തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന വിധിക്കെതിരെ വി എസ് അച്യുതാനന്ദന്‍ അപ്പീല്‍ നല്‍കി. ജില്ല പ്രിന്‍സിപ്പല്‍ കോടതിയിലാണ് അപ്പില്‍ നല്‍കിയത്. കോടതി വിധി യുക്തി സഹമല്ലെന്ന് വിഎസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കാതെയാണ് കോടതി ഉത്തരവെന്നും വി എസ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടികാട്ടിയിരുന്നു. ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടകേസില്‍ 10 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതിയാണ് ഉത്തരവിട്ടത്.
സോളാര്‍ അഴിമതിയില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്കിനെപറ്റി ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങള്‍ അപകീര്‍ത്തികരമാണെന്നു പറഞ്ഞാണ് നഷ്ടപരിഹാരത്തിന് ഉമ്മന്‍ചാണ്ടി കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ അഭിമുഖത്തിന്റെ രേഖകള്‍ ഒന്നും തന്നെ ഉമ്മന്‍ചാണ്ടി കോടതിയില്‍ ഹാജരാക്കുകയോ തെളിയിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ പങ്ക് തെളിയിക്കുന്ന, അദ്ദേഹം തന്നെ നിയമിച്ചിരുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും തുടര്‍ന്ന് ഗവണ്‍മെന്റ് റിപ്പോര്‍ട്ട് അംഗീകരിച്ചുകൊണ്ട് ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ എടുത്ത നടപടി റിപ്പോര്‍ട്ടും ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്മാര്‍ സാക്ഷിയായി വന്നു തെളിയിച്ചിട്ടുണ്ട്. ഈ വസ്തുതകള്‍ ഒന്നും പരിഗണിക്കാതെയാണ് സബ്‌കോടതി വിധിയെന്നാണ് വി എസ് അച്യുതാനന്ദന്റെ നിലപാട്.
അതേസമയം അപ്പീല്‍ കൊടുക്കാനുള്ള അവകാശം വി എസ് അച്യുതാതന്ദന് ഉണ്ടെന്നും തെറ്റ് ചെയ്യാത്തതിനാല്‍ തനിക്ക് പേടിയില്ലെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.