തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി പുതിയ നൂറുദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാന സര്‍ക്കാറിന്റെ പുതിയ നൂറുദിന പരിപാടിയിലുടെ 1557 പദ്ധതികള്‍ നടപ്പാക്കും. ഇതിനായി 17,183.89 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മെയ് 20ന് സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നത്. ഈ നൂറു ദിവസത്തിനുള്ളില്‍ 140 നിയമസഭാ മണ്ഡലങ്ങളില്‍ 100 കുടുംബങ്ങള്‍ക്ക് വീതവും 30,000 സര്‍ക്കാര്‍ ഓഫിസുകള്‍ക്കും കെ ഫോണ്‍ കണക്ഷന്‍ നല്‍കും.
ഗ്രാമ നഗരഭേദമന്യേ കേരളമൊന്നാകെ മികച്ച ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്റ്റിവിറ്റി ഒരുക്കുകയും ലക്ഷക്കണക്കിനു കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് സൗജന്യമായി നല്‍കുകയും ചെയ്യാന്‍ ലക്ഷ്യമിടുന്ന കെ ഫോണ്‍ പദ്ധതി അതിവേഗതയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മെയ് ഇരുപതിന് ഒരു വര്‍ഷം തികയുകയാണ്. ഈ ചുരുങ്ങിയ സമയത്തില്‍ നമ്മുടെ നാട് ഒട്ടേറെ പ്രയാസങ്ങിലൂടെ കടന്നു പോയി. കോവിഡിന്റെ രണ്ടും മൂന്നും തരംഗങ്ങള്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. സാധാരണ നിലയില്‍ നടക്കേണ്ട പല പ്രവര്‍ത്തനങ്ങളും ഇക്കാരണത്താല്‍ തടസപ്പെട്ടു.
എന്നാല്‍ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നേരിടാതെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു. അധികാരത്തില്‍ വന്ന് ആദ്യ നൂറ് ദിനത്തില്‍ പൂര്‍ത്തിയാക്കേണ്ട പദ്ധതികള്‍ നിശ്ചയിരുന്നു. ഇപ്പോള്‍ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി മറ്റൊരു നൂറ് ദിനപരിപാടി കൂടി പ്രഖ്യാപിക്കുന്നു. ഫെബ്രുവരി പത്തിനും മെയ് ഇരുപതിനും ഇടയിലായി പദ്ധതികള്‍ തീര്‍ക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാന പദ്ധതികള്‍:
രണ്ടാം നൂറ് ദിന പരിപാടിയില്‍ 1557 പദ്ധതികള്‍
4,64,714 തൊഴില്‍ അവസരങ്ങള്‍
ഉന്നത നിലവാരത്തില്‍ ഉള്ള 53 സ്‌കൂളുകള്‍ നാടിനു സമര്‍പ്പിക്കും
ലൈഫ് മിഷന്‍ വഴി 20000 വീടുകള്‍ നിര്‍മ്മിക്കും
സംസ്ഥാനമൊട്ടാകെ വാതില്‍പ്പടി സംവിധാനം കൊണ്ട് വരും
എല്ലാ ജില്ലയിലും സുഭിക്ഷ ഹോട്ടല്‍
15000 പേര്‍ക്ക് പട്ടയം നല്‍കും
ഭൂമിയില്‍ ഡിജിറ്റല്‍ സര്‍വേ തുടങ്ങും
ഞങ്ങളും കൃഷിയിലേക്ക് പദ്ധതി വഴി 10000 ഹെക്റ്ററില്‍ ജൈവ കൃഷി തുടങ്ങും
23 പുതിയ പോലീസ് സ്റ്റേഷനുകള്‍ക്ക് തറക്കല്ലിടും
കുട്ടനാട് പദ്ധതിയുടെ ഭാഗമായി വേമ്പനാട് കായലില്‍ ബണ്ടു നിര്‍മ്മാണം തുടങ്ങും
കിഫ്ബി വഴി ശബരിമല ഇടത്താവളങ്ങള്‍ നവീകരിക്കും
ഇടുക്കിയില്‍ എന്‍സിസി സഹായത്തോടെ എയര്‍ സ്ട്രിപ്പ് പദ്ധതി നടപ്പാക്കും
1500 റോഡുകളുടെ ഉദ്ഘാടനം നടത്തും
മത്സ്യ തൊഴിലാളികള്‍ക്കുള്ള 532 വീടുകളുടെ താക്കോല്‍ ദാനം നിര്‍വ്വഹിക്കും
കോഴിക്കോടും കൊല്ലത്തും മാലിന്യത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്യും
അതിഥി തൊഴിലാളികള്‍ക്ക് അടക്കം കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ കൊണ്ട് വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.