ന്യൂഡല്‍ഹി: തൊഴിലില്ലായ്മയും കടബാധ്യതയും മൂലം 2018-2020 കാലയളവില്‍ രാജ്യത്ത് 25,251പേര്‍ ജീവനൊടുക്കിയതായി കേന്ദ്ര സര്‍ക്കാര്‍. ഒന്നാം കോവിഡ് തരംഗമുണ്ടായ 2020ല്‍ രാജ്യത്ത് തൊഴിലില്ലായ്മയും കടബാധ്യതയും മൂലം 8,761 പേര്‍ ജീവനൊടുക്കി. മുന്നൊരുക്കമില്ലാതെ കേന്ദ്രം നടപ്പാക്കിയ ലോക്ഡൗണ്‍ കോവിഡിനെ പ്രതിരോധിക്കുന്നതിനേക്കാള്‍ സമ്പദ് വ്യവസ്ഥയേയും ജനങ്ങളുടെ ജീവിത മാര്‍ഗങ്ങളേയും തകര്‍ത്തുവെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് കേന്ദ്രം കണക്കുകള്‍ പുറത്തു വിട്ടത്.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് രാജ്യസഭയില്‍ നല്‍കിയ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ചാണ് നിത്യാനന്ദ റായിയുടെ മറുപടി. 2018-2020 കാലയളവില്‍ 9,140 പേര്‍ തൊഴിലില്ലായ്മ മൂലവും 16,091 പേര്‍ കടബാധ്യത മൂലവുമാണ് ആത്മഹത്യ ചെയ്തത്. 2020 ലാണ് രാജ്യത്ത് ഏറ്റവുമധികം തൊഴിലില്ലായ്മ രൂക്ഷമായത്.
3,548 പേരാണ് തൊഴിലില്ലായ്മ മൂലം 2020ല്‍ മാത്രം ജീവനൊടുക്കിയത്. കടബാധ്യത മൂലം 5,213 പേരും അതേ വര്‍ഷം ആത്മഹത്യ ചെയ്തു. തൊഴിലില്ലായ്മ മൂലം 2019 ല്‍ 2,851 പേരും, കടബാധ്യത മൂലം 5,908 പേരും ആത്മഹത്യ ചെയ്തു. തൊഴിലില്ലായ്മ മൂലം 2018ല്‍ 2,741 പേരും കടബാധ്യത മൂലം 4,970 പേരും ആത്മഹത്യ ചെയ്തു.
ഉത്തര്‍പ്രദേശില്‍ കടക്കെണിയിലായ വ്യാപാരി ഫെയ്‌സ്ബുക് ലൈവിലൂടെ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ബിജെപി പ്രതിരോധത്തിലായതിനു തൊട്ടുപിന്നാലെയാണ് 2018-2020 കാലയളവില്‍ ഉണ്ടായ ആത്മഹത്യകളെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വരുന്നത്. ബിജെപി അനുഭാവിയായ രാജീവ് തോമര്‍ എന്ന വ്യാപാരി ഭാര്യയോടൊപ്പമാണ് വിഷം കഴിച്ചത്. ഭാര്യ മരിച്ചു. രാജീവ് തോമര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ഞാന്‍ ദേശവിരുദ്ധനല്ല, പ്രധാനമന്ത്രി നിങ്ങള്‍ ചെറുകിട വ്യാപാരികളുടെയും കര്‍ഷകരുടെയും അഭ്യുദയകാംക്ഷിയല്ല. നിങ്ങള്‍ നയങ്ങള്‍ മാറ്റുക ഫെയ്‌സ്ബുക് ലൈവില്‍ തോമര്‍ പറഞ്ഞു.
രാജ്യത്ത് തൊഴില്ലില്ലായ്മ ഉയര്‍ന്നു വരുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും ഇത് ആദ്യമായാണ് ഇത്തരമൊരു കണക്ക് കേന്ദ്ര സര്‍ക്കാര്‍ സഭയില്‍ വയ്ക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.