ക്രിപ്‌റ്റോകറന്‍സികള്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

ക്രിപ്‌റ്റോകറന്‍സികള്‍ ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍

മുംബൈ: ക്രിപ്‌റ്റോകറന്‍സികള്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയ്ക്കു വലിയ ഭീഷണിയാണെന്ന് റിസര്‍വ് ബാങ്ക ഗവര്‍ണര്‍ ശക്തികാന്ത ദാസ്.

ക്രിപ്‌റ്റോകറന്‍സികളെ സംബന്ധിച്ച് ആര്‍ബിഐ നിലപാട് വളരെ വ്യക്തമാണ്. അവ സാമ്പത്തിക സ്ഥിരതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ആര്‍ബിഐയുടെ കഴിവിനെ ദുര്‍ബലപ്പെടുത്തും. നിക്ഷേപകരോട് പറയേണ്ടത് തന്റെ കടമയാണെന്ന് കരുതുന്നു. സ്വന്തം ഉത്തരവാദിത്തത്തിലാണു ക്രിപ്‌റ്റോകറന്‍സികളില്‍ നിക്ഷേപിക്കുന്നതെന്നു നിക്ഷേപകര്‍ ഓര്‍ക്കണം. ഈ ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ആസ്തി ഇല്ലെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അവതരിപ്പിക്കുന്നതില്‍ ആര്‍ബിഐ കരുതലോടെയാണ് നീങ്ങുന്നത്. സിബിഡിസിയുടെ കാര്യത്തില്‍ ഒരു സമയപരിധി നല്‍കാന്‍ കഴിയില്ല. എന്നാല്‍, ചെയ്യുന്നതെന്തും വളരെ ശ്രദ്ധയോടെയും ജാഗ്രതയോടെയുമാണെന്നാണ് പറയാന്‍ കഴിയുന്നത്. സൈബര്‍ സുരക്ഷയും കള്ളപ്പണവും പോലുള്ള അപകട സാധ്യതകള്‍ കണക്കിലെടുക്കണം. അതിനാല്‍ ജാഗ്രതയോടെയാണു മുന്നോട്ടുപോകുന്നതെന്നും ശക്തികാന്ത ദാസ് പറഞ്ഞു.

രാജ്യത്ത് ഈ വര്‍ഷം ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്നു ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പറഞ്ഞിരുന്നു. ബ്ലോക്ക് ചെയിന്‍, മറ്റ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള ഡിജിറ്റല്‍ കറന്‍സികളാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കുക.

ആര്‍ബിഐ പുറത്തിറക്കുന്ന ഡിജിറ്റല്‍ കറന്‍സിക്ക് നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും 30 ശതമാനം നികുതി ചുമത്തുക ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ചു നേടുന്ന ആസ്തികള്‍ക്കാണെന്നും മന്ത്രി പിന്നീട് വ്യക്തമാക്കിയിരുന്നു. ക്രിപ്‌റ്റോ ഇടപാടുകളിലെ പണമിടപാട് കേന്ദ്രം നിരീക്ഷിച്ചു വരികയാണെന്നും ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ചുള്ള എല്ലാ ഇടപാടുകള്‍ക്കും ഒരു ശതമാനം ടിഡിഎസ് ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ബിറ്റ്‌കോയിന്‍, ഈഥര്‍ തുടങ്ങിയ സ്വകാര്യ ക്രിപ്‌റ്റോകറന്‍സികള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം, നികുതി വെട്ടിപ്പ് തുടങ്ങിയവ നടക്കുന്നുവെന്ന് ആര്‍ബിഐ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.