കര്‍ണാടകയിലെ ഹിജാബ് നിരോധനം; ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി പാകിസ്ഥാന്‍

കര്‍ണാടകയിലെ ഹിജാബ് നിരോധനം; ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചു വരുത്തി പാകിസ്ഥാന്‍

ന്യുഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് നിരോധനം വിവാദമായതിന് പിന്നാലെ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍. ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ച് ഇന്ന് വാദം കേള്‍ക്കാനിരിക്കെയാണ് ഇന്ത്യന്‍ സ്ഥാനപതിയെ പാകിസ്ഥാന്‍ വിളിച്ച് വരുത്തിയത്. വിദേശകാര്യ മന്ത്രാലയത്തിലെത്തിയ സ്ഥാനപതി കര്‍ണ്ണാടകയിലെ സ്ഥിതിവിശേഷങ്ങള്‍ പാക് സര്‍ക്കാര്‍ പ്രതിനിധികളുമായി പങ്കുവച്ചു.

ഇന്ത്യയില്‍ മുസ്ലീകള്‍ക്കെതിരായി നടക്കുന്ന മതപരമായ അസഹിഷ്ണുതയിലും വിവേചനത്തിലുമുള്ള ആശങ്ക ഇന്ത്യന്‍ നയതന്ത്രജ്ഞനെ അറിയിച്ചതായി പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കര്‍ണ്ണാടകയില്‍ ഹിജാബിന്റെ പേരില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമം ഇന്ത്യന്‍ ഗവണ്‍മെന്റ് തടയണമെന്നും മുസ്ലീം സ്ത്രീകളുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കാന്‍ മതിയായ നടപടികള്‍ കൈക്കൊള്ളണമെന്നും വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി ചീഫ് ജസ്റ്റിസ് റിതു രാജ് അശ്വതി അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുന്നത്. മതവിശ്വാസത്തിന്റെ ഭാഗമാണെന്നും ഹിജാബ് നിരോധനം മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹര്‍ജിക്കാരുടെ വാദം. കര്‍ണാടകയിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥിനികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശിവമൊഗയിലും ദാവന്‍കരയിലും നിരോധനാജ്ഞ തുടരുകയാണ്. ബെംഗ്‌ളൂരുവിലും രണ്ടാഴ്ചത്തേക്ക് പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇന്നലെ ശിവമൊഗ സര്‍ക്കാര്‍ കോളേജില്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയ കാവികൊടി കോണ്‍ഗ്രസ് അഴിച്ചുമാറ്റി, പകരം ദേശീയ പതാക ഉയര്‍ത്തിയിരുന്നു. സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസും ക്യാമ്പസ് ഫ്രണ്ടുമെന്നുമാണ് കര്‍ണാടക സര്‍ക്കാരിന്റെ ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.