപീഡനകാലത്ത് നിരവധി ക്രൈസ്തവര്‍ രക്തസാക്ഷികളായി.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഐറിഷുകാരനായ ആള്‍ട്ടോ

4. റൂവെന്‍ ബിഷപ്പായ ആന്‍സ്‌ബെര്‍ട്ട്

3. സൈപ്രസിലെ അമ്മോണിയൂസും അലക്‌സാണ്ടറും

4. ആഫ്രിക്കയിലെ 44 രക്തസാക്ഷികളില്‍പ്പെട്ട അമ്മോണും എമീലിയാനും ലാസായും കൂട്ടരും.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.