അനുദിന വിശുദ്ധര്‍ - ഫെബ്രുവരി 11
ലോകത്തിലെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഫ്രാന്‍സിന്റെ തെക്കുവശത്ത് സ്‌പെയിനിന്റെ അതിര്‍ത്തിയോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ലൂര്‍ദ്ദ് പട്ടണത്തിന്റെ പ്രാന്ത പ്രദേശത്തുള്ള മസാബിയെല്ലെ. ഇവിടെയാണ് ബര്‍ണദീത്താ സുബേരൂസ് എന്നു പേരുള്ള പതിനാലുകാരി പെണ്‍കുട്ടിക്ക് 1858 ഫെബ്രുവരി 11 മുതല്‍ ജൂലൈ 16 വരെ പതിനെട്ടു പ്രാവശ്യം പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടത്.
1858 ഫെബ്രുവരി 11 ന് സഹോദരിയോടും സുഹൃത്തിനോടുമൊപ്പം വിറകു പെറുക്കാന്‍ പോയപ്പോഴാണ് അമ്മ ആദ്യമായി അവള്‍ക്ക് പ്രത്യക്ഷപ്പെട്ടത്. നീലക്കരയുള്ള വെള്ളവസ്ത്രം ധരിച്ച പരിശുദ്ധ അമ്മയുടെ കൈകളില്‍ ജപമാല ഉണ്ടായിരുന്നു.
പരിശുദ്ധ അമ്മയുടെ ആദ്യ ദര്‍ശനം ലഭിച്ചപ്പോള്‍ ബര്‍ണദീത്ത കുരിശു വരയ്ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തന്നോടൊപ്പം ജപമാല ചൊല്ലാന്‍ പറഞ്ഞതിനുശേഷം മാതാവ് അപ്രത്യക്ഷയായപ്പോള്‍ ബര്‍ണദീത്ത ആ കാര്യം രഹസ്യമായി വയ്ക്കാന്‍ ആഗ്രഹിച്ചു. എന്നാല്‍ അവളുടെ സഹോദരി സംഭവിച്ചതെല്ലാം വീട്ടില്‍ ചെന്നു പറഞ്ഞു. മാതാപിതാക്കള്‍ അതു വിശ്വസിച്ചില്ല എന്നു മാത്രമല്ല അതിന്റെ പേരില്‍ ബെര്‍ണദീത്തയ്ക്ക് അടികൊള്ളുകയും ചെയ്തു.
രണ്ടാമത്തെ ദര്‍ശനം ഫെബ്രുവരി 14 നായിരുന്നു. തനിക്കു പ്രത്യക്ഷപ്പെട്ടത് മാതാവുതന്നെയാണോ അതോ പിശാചു തന്നെ കബളിപ്പിക്കുകയാണോ എന്നുറപ്പുവരുത്താനായി അന്ന് അവള്‍ ഹന്നാന്‍ വെള്ളവും കൈയില്‍ കരുതിയിരുന്നു. ഹന്നാന്‍ വെള്ളം തളിച്ചപ്പോള്‍ പുഞ്ചിരി തൂകിക്കൊണ്ടുനിന്ന അമ്മയുടെ രൂപം ദര്‍ശനം സത്യമാണെന്ന് അവളെ ബോധ്യപ്പെടുത്തി.
ആദ്യത്തെ ഏഴു ദര്‍ശനങ്ങളിലും ബെര്‍ണദീത്തയുടെ മുഖം പ്രസന്നവും സന്തോഷ പൂര്‍ണവുമായി മറ്റുള്ളവര്‍ക്ക് കാണപ്പെട്ടുവെങ്കില്‍ തുടര്‍ന്നുള്ള പല ദര്‍ശനങ്ങളിലും അവളുടെ മുഖഭാവം വ്യത്യസ്തമായിരുന്നു എന്നു മാത്രമല്ല അപ്പോള്‍ അവള്‍ ചെയ്ത പല കാര്യങ്ങളും മറ്റുള്ളവര്‍ക്ക് അന്ന് ഉള്‍ക്കൊള്ളാന്‍ കഴിയുന്നവയായിരുന്നില്ല.
