പാലക്കാട്: നീണ്ട 46 മണിക്കൂറുകള്‍ക്ക് ശേഷമാണ് മലമ്പുഴ കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം രക്ഷാ പ്രവര്‍ത്തനം അവസാനിപ്പിച്ച് ദൗത്യസംഘം നിരാശയോടെ മടങ്ങുമ്പോള്‍ അശങ്കയുടെ കാര്‍മേഘമായിരുന്നു ചുറ്റും. ഒരു രാത്രി കൂടി അതിജീവിക്കാന്‍ ബാബുവിന് കഴിയണേ എന്നായിരുന്നു എല്ലാവരുടേയും പ്രാര്‍ഥന.
എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ മലയിടുക്കില്‍നിന്ന് രക്ഷിച്ച് മലമുകളില്‍ എത്തിച്ചതോടെ സൈന്യത്തിന് ജയ് വിളിച്ചും സൈനികര്‍ക്ക് സ്‌നേഹചുംബനം നല്‍കിയും ബാബു ലൈവായി.
കാലിലേറ്റ പരിക്കുകളുടെ വേദനയും കടിച്ചമര്‍ത്തി ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ കഠിനമായ തണുപ്പിനേയും അതിഭയങ്കര ചൂടിനേയും അതിജീവിച്ച് ബാബു കഴിച്ചുകൂട്ടിയ മണിക്കൂറുകള്‍ ഏറെ നിര്‍ണായകമായിരുന്നു. വിശപ്പും ക്ഷീണവും ബാബുവിനെ തളര്‍ത്തിയിട്ടുണ്ടാവുമെന്ന ആശങ്കയോടെയാണ് രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്.
എന്നാല്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയതോടെ ബാബു ക്ഷീണം മറന്ന് കൈവീശി കാണിക്കുകയും ഒച്ചവയ്ക്കുകയും ചെയ്തു. അവശതയിലായിരുന്നതിനാല്‍ ബഹളമുണ്ടാക്കേണ്ട, ഉടന്‍ രക്ഷപ്പെടുത്താമെന്നായിരുന്നു രക്ഷാ പ്രവര്‍ത്തകരുടെ നിര്‍ദേശം.
ചെങ്കുത്തായ മലയിടുക്കിനിടയിലാണ് കഴിഞ്ഞ രണ്ട് ദിവസമായി മനസാന്നിധ്യവും ഒട്ടും ചോരാതെ രക്ഷകരെത്തുന്നതുവരെ ബാബു കാത്തിരുന്നത്. അവന്‍ ആരോഗ്യവാനായി ഇരിക്കുന്നുണ്ടെന്ന് കണ്ടത് രക്ഷാ പ്രവര്‍ത്തകര്‍ക്ക് ഒരേസമയം ആശ്വാസവും ആവേശവും നല്‍കി.
രക്ഷാ പ്രവര്‍ത്തകരെത്തിയാലും തളര്‍ച്ച ബാധിച്ച ബാബുവിന് ആരോഗ്യവാനായി അവര്‍ക്കൊപ്പം മലയിറങ്ങാനാവുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു. എന്നാല്‍ റോപ്പിന്റെ സഹായത്തോടെയെങ്കിലും രക്ഷാ പ്രവര്‍ത്തകര്‍ക്കൊപ്പം ചുവടുവെച്ചു തന്നെയാണ് ബാബുവും സുരക്ഷിത സ്ഥാനത്തെത്തിയത്. അസാധാരണമായ ആത്മവിശ്വാസമാണ് ബാബു പ്രകടിപ്പിക്കുന്നതെന്നാണ് രക്ഷാപ്രവര്‍ത്തകരും ദൗത്യത്തിന് സാക്ഷികളായവരും ഒന്നടങ്കം പറയുന്നത്.
സൈന്യം രക്ഷപ്പെടുത്തിയതിനു ശേഷം ബാബു സേനാംഗങ്ങളോടും മറ്റുള്ളവരോടും സംസാരിച്ചു. തന്നെ രക്ഷിച്ചവര്‍ക്ക് നന്ദി പറയുകയും സൈന്യത്തിന് ജയ് വിളിക്കുകയും ചെയ്തു. സേനാംഗങ്ങള്‍ക്ക് ഉമ്മ നല്‍കിയാണ് ബാബു നന്ദി പ്രകടിപ്പിച്ചത്. തളര്‍ച്ചയുണ്ടെങ്കിലും പേടിയൊന്നും പ്രകടിപ്പിക്കാതെ ആത്മ വിശ്വാസത്തോടെയാണ് ബാബു രക്ഷാപ്രവര്‍ത്തനത്തോട് സഹകരിച്ചതെന്ന് സൈനികരും പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.