മലയില്‍ കുടുങ്ങിയ യുവാവിനരികില്‍ സൈന്യമെത്തി; വെള്ളവും ഭക്ഷണവും നല്‍കാന്‍ ഊര്‍ജിത ശ്രമം

 മലയില്‍ കുടുങ്ങിയ യുവാവിനരികില്‍ സൈന്യമെത്തി; വെള്ളവും ഭക്ഷണവും നല്‍കാന്‍ ഊര്‍ജിത ശ്രമം

പാലക്കാട്: ചേറാട് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ രക്ഷിക്കാന്‍ അരികിലേയ്ക്ക് അടുത്ത് കരസേനാ സംഘം. 300 മീറ്റര്‍ അരികിലെത്തിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. നിലവില്‍ ബാബു ഇരുന്നിടത്തു നിന്ന് കുറച്ച് താഴേയ്ക്ക് ഇറങ്ങി നില്‍ക്കുന്നത് രക്ഷാ പ്രവര്‍ത്തകര്‍ക്ക് കുറച്ചുക്കൂടി പ്രതീക്ഷ നല്‍കുന്നു. രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം തുടര്‍ന്ന കരസേനയുടെ പരിചയസമ്പന്നരായ പര്‍വതാരോഹകരാണ് യുവാവിന് അടുത്തെത്തിയത്. സംഘത്തോട് ബാബു പ്രതികരിച്ചു.

പുലര്‍ച്ചെ മൂന്ന് മണിയോടെ ബാബുവുമായി സൈനിക സംഘം സംസാരിച്ചത്. ബാബു വെള്ളം, വെള്ളം എന്ന് പറയുന്നത് കേള്‍ക്കാം. ബാബുവിന്റെ ആരോഗ്യനിലയില്‍ നിലവില്‍ ആശങ്കയില്ലെന്നാണ് പാലക്കാട് ജില്ല കലക്ടര്‍ അറിയിക്കുന്നത്. വെളിച്ചം വന്നാല്‍ ഉടന്‍ വെള്ളവും ഭക്ഷണവും എത്തിക്കാനാണ് രക്ഷാദൗത്യം സംഘത്തിന്റെ ആദ്യ നടപടി. കഴിഞ്ഞ 40 മണിക്കൂറിലധികമായി മലയില്‍ കുടുങ്ങിയ ബാബുവിന് വെള്ളമോ ഭക്ഷണമോ എത്തിക്കാനുള്ള തീവ്രശ്രമമാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തകര്‍ നടത്തുന്നത്. ഇന്നലെ രാത്രിയോടെയാണ് പരിചയസമ്പന്നരായ പര്‍വതാരോഹകര്‍ ഉള്‍പ്പെടെയുള്ള സംഘം ചേറാട് മലയില്‍ എത്തിയത്. ഇരുട്ടിനെ വകവെക്കാതെ സംഘം മലയിലേക്ക് കയറുകയായിരുന്നു. ബെംഗളൂരുവില്‍ നിന്നും വെല്ലിങ്ടണില്‍ നിന്നുമുള്ള സംഘവും ലഫ്റ്റനന്റ് കേണല്‍ ഹേമന്ദ് രാജിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഹേമന്ദ് രാജ് ബാബുവിനോട് സംസാരിച്ചു. ചെറാട് എലിച്ചിരം കൂര്‍മ്പാച്ചിമലയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ ബാബു കുടുങ്ങിയത് തിങ്കളാഴ്ച വൈകീട്ടാണ്. അവശനിലയിലായ യുവാവിനെ ചൊവ്വാഴ്ച ഹെലികോപ്റ്റര്‍ എത്തിച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി വൈകിയും രക്ഷാശ്രമം തുടര്‍ന്നിരുന്നു.

തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും രണ്ടു കൂട്ടുകാരും കൂര്‍മ്പാച്ചിമല കയറാന്‍ പോയത്. പകുതിവഴി കയറിയപ്പോള്‍ കൂട്ടുകാര്‍ മടങ്ങിയെങ്കിലും ബാബു കയറ്റം തുടരുകയായിരുന്നു. മലയുടെ മുകള്‍ത്തട്ടില്‍ നിന്ന് അരക്കിലോമീറ്ററോളം താഴ്ചയുള്ള മലയിടുക്കിലാണ് ഇയാള്‍ കുടുങ്ങിയത്. മുകളില്‍ നിന്നും താഴെ നിന്നും നോക്കിയാല്‍ കാണാനാവില്ല. തിങ്കളാഴ്ച രാത്രി ഏഴരവരെയും ബാബു മൊബൈല്‍ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ചിരുന്നു. പിന്നീട് ഫോണ്‍ ബന്ധം നിലച്ചു.

തിങ്കളാഴ്ച രാത്രി അഗ്നിരക്ഷാസേനയും മറ്റും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും ഇരുട്ട് തടസമാകുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ദേശീയ ദുരന്തനിവാരണസേനാംഗങ്ങള്‍ മലകയറി. സംഘം മലയുടെ മുകളിലെത്തിയെങ്കിലും ബാബുവിനടുത്തെത്താനായില്ല. കയര്‍കെട്ടി ബാബുവിനടുത്തേക്ക് ഇറങ്ങാനുള്ള ശ്രമവും ഉപേക്ഷിക്കേണ്ടി വന്നു.

വൈകീട്ട് മൂന്നോടെ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ എത്തി മലയുടെ മുകള്‍ത്തട്ടുവരെ പറന്നെങ്കിലും ഇറങ്ങാന്‍ സൗകര്യമില്ലാത്തത് തിരിച്ചടിയായി. ഡ്രോണില്‍ കെട്ടിവെച്ച് ചെറിയ കുപ്പിയില്‍ ഇളനീര്‍വെള്ളം യുവാവിന് അടുത്തേക്കെത്തിക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും ഡ്രോണ്‍ താഴെവീഴുകയായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.