പലപ്പോഴും അവള്‍ മാതാവ് പ്രത്യക്ഷപ്പെട്ട ഗുഹാമുഖത്തിന്റെ പിന്‍വശത്തേയ്ക്കു മുട്ടിലിഴഞ്ഞു പോകുകയും കയ്പുള്ള സസ്യങ്ങളുടെ ഇലകള്‍ പറിച്ചു തിന്നുകയും ചെളി നിറഞ്ഞ നിലം ചുംബിക്കുകയും തന്റെ മുഖത്തു ചെളി വാരിത്തേയ്ക്കുകയും ചെയ്തിരുന്നു. ബര്‍ണദീത്ത എന്തുകൊണ്ട് അങ്ങനെയൊക്കെ ചെയ്തു എന്നു മനസിലാക്കണമെങ്കില്‍ ലൂര്‍ദ്ദിലെ സന്ദേശത്തിന്റെ സാരാംശം എന്തായിരുന്നു എന്നു ചിന്തിച്ചാല്‍ മതി. ബര്‍ണദീത്തയോടു മാതാവ് എന്താണു പറഞ്ഞതെന്നു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ മറുപടി ഇപ്രകാരമായിരുന്നു: 'പരിഹാരം ചെയ്യുക, പാപികള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക'.
പാപികളുടെ മാനസാന്തരത്തിനായി പ്രാര്‍ത്ഥനയും പരിഹാരവും ചെയ്യണമെന്ന ആഹ്വാനം പല തവണ ആവര്‍ത്തിച്ച അമ്മ ഈ ലോകത്തില്‍ ബര്‍ണദീത്തയ്ക്കു സന്തോഷം ലഭിച്ചില്ലെങ്കിലും വരാനിരിക്കുന്ന ലോകത്തില്‍ അവള്‍ ആനന്ദിക്കും എന്ന ഉറപ്പും നല്‍കി.
ഫെബ്രുവരി 24 ന് പരിശുദ്ധ മറിയം ഒന്‍പതാം പ്രാവശ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍ താന്‍ നില്‍ക്കുന്നതിനടുത്ത് ഒരു സ്ഥലം ചൂണ്ടിക്കാട്ടി അവിടെ കൈ കൊണ്ട് കുഴിക്കാനും അവിടെ നിന്നു വരുന്ന വെള്ളം കുടിക്കാനും അമ്മ ബര്‍ണദീത്തയോട് പറഞ്ഞു.
ബെര്‍ണദീത്ത ആ നിര്‍ദേശം അതേപടി അനുസരിച്ചപ്പോള്‍ അവിടെ ഒരു നീരുറവ തെളിഞ്ഞു വന്നു. തുടക്കത്തില്‍ കലങ്ങിയ വെള്ളം ആണ് വന്നിരുന്നതെങ്കിലും പതുക്കെപ്പതുക്കെ അതു തെളിഞ്ഞു വന്നു. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ആ നീരുറവ വറ്റിയിട്ടില്ല എന്നു മാത്രമല്ല ആ ജലത്തിന് അസാധാരണമായ സൗഖ്യ ശക്തിയുള്ളതായി കോടിക്കണക്കിനാളുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
സഭ ഈ പ്രത്യക്ഷീകരണത്തിന്റെ കാര്യത്തില്‍ തുടക്കത്തില്‍ വലിയ താല്‍പര്യമൊന്നും കാണിച്ചില്ല. എന്നാല്‍ ലൂര്‍ദ്ദിലെ മേയര്‍ക്ക് ഈ വാര്‍ത്ത സന്തോഷകരമായിരുന്നു. രോഗ സൗഖ്യം നല്‍കാന്‍ കഴിവുള്ള ഒരു നീരുറവ തന്റെ അധീനതയിലുള്ള പട്ടണത്തിന്റെ ടൂറിസം സാധ്യതകളെ സഹായിക്കും എന്ന വിശ്വാസത്തില്‍ ആ മനുഷ്യന്‍ ലൂര്‍ദ്ദിലെ വെള്ളത്തെ ശാസ്ത്രീയ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിയിരുന്നു.
എന്നാല്‍ ഉന്നത സര്‍ക്കാര്‍ അധികാരികള്‍ ഈ പ്രത്യക്ഷീകരണത്തെ എതിര്‍ക്കുകയും മാതാവ് പ്രത്യക്ഷപ്പെട്ട ഗ്രോട്ടോയിലേക്കുള്ള പ്രവേശനം നിരോധിക്കുകയും ചെയ്തു. എങ്കിലും അനേകം വിശ്വാസികള്‍ ലൂര്‍ദ്ദിലേക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു. അവരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നെപ്പോളിയന്‍ മൂന്നാമന്‍ ചക്രവര്‍ത്തി ലൂര്‍ദ്ദ് വീണ്ടും ജനങ്ങള്‍ക്കായി തുറന്നു കൊടുത്തു.
