കോഴിക്കോട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന്‍ അന്തരിച്ചു. 78 വയസായിരുന്നു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാത്രി 10.30 ഓടെയായിരുന്നു അന്ത്യം. കേരളത്തില്‍ വ്യാപാരികളുടെ അവകാശപ്പോരാട്ടങ്ങള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയ നേതാവാണ് ടി നസിറുദ്ദീന്‍.
1991 മുതല്‍ സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ്. ഭാരത് വ്യാപാരസമിതി അംഗം, വാറ്റ് ഇംപ്ലിമെന്റേഷന്‍ കമ്മിറ്റി മെമ്പര്‍, വ്യാപാരി ക്ഷേമ നിധി വൈസ് ചെയര്‍മാന്‍, കേരള മര്‍ക്കന്റയില്‍ ബാങ്ക് ചെയര്‍മാന്‍, ഷോപ് ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ക്ഷേമ നിധി ബോര്‍ഡ് മെമ്പര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1944 ഡിസംബര്‍ 25ന് കോഴിക്കോട് കൂടാരപ്പുരയില്‍ ടി കെ മുഹമ്മദിന്റേയും അസ്മാബിയുടെയും ആറാമത്തെ മകനായി ജനിച്ചു. ഹിദായത്തുല്‍ ഇസ്ലാം എല്‍പി സ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠനം കഴിഞ്ഞ് വ്യാപാര മേഖലയിലേക്ക് കടന്നു. മിഠായിത്തെരുവിലെ ബ്യൂട്ടി സ്റ്റോഴ്‌സ് ഉടമയായിരുന്നു.
1980ല്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജനറല്‍ സെക്രട്ടറിയായാണ് സംഘടന പ്രവര്‍ത്തനത്തിനു തുടക്കം. 1984ല്‍ വ്യവസായി ഏകോപന സമിതിയുടെ ജില്ല പ്രസിഡന്റ് ആയി. 1985ല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി.
ഭാര്യ: ജുവൈരിയ (ഏകോപന സമിതി വനിതാ വിങ് സ്ഥാപക പ്രസിഡന്റ്). മക്കള്‍: മന്‍സൂര്‍, എന്‍മോസ്, അഷ്‌റ, അയ്‌ന. മരുമക്കള്‍: ആസിഫ്, നിസാമുദ്ധീന്‍, ലവ്‌സീന, റോഷ്‌ന. ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് കണ്ണംപറമ്പ് ഖബറിസ്ഥാനില്‍. ടി നസിറുദ്ദീനോടുള്ള ആദരസൂചകമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി കടകള്‍ അടച്ചിടുമെന്ന് ഏകോപന സമിതി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.