പൊലീസിന്റെ വാക്ക് അറപ്പ് ഉളവാക്കുന്നതാകരുത്; മാറിയ കാലത്തിനൊപ്പം പൊലീസും മാറണമെന്ന് മുഖ്യമന്ത്രി

പൊലീസിന്റെ വാക്ക് അറപ്പ് ഉളവാക്കുന്നതാകരുത്; മാറിയ കാലത്തിനൊപ്പം പൊലീസും മാറണമെന്ന് മുഖ്യമന്ത്രി

തൃശൂര്‍: കാലം മാറി, ആ മാറ്റം പൊലീസ് ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനികമായ പരിശീലനം ലഭിച്ചെങ്കിലും പഴയതിന്റെ ചില തികട്ടലുകള്‍ അപൂര്‍വം ചിലരില്‍ ഉണ്ട്. അത് പൊതുവെ പൊലീസ് സേനയ്ക്ക് കളങ്കമുണ്ടാക്കുന്നു. ഇത് ഓരോരുത്തരും വ്യക്തിപരമായി തിരിച്ചറിയണം. പുതിയ എസ് ഐമാരുടെ പാസിങ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പൊലീസിന്റെ വാക്ക് കേട്ടാല്‍ അറപ്പ് ഉളവാക്കുന്നതാകരുത്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടാകുന്നത് കൊണ്ടാണ് തുടക്കത്തിലേ ഓര്‍മ്മിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ സാംസ്‌കാരിക ഉന്നമനത്തിന് അനുസരിച്ചുള്ള സേനയാണ് ആവശ്യം. പൊലീസ് ഒരു പ്രഫഷണല്‍ സംവിധാനമായി മാറണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
പൊലീസിന് നല്‍കുന്ന പരിശീലനം ശരിയായ നിലയിലല്ലെങ്കില്‍ സമൂഹത്തിന് അത് വിനയാകും.

പഴയ കാലത്ത് പൊലീസിനെ ഉപയോഗിച്ചിരുന്നത് അടിച്ചമര്‍ത്താന്‍ ആയിരുന്നു. ആ കാലം മാറിയെങ്കിലും പൊലീസ് സേനയില്‍ വലിയ മാറ്റം ഉണ്ടായില്ല. സാധാരണ സമ്പ്രദായങ്ങളില്‍ നിന്ന് പാസിംഗ് ഔട്ട് പരേഡില്‍ മാറ്റം വരുത്തണം. ഉത്തരവാദപ്പെട്ടവര്‍ അത് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാലം മാറിയപ്പോള്‍ കേരളത്തില്‍ വലിയ മാറ്റങ്ങള്‍ വന്നു. 1957ലെ ഇ എം എസ് സര്‍ക്കാരാണ് അത് വരെയുണ്ടായിരുന്ന പൊലീസ് സമ്പ്രാദയങ്ങളെ മാറ്റിയത്. പൊലീസിന്റെ പുതിയ മുഖം വെളിവാക്കപ്പെട്ട കാലം കൂടിയാണ് ഇത്. ജനങ്ങളെ ആപത് ഘട്ടത്തില്‍ രക്ഷിക്കുന്നവരായി പൊലീസ് മാറി.
പ്രളയം, കോവിഡ് തുടങ്ങിയ ഘട്ടങ്ങളിലെല്ലാം പൊലീസിന്റെ ജനാഭിമുഖ്യമായ മുഖം കണ്ടു. ഇതിന് ഉതകുന്ന മാറ്റങ്ങള്‍ പരിശീലനത്തിലും ഉണ്ടാക്കാന്‍ കഴിയുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.