ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട യു.കെ പൗരന്മാരുടെ മൃതദേഹാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കണമെന്ന് ബ്രിട്ടീഷ് എം.പി

ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട യു.കെ പൗരന്മാരുടെ മൃതദേഹാവശിഷ്ടങ്ങൾ നാട്ടിലെത്തിക്കണമെന്ന് ബ്രിട്ടീഷ് എം.പി

ലണ്ടന്‍: ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ട മൂന്ന് യു.കെ പൗരന്മാരുടെ മൃതദേഹാവശിഷ്ടങ്ങൾ തിരികെ എത്തിക്കണമെന്നു ബ്രിട്ടീഷ് എം.പി. ഗുജറാത്ത് കലാപത്തിന്റെ 20-ാം വാര്‍ഷികത്തിലാണ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എം.പി. വിഷയം ഉന്നയിച്ചത്. ലേബര്‍ പാര്‍ട്ടി എം.പി കിം ലീഡ്ബീറ്ററാണ് കലാപത്തിന്റെ ഇരകളില്‍ ഉള്‍പ്പെട്ട ബ്രിട്ടീഷ് പൗരന്മാരുടെ മൃതദേഹാവശിഷ്ടങ്ങൾ ബ്രിട്ടനിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടത്. മൃതദേഹങ്ങള്‍ ബ്രിട്ടനിലെത്തിക്കാന്‍ എടുക്കുന്ന ഏതു നടപടികള്‍ക്കും ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് വിദേശകാര്യ മന്ത്രി ആമാന്ദ മില്ലിംഗ് പറഞ്ഞു.

2002 ഫെബ്രുവരി 28-ന് നടന്ന ഗുജറാത്ത് കലാപത്തില്‍ എങ്ങനെ ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടു എന്നത് യു.കെ ഭരണകൂടം അന്വേഷിക്കണമെന്നും കിം ആവശ്യപ്പെട്ടു. ഇന്ത്യയില്‍ വിനോദസഞ്ചാരത്തിന്റെ ഭാഗമായി യാത്രചെയ്യുന്നതിനിടെയാണ് ബ്രിട്ടീഷ് പൗരന്മാരുടെ വാഹനം ആക്രമിക്കപ്പെട്ടത്. ഡ്രൈവറടക്കം മൂന്ന് പേരാണ് ആക്രമത്തില്‍ കൊല്ലപ്പെട്ടത്.

20 വര്‍ഷം മുമ്പ് ഇന്ത്യയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട ബ്രിട്ടന്റെ ആശങ്ക ഗൗരവപൂര്‍വ്വം പരിഗണിക്കുമെന്ന് ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ അറിയിച്ചു. അതേസമയം, മൃതദേഹങ്ങള്‍ കൈമാറണമെന്ന ആവശ്യവുമായി ഇരകളുടെ കുടുംബങ്ങള്‍ സമീപിച്ചിട്ടില്ലെന്നും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വ്യക്തമാക്കി.

എന്നാല്‍ ഇതുവരെ ഔദ്യോഗികമായി വിവരങ്ങളൊന്നും ബ്രിട്ടന്റെ ഭാഗത്തുനിന്നോ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ഭാഗത്തു നിന്നോ ലഭിച്ചിട്ടില്ലെന്നും ഹൈക്കമ്മിഷന്‍ വിശ്വേഷ് നേഗി അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.