മാര്‍ച്ച് 25ന് മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തില്‍ പരിശുദ്ധ മറിയം തന്റെ നാമം വെളിപ്പെടുത്തിക്കൊണ്ട് ഇപ്രകാരം പറഞ്ഞു: ''ഞാന്‍ അമലോത്ഭവയാണ്.'' 1854 ഡിസംബര്‍ എട്ടിന് ഒന്‍പതാം പീയൂസ് മാര്‍പാപ്പ
'അവര്‍ണ്ണനീയമായ ദൈവം' (Ineffabilis Deus) എന്ന തിരുവെഴുത്തു വഴി ദൈവമാതാവിന്റെ അമലോത്ഭവ സത്യം വിശ്വാസ സത്യമായി പ്രഖ്യാപിച്ചതിന്റെ സ്ഥിരീകരണമായിരുന്നു ഇത്.
1862 ല്‍ സഭാധികാരികള്‍ ലൂര്‍ദ്ദിലെ പ്രത്യക്ഷീകരണങ്ങളെ ഔദ്യോഗികമായി അംഗീകരിച്ചു. 1907 ല്‍ വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പയുടെ കല്‍പനയെ തുടര്‍ന്ന് ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ ആഗോള സഭയില്‍ ആഘോഷിക്കാന്‍ തുടങ്ങി. എല്ലാ വര്‍ഷവും ഫെബ്രുവരി പതിനൊന്നാം തിയതി ലൂര്‍ദ്ദ് മാതാവിന്റെ തിരുനാള്‍ തിരുസഭയില്‍ ആലോഷിക്കുന്നു.
1866 ജൂലൈയില്‍ ബര്‍ണദീത്ത ഉപവിയുടെ സന്യാസ സഭയില്‍ ചേരുകയും സിസ്റ്റര്‍ മരിയ ബര്‍ണദെത്ത് എന്ന പേര് സ്വീകരിക്കുകയും ചെയ്തു. മുപ്പത്തിയഞ്ചാം വയസില്‍ 1879 ഏപ്രില്‍ പതിനാറിന് പരിശുദ്ധ മാതാവ് വാഗ്ദാനം ചെയ്ത നിത്യസമ്മാനം സ്വന്തമാക്കാനായി ഫ്രാന്‍സിലെ നെവേഴ്സില്‍ വച്ച് അവള്‍ ദൈവ സന്നിധിയിലേക്ക് യാത്രയായി. ഇന്നും വിശുദ്ധ ബര്‍ണദീത്തയുടെ ശരീരം അഴുകാതെയിരിക്കുന്നു. 1933 ഡിസംബര്‍ എട്ടിനാണ് പതിനൊന്നാം പീയുസ് മാര്‍പാപ്പ ബര്‍ണദീത്തയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തിയത്.
അമ്പത്തൊന്ന് ഹെക്ടര്‍ വിസ്തൃതിയില്‍ വിശാലമായി കിടക്കുന്ന 'സാങ്ക്ച്യുറി ഓഫ് ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ്‌സ്' 22 പ്രത്യേക ആരാധനാലയങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സമുച്ചയമാണ്. ഈ തീര്‍ത്ഥാടന കേന്ദ്രത്തിലെ ഏറ്റവും പവിത്രമായ സ്ഥലമായി കരുതുന്ന സ്ഥലം പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടു എന്നു വിശ്വസിക്കുന്ന ഗ്രോട്ടോ ഓഫ് മസാബിയെല്ലെ (Grotto of Massabielle) ആണ്. മസാബിയെല്ലെ എന്ന വാക്കിന്റെ അര്‍ത്ഥം പഴയ പാറ എന്നാണ്. ഒരു കോടിയിലധികം വിശ്വാസികള്‍ ഓരോ വര്‍ഷവും ഈ ആഗോള മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തുന്നുണ്ട്.
കേരളത്തില്‍ ലൂര്‍ദ്ദ് മാതാവിന്റെ പേരിലുള്ള അനേകം ദേവാലയങ്ങളുണ്ട്. തൃശൂരിലെ ലൂര്‍ദ്ദ് മാതാ കത്തീഡ്രല്‍, വയനാട് പള്ളിക്കുന്നിലുള്ള ലൂര്‍ദ്ദ് മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം എന്നിവ പ്രസിദ്ധമാണ്.
ഇന്നത്തെ ഇതര വിശുദ്ധര്‍
1. ഇംഗ്ലണ്ടിലെ ചേഡ്മണ്‍
2. ജര്‍മ്മനിയിലെ ബെനഡിക്ട്
3. റവെന്നാ ബിഷപ്പായ കലോച്ചെരുസ്
4. ജര്‍മ്മനിയിലെ അഡോള്‍ഫസ് ബെനാസിസ്റ്റ്.
'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26